ഡോ.സി.എം.ജോയി
ഭാരതത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഏഴു സഹോദരിമാര്‍ എന്നാണ് വിളിക്കുന്നത്. അവ മിക്കവാറും പരസ്പരം അതിര്‍ത്തികള്‍ പങ്കിടുന്നവയുമാണ്. അരുണാചല്‍ പ്രദേശം, ആസാം, മേഘാലയ, മണിപ്പൂര്‍, മിസോറാം, നാഗാലന്‍ഡ്, ത്രിപുര എന്നിവയാണവ. ലോകത്തിലെ ഏക ഒഴുകുന്ന ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് മണിപ്പൂര്‍. ഇതിന് വെറും നാല്‍പ്പത് ച.കി. മീ വിസ്തീര്‍ണമാണുള്ളത്.
മണിപ്പൂര്‍ സംസ്ഥാനം മിക്കവാറും ഗോത്ര ലഹളകളാല്‍ കലുഷിതമാണുതാനും. സംസ്ഥാനത്തെ 34 ഗോത്ര വര്‍ഗ്ഗക്കാരില്‍ ജനസാന്ദ്രതയില്‍ മുന്നില്‍ മെയ്ത്തി വിഭാഗക്കാരായിരുന്നു. ആകെ ജനസംഖ്യയില്‍ 1951 വരെ 59 ശതമാനമായിരുന്ന മെയ്ത്തികള്‍ 2011 ലെ സെന്‍സസില്‍ 49 ശതമാനമായി കുറഞ്ഞു. 1949 വരെ പട്ടികവര്‍ഗക്കാരായിരുന്ന മെയ്ത്തികളെ 1951ലെ ഗസറ്റ് വിജ്ഞാപന പ്രകാരം പട്ടികവര്‍ഗ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇത് പഴയ ആസ്സാം പ്രിമിയര്‍ ഗോപിനാഥ് ഭര്‍ഡോലോയ്, ജെജെഎം നിക്കോളായ് റോയ് എന്നിവര്‍ കേന്ദ്ര സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. 1891, 1901, 1931 വര്‍ഷങ്ങളിലെ സെന്‍സസ് റെക്കോര്‍ഡുകളില്‍ മെയ്ത്തികള്‍ പട്ടിക വര്‍ഗ്ഗക്കാരായിരുന്നു. മെയ്ത്തികളെ പട്ടിക വര്‍ഗ പട്ടികയില്‍ നിന്നും ഒഴിവാക്കിയത് ജനങ്ങളോ, മണിപ്പൂര്‍ സര്‍ക്കാരോ, കേന്ദ്ര സര്‍ക്കാരിന്റെ പട്ടികവര്‍ഗ മന്ത്രാലയമോ അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. പട്ടികവര്‍ഗ പട്ടികയില്‍ നിന്നും പുറത്തായത്തോടെ മെയ്ത്തികള്‍ക്ക് മലമുകളിലെ സ്ഥലം വാങ്ങാനുള്ള അവകാശം നഷ്ടമായി.
മണിപ്പൂര്‍ സംസ്ഥാനത്തിന്റെ തൊണ്ണൂറ് ശതമാനവും കുന്നുകളും മലകളുമാണ്. അതുകൊണ്ട് മെയ്ത്തികള്‍ക്ക് സംസ്ഥാനത്തിന്റെ വെറും പത്തുശതമാനം ഭൂമിയില്‍, അതായതു ഇംഫാലിന്റെ താഴ്വരയില് മാത്രമായി ഒതുങ്ങേണ്ടിവന്നു. പട്ടികവര്‍ഗ്ഗക്കാരല്ലാതായതോടെ വിഭവശേഷിയും, ഭൂമിയും, സര്‍ക്കാര്‍ ജോലികളും, നികുതി ആനുകൂല്യങ്ങളും, തൊഴില്‍ സംവരണങ്ങളും, സംസ്കാരവും, വിദ്യാഭ്യാസ ആനുകൂല്യങ്ങളും മെയ്ത്തികള്‍ക്ക് നഷ്ടമായി. സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളെപോലെ കഴിയേണ്ടിവന്ന അവസ്ഥയിലായി മെയ്ത്തികള്‍. പട്ടികവര്‍ഗ ലിസ്റ്റില്‍ കടന്നുകൂടേണ്ടത് മെയ്ത്തികളുടെ നിലനില്‍പ്പിന്റെ പ്രശ്നമായി മാറി. മെയ്ത്തികളെ പട്ടിക വര്‍ഗ്ഗ പട്ടികയില്‍ പെടുത്തുന്നതില്‍ കുക്കികള്‍ എന്നും എതിര്‍ത്തു പോന്നു. കാരണം മെയ്ത്തികളുടെ അഭാവത്തില്‍ ഭൂമിയുടെയും വിഭവങ്ങളുടെയും, സര്‍ക്കാര്‍ സ്ഥാനങ്ങളുടെയും, സംവരണത്തിന്റയും മറ്റും മൊത്ത ഗുണഭോക്താക്കള്‍ കുക്കികളാണ്. മണിപ്പൂരിലെ കലാപങ്ങളില്‍ എന്നും കുക്കികള്‍ ഒരു ചേരിയില്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ നാലു പതിറ്റാണ്ടിലെ സംഘര്‍ഷങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ കുക്കികള്‍ മിക്കവാറും ലഹളകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 1992-1997 കുക്കി-നാഗാ സംഘര്‍ഷം, 1993-2010 കുക്കി-നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് സംഘര്‍ഷം, 1997-1998 കുക്കി-സോമി സംഘര്‍ഷം, 1997-2005 കുക്കി ലാന്‍ഡിന് വേണ്ടിയുള്ള സമരം, 2003-2004 കുക്കി-കാര്‍ബി സംഘര്‍ഷം, 2008-2018 കുക്കി-ഗാരോ സംഘര്‍ഷം, 2015-2018 കുക്കി-സുഡ്ഗാ സെയ്പുങ് സംഘര്‍ഷം, 2023കുക്കി-മെയ്ത്തി ഇപ്പോഴത്തെ സംഘര്‍ഷം. മെയ്ത്തികള്‍ പട്ടികവര്‍ഗ പട്ടികയില്‍ നിന്നും പുറത്തായതോടെ അവര്‍ നിയമപോരാട്ടത്തിലായി. കുക്കികള്‍ എപ്പോഴും മെയ്ത്തികളെ പട്ടികവര്‍ഗ പട്ടികയില്‍പെടുത്തുന്നതിനെ എതിര്‍ത്തുകൊണ്ടിരുന്നു. 2023 ഏപ്രില്‍ മാസം 20ന് മണിപ്പൂര്‍ ഹൈക്കോടതി സര്‍ക്കാരിനോട് മെയ്ത്തി വിഭാഗത്തെ പട്ടിക വര്‍ഗ്ഗക്കാരായി കണക്കാക്കുന്നതിനുള്ള നിര്‍ദേശം നല്കി ഉത്തരവായി. ഈ ഉത്തരവിന് മുമ്പായി അതായത് മറ്റൊരു കേസില്‍ 2023 ഏപ്രില്‍ നാലിനു അനധികൃതമായി പൊതു ഇടങ്ങളിലും കൈയേറ്റ ഭൂമിയിലും പണിതീര്‍ത്തിട്ടുള്ള നിര്‍മിതികള്‍ പൊളിച്ചു മാറ്റുവാന്‍ മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവായിരുന്നു. ഈ രണ്ട് കാര്യങ്ങളിലും കുക്കി വിഭാഗം ക്ഷുഭിതരായിരുന്നു.
ഇതൊടനുബന്ധിച്ചു 2023 മെയ് 3ന് ഓള് ട്രൈബല്‍സ്റ്റുഡന്റ് യൂണിയന് മണിപ്പൂര്‍ ഒരു സമാധാന റാലി നടത്തുവാന്‍ തീരുമാനിച്ചു. മണിപ്പൂര്‍ ട്രൈബല്‍ ചര്‍ച്ച്ലീഡേഴ്സ് ഫോറം ഈ റാലിക്കു പിന്തുണ പ്രഖ്യാപിച്ചു പത്രക്കുറിപ്പിറക്കി. റാലി തുടങ്ങി അധികം വൈകാതെ മെയ്ത്തികളുടെ വീടുകളും, പത്തോളം അമ്പലങ്ങളും, പള്ളികളും ആക്രമിക്കപ്പെട്ടു. റാലി മെയ്ത്തികളെ ലക്ഷ്യമാക്കിയായിരുന്നു എന്നത് വൈകാതെ മനസിലായി. അക്രമങ്ങള്‍ ടെങ്ങനൗപാല്‍, കണ്‍ഗ്പോകെപി, ചുരചന്ദ്പുര്‍ എന്നീ ജില്ലകളെ കേന്ദ്രീകരിച്ചായിരുന്നു നടന്നത്. ആക്രമികള്‍ ആയുധങ്ങളാല്‍ സുസജ്ജമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ രാജ്യദ്രാഹ-തീവ്രവാദി ഗ്രൂപ്പുകള്‍ സംഘര്‍ഷങ്ങളില്‍ പങ്കുചേര്‍ന്നതായി സംശയിക്കുന്നു. ഗോത്രവര്‍ഗ്ഗ സംഘട്ടനത്തില്‍ നിന്നും മണിപ്പൂരിലെ സംഘര്‍ഷം രാജ്യസുരക്ഷാ പ്രശ്നമായി തീര്‍ന്നതായി ഭയക്കുന്നു. സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ വളരെയേറെ പ്രയത്നിച്ചിട്ടും സംഘര്‍ഷം തുടരുന്നത് എല്ലാവരിലും ആശങ്ക വളര്‍ത്തുന്നു.
മണിപ്പൂരില്‍ പള്ളികള്‍ ആക്രമിക്കപ്പെടുന്നു എന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് രാഷ്ട്രിയ ലക്ഷ്യം വച്ചാണ് എന്നതില്‍ തര്‍ക്കമില്ല. പ്രശ്നത്തിന് പരിഹാരം കാണണം. പക്ഷെ, അത് മത സ്പര്‍ദ്ധ വളര്‍ത്തിയാകരുത്. ചില മത വിഭാഗങ്ങളെ ലക്ഷ്യമാക്കിയാണ് അവിടെ അക്രമം എന്ന പ്രചരണം കേരളത്തില്‍ ചെലവാകും. എന്നാല്‍, മത മേലധികാരികള്‍ രാജ്യതാല്പര്യവും മണിപ്പൂരിലെ ജനങ്ങളുടെ സമാധാനവും യഥാര്‍ഥ്യങ്ങളും മനസിലാക്കി മാത്രം പ്രതികരിച്ചാല്‍ നന്നായിരുന്നു. എല്ലാ വിഭാഗങ്ങളും സമാധാന ശ്രമങ്ങളില്‍ പങ്കുചേര്‍ന്നാല്‍ തീരാവുന്ന പ്രശ്നമാണ് മണിപ്പൂരിലേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: