കൊല്ലം: കേരളത്തില്‍ നിന്നും നാട്ടാനകളെ അന്യ സംസ്ഥാനങ്ങളിലേക്ക് കടത്താന്‍ നീക്കം. ഗുജറാത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ട്രസ്റ്റിന്റെ അധീനതയിലേക്ക് ചികിത്സയ്ക്കെന്ന പേരിലാണ് പത്ത് നാട്ടാനകളെ കടത്തുന്നത്. കേരളത്തില്‍ നാട്ടാനകള്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കുമെന്നിരിക്കെയാണിത്.
തൃശ്ശൂര്‍ ആമ്പല്ലൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആന രണ്ട് ദിവസത്തിനകം സംസ്ഥാനം വിടും. പാലക്കാട്, തൃശ്ശൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ നിന്നും ആനകളെ സംസ്ഥാനത്തിന് പുറത്തേക്ക് അയയ്ക്കും. ആന ഉടമകള്‍ക്ക് കോടികള്‍ നല്കിയാണിത്. ഇതിനെതിരെ നിരവധി ക്ഷേത്രങ്ങളും ഒരു വിഭാഗം ആന ഉടമസ്ഥരും രംഗത്ത് എത്തിയതോടെയാണ് നീക്കം പുറത്തായത്.
അതേ സമയം സ്വകാര്യ ട്രസ്റ്റിന് ആനകളെ കൊണ്ടുപോകാന്‍ സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അനുമതി നിഷേധിച്ചതായാണ് സൂചന. മതപരമായ ചടങ്ങുകള്‍ക്ക് നാട്ടാനകളുടെ കൈമാറ്റം അനുവദിച്ച് ഏപ്രില്‍ ഒന്നിന് വനം-വന്യജീവി നിയമം ഭേദഗതി ചെയ്തിട്ടും കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്നതിന് അനുമതി നല്‍കാത്ത സംസ്ഥാന സര്‍ക്കാരാണ് സ്വകാര്യ ട്രസ്റ്റിന് നല്കാന് മൗനാനുമതി നല്‍കുന്നത്. സര്‍ക്കാരിന്റെ പക്കലുള്ള നാട്ടാനകളെ ഇതര സംസ്ഥാനത്തെ പരിചരണ കേന്ദ്രത്തിലേക്ക് കൈമാറാന്‍ ആലോചനയുണ്ടെന്ന വനം മന്ത്രിയുടെ പ്രസ്താവനയും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് ആന പ്രേമികളുടെയും ക്ഷേത്ര ഭാരവാഹികളുടെയും ആരോപണം.
കേരളത്തിലെ നൂറോളം നാട്ടാനകള്‍ക്ക് ഈ സ്വകാര്യ ട്രസ്റ്റ് വില പറഞ്ഞിട്ടുണ്ട്. ആനകളെ കൂട്ടത്തോടെ നാടുകടത്തിയാല്‍ ഉത്സവ എഴുന്നെള്ളത്തുകള്‍ ബുദ്ധിമുട്ട് നേരിടുമെന്ന ആശങ്കയും ശക്തമാണ്. കേരളത്തിലെ നാട്ടാനകളുടെ എണ്ണം കുറയുകയാണെന്നും അതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആനകളെ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംപി സുരേഷ് ഗോപിയും പാറമേക്കാവ് ദേവസ്വവും കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. ആ ആവശ്യം പരിഗണിച്ചാണ് 1971-ലെ വനം-വന്യജീവി നിയമത്തില്‍ നാട്ടാനകളുടെ കൈമാറ്റവും ഗതാഗതവും മതപരമായ ചടങ്ങുകള്‍ക്ക് അനുവദിച്ച് നിയമ ഭേദഗതി കൊണ്ടുവന്നത്. പുതിയ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ ആനകളെ കേരളത്തിലെത്തിക്കാന്‍ ദേവസ്വങ്ങള്‍ തയ്യാറായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചില്ലെന്ന് പറഞ്ഞ് അനുമതി നിഷേധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: