കൊല്ലം: അമൃത് ഭാരത് സ്റ്റേഷന് പദ്ധതിയില്‍ (എബിഎസ്എസ്) ദക്ഷിണ റെയില്‍വെയുടെ പരിധിയിലെ 90 സ്റ്റേഷനുകള്‍ നവീകരിക്കുന്നതിന്റെ ആദ്യഘട്ട പ്രവൃത്തികള്‍ക്കായി 2023-24 വര്‍ഷത്തേക്ക് 934 കോടിരൂപ അനുവദിച്ചതായി ദക്ഷിണ റെയില്‍വെ ചീഫ് പിആര്‍ഒ ബി. ഗുഗണേശന്‍ അറിയിച്ചു.
സ്റ്റേഷനുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ഗ്രേഡ് രീതിയിലാണ് നടപ്പാക്കുന്നത്. ദക്ഷിണ റെയില്‍വെയുടെ കീഴിലുള്ള ആറു ഡിവിഷനുകളില്‍ ഓരോ ഡിവിഷനിലെയും 15 സ്റ്റേഷനുകളിലാണ് ആദ്യഘട്ട വികസനം നടപ്പാക്കുന്നത്. 35 സ്റ്റേഷനുകളിലെ നവീകരണ പ്രവൃത്തികള്‍ക്കുള്ള ടെന്‍ഡര്‍ നല്കി. ശേഷിക്കുന്ന സ്റ്റേഷനുകളുടെ ടെന്‍ഡര്‍ അന്തിമഘട്ടത്തിലാണ്.
13 സ്റ്റേഷനുകളില്‍ ഫുട് ഓവര്‍ബ്രിഡ്ജുകള്‍, രണ്ട് എസ്കലേറ്ററുകള്‍, 48 ലിഫ്റ്റുകള്‍, സ്റ്റേഷന്‍പരിസരം മെച്ചപ്പെടുത്തല്‍, വാഹന പാര്‍ക്കിങ്, ലാന്‍ഡ്സ്കേപ്പിങ്/ഹോര്‍ട്ടികള്‍ച്ചര്‍, സംയോജിത പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, സിഗ്നലുകള്‍, പ്ലാറ്റ്ഫോമുകളുടെയും പ്ലാറ്റ്ഫോം ഷെല്‍ട്ടറുകളുടെയും മെച്ചപ്പെടുത്തലുകള്‍, ഇരിപ്പിടങ്ങള്‍, ടാപ്പുകള്‍, വാഷ്ബേസിനുകള്‍, വൈദ്യൂതീകരണം, സിസിടിവി എന്നിവയാണ് നടപ്പാക്കുന്നത്.
സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ യൂണിറ്റുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എബിബിഎസ് പ്രവര്‍ത്തനങ്ങളുടെ പുരോഗതി ഡിആര്‍എം നിരീക്ഷിക്കുകയും ജനറല്‍ മാനേജര്‍ പതിവായി അവലോകനം ചെയ്യുമെന്നും റെയില്‍വെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: