കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ എസ്എഫ്ഐ നേതാവിന് വേണ്ടി പ്രവേശന ചട്ടം മാറ്റുന്നു. ബികോം വിദ്യാര്‍ത്ഥികള്‍ക്ക് എംഎ ഇംഗ്ലീഷ് പഠിക്കാന്‍ അനുവാദം നല്കുന്ന പുതിയ ചട്ടമാണ് യൂണിവേഴ്സിറ്റിയില്‍ നടപ്പാക്കാന്‍ പോകുന്നത്. ഇതിനായി വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് അധ്യാപകരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തതായി സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ആരോപിച്ചു. സംസ്ഥാനത്തെ ഒരു സര്‍വകലാശാലയിലും അനുവദിക്കാത്ത ഈ വ്യവസ്ഥ കണ്ണൂരില്‍ തിരക്കിട്ട് നടപ്പാക്കുന്നത് ബികോം പാസായ ഒരു എസ്എഫ്ഐ നേതാവിന് സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശനം നല്‍കുന്നതിന് വേണ്ടിയാണെന്നാണ് ആരോപണം.
1960 മുതലുള്ള നിയമമാണ് കണ്ണൂര്‍ സര്‍വകലാശാല മാത്രമായി ഇപ്പോള്‍ മാറ്റുന്നത്. കാസര്‍കോട് ഗവ. കോളജിലെ എസ്എഫ്ഐ നേതാവ് എംഎ ഇംഗ്ലീഷ് പ്രവേശനത്തിനായി വിസിക്ക് പ്രത്യേക അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് ചട്ടം മാറ്റാന്‍ നടപടികള്‍ ദ്രുതഗതിയിലാക്കിയതെന്നുമാണ് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മറ്റി ആരോപിക്കുന്നത്. ഒരു വര്‍ഷം മാത്രം ഇംഗ്ലീഷ് പഠിച്ച ബികോം വിദ്യാര്‍ത്ഥികള്‍ക്ക് എംഎയ്ക്ക് ചേരാമെന്ന വ്യവസ്ഥയാണ് കൊണ്ടുവരുന്നത്.
ഇതിനെതിരെ ഗവര്‍ണര്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും എസ്യുസിസി നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: