ലണ്ടന്‍ : ഇത്തവണത്തെ വിംബിള്‍ഡണ്‍ കിരീടം തനിക്കു തന്നെ എന്ന് സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസം നൊവാക് ദ്യോക്കോവിച്ച്. വിംബിള്‍ഡണ്‍ ടൂര്‍ണമെന്റ് വിജയിക്കാന്‍ താനാണ് ഏറ്റവും യോഗ്യനെന്ന് സെമിയില്‍ കടന്ന ജോക്കോവിച്ച് പറഞ്ഞു.
‘അഹങ്കാരം പറയുകയല്ല, ചാമ്പ്യന്‍ഷിപ്പിലെ ഫേവററ്റ് തീര്‍ച്ചയായും ഞാനാണ്. വിംബിള്‍ഡണിന്റെ മുന്‍ നാല് അവസരങ്ങളില്‍ ഞാന്‍ നേടിയ ഫലങ്ങള്‍ വിലയിരുത്തുമ്പോള്‍ കിരീടം എനിക്കുതന്നെ എന്നു കരുതുന്നു’ ജോക്കോവിച്ച് പറഞ്ഞു
ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയുടെ ആന്ദ്രേ റുബ്ലേവിനെതിയാണ് 4-6, 6-1, 6-4, 6-3 എന്ന സ്കോറിന് തോല്പിച്ചത്. സെമി ഫൈനല്‍ പ്രവേശനത്തിലൂടെ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ സ്ഥാപിച്ച വലിയൊരു റെക്കോഡിനൊപ്പമെത്താന്‍ ദ്യോക്കോവിച്ചിന് സാധിച്ചു. ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം സെമി ഫൈനല്‍ പ്രവേശനം നേടിയ പുരുഷതാരം എന്ന ഫെഡററുടെ റെക്കോഡിനൊപ്പം ദ്യോക്കോവിച്ചെത്തി. താരത്തിന്റെ 46ാം ഗ്രാന്‍ഡ്സ്ലാം സെമി ഫൈനല്‍ പ്രവേശനമാണിത്.
24-ാം ഗ്രാന്‍ഡ്സ്ലാം കിരീടം, ലണ്ടനിലെ തുടര്‍ച്ചയായ അഞ്ചാം കിരീടം, എട്ടാം വിംബിള്‍ഡണ്‍ വിജയത്തിന്റെ റെക്കോര്‍ഡ് എന്നിവയായിരിക്കും രണ്ടുകളികള്കൂടി ജയിച്ചാല്‍ ദ്യോക്കോവിച്ച് സ്വന്തമാക്കുക. നിലവില്‍ ലോകത്തിലേറ്റവുമധികം ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ പുരുഷതാരം എന്ന റെക്കോഡ് ദ്യോക്കോവിച്ചിന്റെ പേരിലാണ്. സെമിയില്‍ ഇറ്റലിയുടെ ജാനിക് സിന്നറിനാണ് എതിരാളി.
ഒന്നാം സീഡ് പോളണ്ടിന്റെ ഇഗ സ്യാംതെക്കിനെ വീഴ്ത്തി യുക്രെയ്ന് താരം എലിന സ്വിറ്റോലിന വിമ്പിള്‍ഡന്‍ വനിതാ സിംഗിള്‍സ് സെമിഫൈനലില്‍ കടന്നു. 7-5,6-7,6-2 എന്ന സ്കോറിനാണ് സ്വിറ്റോലിനയുടെ ജയം. കഴിഞ്ഞ വര്‍ഷം അമ്മ ആയതിനുശേഷം കോര്‍ട്ടില്‍ നിന്നു വിട്ടുനിന്ന സ്വിറ്റോലിന മത്സരടെന്നിസിലേക്കു തിരിച്ചെത്തിയത് ഈ ഏപ്രിലിലാണ്. പിന്നാലെ ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറിലെത്തിയ സ്വിറ്റോലിന വിമ്പിള്‍ഡനിലും കുതിപ്പു തുടര്‍ന്നു. സെമിയില്‍ ചെക്ക് റിപ്പബ്ലിക് താരം മാര്‍കേറ്റ വോന്‍ഡ്രസോവയാണ് സ്വിറ്റോലിനയുടെ എതിരാളി. ക്വാര്‍ട്ടറില്‍ അമേരിക്കന്‍ താരം ജെസിക്ക പെഗുലയെയാണ് വോന്‍ഡ്രസോവ തോല്പിച്ചത് (64,26,64).
പ്രതികരിക്കാൻ ഇവിടെ എഴുതുക: