തൃത്താല: ഹൈസ്കൂള്‍ പരിസരത്ത് കുട്ടികളുടെ ജീവനുവരെ ഭീഷണിയായി നില്ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന ഉത്തരവ് നടപ്പാക്കാതെ അധികൃതര്‍. വിദ്യാലയ പരിസരങ്ങളിലുള്ള അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇതുസംബന്ധിച്ച് കളക്ടര്‍ ഉത്തരവിറക്കിയിരുന്നു.
വര്‍ഷങ്ങളായി നാഥനില്ലാ കളരിയായി മാറിയ തൃത്താല ഡോ. കെ.ബി. മേനോന് ഹയര്‍ സെക്കന്ററി സ്കൂളിലാണ് അപകട ഭീതിവിതച്ച് മരങ്ങള്‍ നില്‍ക്കുന്നത്. ഭാരതപ്പുഴയോട് ചേര്‍ന്ന ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള സ്ഥലത്തും സ്കൂളിന്റെ കോമ്പൗണ്ടിലുമായി ഇത്തരത്തില്‍ ആറോളം വന്മരങ്ങളാണുള്ളത്. ഇവയൊന്നും മുറിച്ചു മാറ്റാനുള്ള നടപടികള്‍ ആയിട്ടില്ല. പല മരങ്ങളുടെയും ശിഖിരങ്ങള്‍ കെട്ടിടത്തിന് മുകളിലേക്ക് ചാഞ്ഞുനില്ക്കുന്ന അവസ്ഥയാണ്.
മാനേജ്മെന്റ് തര്‍ക്കത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി പാലക്കാട് ഡിഇഒയുടെ ചുമതലയിലാണ് ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ദൈനംദിന കാര്യങ്ങളിലല്ലാതെ കെട്ടിട നിര്‍മാണം, അറ്റകുറ്റപണി തുടങ്ങി സ്കൂളിനാവശ്യമായ മറ്റു പഠന സാഹചര്യങ്ങളൊരുക്കുന്നതിലൊന്നും ഡിഇഒ ഇടപെടാത്ത സാഹചര്യമാണ്. ഇതുകൊണ്ടുതന്നെ അപകട ഭീതിയിലായ ഈ മരങ്ങള്‍ മുറിക്കാനാവശ്യമായ നടപടികള്‍ ആര് കൈകൊള്ളുമെന്നറിയാതെ ആശങ്കയിലാണ് രക്ഷിതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: