പള്ളിക്കത്തോട്: മോഷണപരമ്പരകളുടെ കേന്ദ്രമായി പള്ളിക്കത്തോട്. കഴിഞ്ഞ ഏതാനും മാസങ്ങളായി പലവിധ മോഷണങ്ങളാണ് ഇവിടെ നടക്കുന്നത്. ഉറക്കം പോലും നഷ്ടപ്പെട്ട് സ്വത്തുവകകള്‍ക്ക് കാവലിരിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍. ഇവിടെ വിലസുന്ന കള്ളന്മാര്ക്ക് സ്വര്‍ണവും പണവും തന്നെ വേണമെന്നില്ല. എന്തും എടുക്കും. ചെത്തുകള്ള്, ഒട്ടുപാല്, ബാറ്ററി തുടങ്ങി വെറ്റൈറ്റി വസ്തുക്കള്‍ മോഷ്ടിച്ചുകൊണ്ട് മോഷ്ടാക്കളും ഇവിടെ വേറൊരു ലെവലിലാണ്. ഒട്ടുമിക്ക കേസുകളിലും അന്വേഷണം ചെന്നു നില്‍ക്കുന്നതാവട്ടെ ഇതര സംസ്ഥാന തൊഴിലാളികളിലും.
ലഹരിക്കടിപ്പെട്ടവര്‍ മോഷണം മാത്രമല്ല, ആക്രമണങ്ങള്‍ നടത്തുന്നതും ഇവിടെ പതിവാണ്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഇതരസംസ്ഥാന തൊഴിലാളികളാണെന്നാണ് നാട്ടുകാരുടെ ആരോപണം. പള്ളിക്കത്തോട് ഒന്നാം മൈല്‍ കോട്ടക്കുന്ന് ഭാഗത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ ബംഗാളിയെ പോലീസ് എത്തി കീഴ്പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു. വീട്ടുടമസ്ഥയോട് അപമര്യാദയായി പെരുമാറുകയും മുറ്റത്ത് ഉണ്ടായിരുന്ന ഇരുചക്രവാഹനം തകര്‍ക്കുകയുമായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട പ്രതി പോകുന്ന വഴിയിലുണ്ടായിരുന്ന വാഹനങ്ങളും അടിച്ചുതകര്‍ത്തു. പിന്നീട് പോലീസ് എത്തിയാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം പള്ളിക്കത്തോട് ഏഴാം വാര്‍ഡില്‍ ഇതരസംസ്ഥാന തൊഴിലാളി നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇവരുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍. ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്ക് എത്തിക്കുന്ന കോണ്ട്രാക്ടര്മാരുടെ യോഗം പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. തങ്ങളുടെ കീഴില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ഉത്തരവാദിത്തം കോണ്‍ട്രാക്ടര്‍മാര്‍ ഏറ്റെടുക്കണമെന്ന നിര്‍ദേശവും നല്കി. ഗുരുതര ക്രമസമാധാന പ്രശ്നങ്ങള്‍, മയക്കുമരുന്ന് ഉപയോഗം എന്നിവ വര്‍ധിക്കാന്‍ കാരണം ഇതര സംസ്ഥാന തൊഴിലാളികളുടെ വ്യാപനം ആണെന്നാണ് വിലയിരുത്തല്‍.
നഗരത്തിലും രക്ഷയില്ല
കോട്ടയം: ജില്ലയിലും മോഷണം വ്യാപകം. വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് മോഷണങ്ങള്‍ ഏറെയും. ലഹരിക്ക് അടിപ്പെട്ടവരും, ഇതര സംസ്ഥാന തൊഴിലാളികളുമാണ് മോഷണ കേസുകളില്‍ കൂടുതല്‍ പിടിയിലാകുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടലുകളും പതിവാണ്. കവര്‍ച്ച മാത്രമല്ല, കൊലപാതകക്കേസുകളിലും ഇവര്‍ പ്രതികളാകുന്നുണ്ട്. കഴിഞ്ഞ മാസം പൂവന്തുരുത്തില് സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയത് അസം സ്വദേശിയായിരുന്നു.
മൊബൈല്‍ മോഷണത്തിന് ഝാര്‍ഖണ്ഡ് സ്വദേശി കോട്ടയം ഈസ്റ്റ് പോലീസിന്റെ പിടിയിലായത് കഴിഞ്ഞ ദിവസമാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി ഉപയോഗവും വ്യാപകമാണ്. ഇതും അതിക്രമങ്ങള്‍ പെരുകാന്‍ കാരണമായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ നിരവധി മോഷണ കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിന്റെ എല്ലാം അടിസ്ഥാനത്തില്‍ ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം ഊര്‍ജ്ജിതമാക്കാന്‍ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം.
മുന്‍കരുതലുകള്‍
മോഷണം പതിവാകുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതും അനിവാര്യമാണ്.
1 എല്ലാ വാതിലുകളുടേയും ഭദ്രത ഉറപ്പാക്കുക. മുന്‍, പിന് വാതിലുകള്‍ക്ക് പിന്നില്‍ വിലങ്ങനെയുള്ള ഇരുമ്പ് പട്ടികകള്‍ ഘടിപ്പിക്കുന്നതും സുരക്ഷ കൂട്ടാന്‍ ഉപകരിക്കും.
2 ജനല്പാളികള് രാത്രികാലങ്ങളില്‍ അടച്ചിടുക.
3 അപരിചിതരായ സന്ദര്‍ശകര്‍, പിരിവുകാര്, യാചകര്‍, തുടങ്ങിയവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുക.
4 വീടിന് പിന്നിലും അടുക്കള ഭാഗത്തും രാത്രിയില്‍ ലൈറ്റ് ഓഫാക്കാതിരിക്കുക.
5 വീടിന് പുറത്ത് മൂര്‍ച്ചയേറിയ ആയുധങ്ങള്‍, ഗോവണി തുടങ്ങിയവ അലക്ഷ്യമായി സൂക്ഷിക്കാതിരിക്കുക.
6 അസമയത്ത് വീടിന് വെളിയില്‍ ആളനക്കമോ, മറ്റ് ശബ്ദങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ്, അയല്‍ക്കാര്‍, റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ എന്നിവരെ അറിയിക്കുക.
7 ശക്തവും നീണ്ട വെളിച്ചവുമുള്ള പവര്‍ ടോര്‍ച്ച്, സേര്‍ച്ച് ലൈറ്റുകള്‍ കൈവശം കരുതുക.
8 വീട്ടില്‍ ആളില്ലാത്ത ദിവസങ്ങള്‍ പത്രം, മാസികകള്‍ തുടങ്ങിയവ വീട്ടുമുറ്റത്ത് കിടക്കുന്ന സാഹചര്യം ഒഴിവാക്കുക.
9 വീട് പൂട്ടിപോകുന്ന സമയം പുറത്തെ ലൈറ്റ് ഓഫ് ചെയ്യുക.
10 സ്വര്‍ണാഭരണങ്ങള്‍, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ വീട്ടില്‍ സൂക്ഷിക്കാതിരിക്കുക.
11 നിരീക്ഷണ ക്യാമറ ഉള്ളവര്‍ രാത്രി റെക്കോഡ് മോഡില്‍ ഇടുക. ക്യാമറ ഓഫ് അല്ലെന്ന് ഉറപ്പുവരുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: