ന്യൂദല്‍ഹി: ദല്‍ഹിയില്‍ കുതിച്ചുയരുന്ന യമുനയിലെ ജലനിരപ്പ് 44 വര്‍ഷത്തെ റെക്കോര്‍ഡ് മറികടന്ന് 207.55 മീറ്റര്‍ എന്ന ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ജലനിരപ്പ് 207.48 മീറ്ററായിരുന്നുവെന്ന് ദല്‍ഹി വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ് അധികൃതര്‍ അറിയിച്ചു.
യമുനയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അടിയന്തര യോഗം വിളിച്ചു. ഞായറാഴ്ച തന്നെ യമുനയിലെ വെള്ളം അപകടനില മറികടന്നിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെ ഓള്‍ഡ് റെയില്‍വേ ബ്രിഡ്ജില്‍ നദി ഉയര്‍ന്ന് 207.25 മീറ്ററിലെത്തിയതായി അധികൃതര്‍ അറിയിച്ചു.
1978ലായി അവസാനമായി യമുനയില്‍ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ് രേഖപ്പെടുത്തിയത്. അത് 207.49 മീറ്ററായിരുന്നു. അതേസമയം 2013ല്‍ നദിയിലെ ജലനിരപ്പ് 207.33 മീറ്റര്‍ വരെ എത്തിയിരുന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് രക്ഷാപുനരധിവാസ സംഘങ്ങള്‍. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ചൊവ്വാഴ്ച ദല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: