ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച മുതല്‍ ജൂലൈ 15 വരെ ഫ്രാന്‍സിലും യു.എ.ഇയിലും ഔദ്യോഗിക സന്ദര്‍ശനം നടത്തും. പര്യടനത്തിന്റെ ആദ്യഘട്ടത്തില്‍ ഫ്രാന്‍സിലാണ് നരേന്ദ്രമോദി എത്തുക.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി പാരീസ് സന്ദര്‍ശിക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന ബാസ്റ്റില്‍ ഡേ പരേഡില്‍ അദ്ദേഹം വിശിഷ്ടാതിഥിയാകും. ഇന്ത്യന്‍ സൈനികരുടെ ഒരു സംഘവും പരേഡില്‍ പങ്കെടുക്കും.
പ്രസിഡന്റ് മാക്രോണുമായി പ്രധാനമന്ത്രി ഔപചാരിക ചര്‍ച്ച നടത്തും. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ബഹുമാനാര്‍ത്ഥം ഫ്രഞ്ച് പ്രസിഡന്റ് ഔദ്യോഗിക വിരുന്നും സ്വകാര്യ അത്താഴവും നടത്തും. ഫ്രഞ്ച് പ്രധാനമന്ത്രിയെയും ഫ്രാന്‍സിലെ സെനറ്റിന്റെയും നാഷണല്‍ അസംബ്ലിയുടെയും പ്രസിഡന്റുമാരുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഫ്രാന്‍സിലെ ഇന്ത്യന്‍ പ്രവാസികള്‍, ഇന്ത്യന്‍, ഫ്രഞ്ച് കമ്പനികളുടെ സിഇഒമാര്‍, ഫ്രാന്‍സിലെ പ്രമുഖ വ്യക്തികള്‍ എന്നിവരുമായി അദ്ദേഹം പ്രത്യേകം സംവദിക്കും.
ഇന്ത്യ – ഫ്രാന്‍സ് തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ 25-ാം വാര്‍ഷികമാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്.പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തന്ത്രപരവും സാംസ്കാരികവും ശാസ്ത്രീയവും അക്കാദമികവും സാമ്പത്തികവുമായ സഹകരണം തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഭാവിയിലേക്കുള്ള പങ്കാളിത്തത്തിന്റെ ഗതി രേഖപ്പെടുത്താന്‍ അവസരമൊരുക്കും.
സന്ദര്‍ശനത്തിന്റെ രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രി ഈ മാസം 15 ന് അബുദാബി സന്ദര്‍ശിക്കും. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, ഫിന്‍ടെക്, പ്രതിരോധം, സംസ്കാരം തുടങ്ങിയ വിവിധ മേഖലകളില്‍ സഹകരണം മുന്നോട്ട് കൊണ്ടുപോകാനുള്ള വഴികള്‍ ആരായാനുളള അവസരമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: