ന്യൂദല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദിവസങ്ങളായുള്ള മഴയ്ക്കു ശമനമില്ല. പ്രളയത്തില്‍ നഗരങ്ങള്‍ വെള്ളത്തിലായി. റോഡുകളും പാലങ്ങളും തകര്‍ന്നു, വന്‍ നാശനഷ്ടം. കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഹിമാചലില്‍ ഇന്നലെയുണ്ടായ മണ്ണിടിച്ചിലില്‍ നാലു പേര് കൂടി മരിച്ചു. ജൂണ്‍ 24ന് കനത്ത മഴ തുടങ്ങിയതു മുതല്‍ ഇന്നലെ വരെ ഹിമാചലില്‍ മാത്രം 72 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഹിമാചലിലാണ് കൂടുതല്‍ നാശനഷ്ടം. 1300 റോഡുകള്‍ തകര്‍ന്നു. ഷിംല-കല്‍ക്ക ഹൈവേയില്‍ ഗതാഗതം നിലച്ചു. വിനോദസഞ്ചാര കേന്ദ്രമായ മണാലിയില്‍ കുടുങ്ങിയ 20 പേരെ രക്ഷപ്പെടുത്തിയെങ്കിലും മുന്നൂറിലധികം പേര് പല ഭാഗങ്ങളിലായി കുടുങ്ങിക്കിടപ്പുണ്ട്. ലാഹൗളിലെ ചന്ദേത്രയിലും സ്പിതിയിലും കുടുങ്ങിയ വിനോദസഞ്ചാരികളെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററെത്തിയെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് മടങ്ങി.
ജമ്മു കശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ദല്‍ഹി, ഉത്തരാഖണ്ഡ്, രാജസ്ഥാന്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ മൂന്നു ദിവസത്തിനിടെ മരിച്ചവര്‍ 41 ആയി. പത്തോളം പേരെ കാണാതായി. 73 വീടുകള്‍ തകര്‍ന്നു. 761 കോടിയുടെ വസ്തുവകകള്‍ നശിച്ചു.
ജമ്മുവില്‍ റംബാന്‍ സെക്ഷനില്‍ ജമ്മു-ശ്രീനഗര്‍ ദേശീയപാത തകര്‍ന്നതിനാല്‍ അമര്‍നാഥ് യാത്ര തുടര്‍ച്ചയായി നാലാം ദിവസവും നിര്‍ത്തിവച്ചു. കനത്ത മഴയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാത അടച്ചു. ഇതുമൂലം 15,000 തീര്‍ഥാടകര്‍ ജമ്മുവിലും മറ്റും കുടുങ്ങിക്കിടക്കുകയാണ്.
ദല്‍ഹിയില്‍ യമുന നദിയിലെ ജലനിരപ്പ് അപകടനിലയ്ക്കും മുകളിലെത്തി. ആയിരക്കണക്കിനാളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. ദല്‍ഹിയില്‍നിന്ന് അംബാലയിലേക്കുള്ള 24 ട്രെയിനുകള്‍ റദ്ദാക്കി. പ്രളയം തുടരുന്ന സാഹചര്യത്തില്‍ പഞ്ചാബിലെ സ്കൂളുകള്‍ 13 വരെ അടച്ചിടാന്‍ തീരുമാനിച്ചു. ചണ്ഡീഗഡിലും മഴ ശക്തമായി.
വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: