ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ആവേശകരമായ വിജയത്തോടെ പരമ്പര നേടി ഇന്ത്യന്‍ വനിതകള്‍. രണ്ടാം മത്സരത്തില്‍ ചൊവ്വാഴ്ച എട്ട് റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. അവസാന ഓവര്‍ വരെ ഉദ്വേഗം നിറഞ്ഞു നിന്ന മത്സരമാണ് നടന്നത്. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലായി.
മലയാളി താരം മിന്നുമണി മികച്ച പ്രകടനം പുറത്തെടുത്തു. മിന്നുമണി, ദീപ്തി ശര്‍മ, ഷഫാലി വര്‍മ എന്നിവരുടെ ബൗളിംഗ് മികവിലായിരുന്നു. ഇന്ത്യയുടെ ജയം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണെടുത്തത്. മിന്നുമണി അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് , പൂജ വസ്ട്രക്കര്‍ എറിഞ്ഞ ആദ്യ ഓവറില്‍ 10 റണ്‍സ് എടുത്തതോടെ കളി ഇന്ത്യയുടെ കൈയില്‍ പോകുമെന്ന് കരുതിയെങ്കിലും രണ്ടാം ഓവര്‍ എറിയാനെത്തിയ മിന്നുമണി തന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ബംഗ്ലാദേശിന് ആദ്യപ്രഹരമേല്‍പ്പിച്ചു. നാലു പന്തില്‍ അഞ്ച് റണ്‍സെടുത്ത ഷാമിന സുല്‍ത്താനയെ മിന്നുമണി ഷഫാലി വര്‍മയുടെ കൈകളിലെത്തിച്ചു.ആദ്യ ഓവര്‍ തന്നെ വിക്കറ്റ് മെയ്ഡിന് സ്വന്തമാക്കി മലയാളി താരം.
മൂന്നാം ഓവറില്‍ ദീപ്തി ശര്‍മയും വിക്കറ്റെടുത്തു. പവര്‍ പ്ലേയിലെ നാലാം ഓവര്‍ എറിഞ്ഞ മിന്നുമണി വഴങ്ങിയത് വെറും രണ്ട് റണ്‍സ് മാത്രം. പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിഞ്ഞ മിന്നുമണി വഴങ്ങിയത് വെറും നാലു റണ്‍സ്. തന്റെ അവസാന ഓവറിലെ അഞ്ചാം പന്തില്‍ റിതു മോണിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി മിന്നു ആ ഓവറില്‍ വിട്ടുകൊടുത്തത് വെറും നാലു റണ്‍സാണ്.
പവര്‍പ്ലേയിലെ മൂന്നോവര്‍ അടക്കം നാലോവറില്‍ മിന്നു വഴങ്ങിയത് വെറും ഒമ്പത് റണ്‍സും. രണ്ട് വിക്കറ്റുമെടുത്തു. ഇന്ത്യന്‍ ബൗളര്‍മാരില്‍ 10ല്‍ താഴെ റണ്‍സ് വഴങ്ങിയ ഏക ബൗളറും മിന്നുമണിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: