കോട്ടയം: അന്തര്‍ സംസ്ഥാന മാല മോഷണ സംഘത്തിലെ പ്രധാനികള്‍ അറസ്സില്‍. തിരുവനന്തപുരം ചെമ്പഴന്തി ശാലോം ഭവന് വീട്ടില്‍ സിബിന് (24), തൃപ്പുണിത്തുറ ഏരൂര്‍ സൗത്ത് ഭാഗത്ത് കോച്ചേരില്‍ വീട്ടില്‍ സുജിത്ത് (40) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇരുവരും ചേര്‍ന്ന് മെയ് മാസം വഴിയിലൂടെ നടന്നു പോവുകയായിരുന്ന വെട്ടിക്കാട്ടൂമുക്ക് സ്വദേശിനിയായ വീട്ടമ്മയുടെ സ്വര്‍ണ്ണമാല പിടിച്ചുപറിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാക്കള്‍ ഉപയോഗിച്ച മോട്ടോര്‍സൈക്കിള്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് കണ്ടെത്തി. അന്വേഷണത്തില്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമായി നിര്‍മിച്ചതാണെന്ന് മനസ്സിലാവുകയും ഇങ്ങനെ വ്യാജ നമ്പര്‍ നിര്‍മിച്ച് നല്കിയ ഹരീന്ദ്ര ഇര്‍വിനെ പിടികൂടി. ഇയാളുടെ വീട്ടില്‍ നിന്നും വ്യാജ കറന്‍സി നോട്ടുകളും, ഇവ പ്രിന്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന പേപ്പറുകളും, വ്യാജ സ്വര്‍ണ്ണ ബിസ്ക്കറ്റുകളും, എയര്‍ പിസ്റ്റളും പോലീസ് പരിശോധനയില്‍ കണ്ടെടുത്തിരുന്നു. ഇയാളാണ് പ്രതികള്‍ക്ക് ഒഎല്‍എക്സില്‍ വില്‍പ്പനയ്ക്കായി നല്‍കിയിരിക്കുന്ന വാഹനത്തിന്റെ ആര്‍സി നമ്പര്‍ കരസ്ഥമാക്കിയ ശേഷം അതേ നമ്പര്‍ മോഷണത്തിനായി ഉപയോഗിക്കുന്ന മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ചു കൊടുത്തിരുന്നത്.
മോഷ്ടാക്കള്‍ക്ക് വേണ്ടി നടത്തിയ ശക്തമായ തിരച്ചിലിനൊടുവില്‍ അന്തര്‍ സംസ്ഥാന മാല മോഷണ സംഘത്തിലെ പ്രധാനികളായ ഷിബിനെയും, സുജിത്തിനെയും പിടികൂടുകയായിരുന്നു. വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച വാഹനം ഉപയോഗിച്ച് വഴിയാത്രക്കാരുടെ മാല പിടിച്ചു പറിച്ചെടുക്കുകയാണ് ഇവരുടെ രീതി. ഇവര്‍ ഇരുവരും ചേര്‍ന്ന് വിവിധ ജില്ലകളിലായി ഇത്തരത്തില്‍ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. എറണാകുളം നെടുമ്പാശ്ശേരിയില്‍ വച്ച് വഴിയാത്രക്കാരിയായ യുവതിയുടെ സ്വര്‍ണ്ണം തട്ടിയെടുത്തത്തിനു ശേഷം അടുത്ത ദിവസം ഉദയംപേരൂരിലെത്തി വഴിയാത്രക്കാരിയുടെ മാലയും, ഇതിനു ശേഷം തലയോലപ്പറമ്പ് വെട്ടിക്കാട്ടൂമുക്ക് സ്വദേശിനിയായ വീട്ടമ്മയുടെ മാലയും കൂടാതെ ആ ദിവസം തന്നെ, ഏറ്റുമാനൂരിലും സമാനമായ രീതിയില്‍ ഇവര്‍ മോഷണം നടത്തിയിരുന്നു.
സുജിത്തിനെ ചെങ്ങന്നൂരില്‍ നിന്നും, സിബിനെ കൊല്ലത്തു നിന്നും പിടികൂടുകയായിരുന്നു. സിബിന് കേരളത്തിലും തമിഴ്നാട്ടിലുമായി 6 കേസുകളും, സുജിത്തിന് 10 കേസുകളും നിലവിലുണ്ട്. വൈക്കം എഎസ്പി നകുല്‍ രാജേന്ദ്ര ദേശ്മുഖ്, കോട്ടയം ഡിവൈഎസ്പി അനീഷ് കെ.ജി, ഏറ്റുമാനൂര്‍ സ്റ്റേഷന് എസ്എച്ച്ഒ പ്രസാദ് അബ്രഹാം വര്‍ഗീസ്, തലയോലപ്പറമ്പ് സ്റ്റേഷന് എസ്.എച്ച്.ഓ ബിജു കെ.ആര്, എസ്.ഐ ദീപു റ്റി.ആര് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: