തൃശൂര്‍: ജില്ലയില്‍ ആശങ്കയേറ്റി വീണ്ടും ഡെങ്കി പനി മരണം. ദേശമംഗലം സ്വദേശി അമ്മാളുക്കുട്ടി (53) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ആറരയോടെയായിരുന്നു മരണം.
എറണാകുളത്ത് സ്വകാര്യ ഹോസ്റ്റലില്‍ വാര്‍ഡന്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെയാണ് പനി ബാധിച്ചത്.തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടത്തെ പരിശോധനയില്‍ ഡെങ്കി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കഴിഞ്ഞ ഏഴിന് തൃശൂര്‍ മെഡി. കോളേജിലേ്ക്ക് മാറ്റി. ഐ.സി യുവില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിക്കുകയായിരുന്നു.
അതേസമയം ഡെങ്കി പനിക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തിയേ മതിയാവൂവെന്ന് അരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. വീടും പരിസരവും ശുചിയാക്കി സൂക്ഷിക്കാനാണ് ആരോഗ്യവകുപ്പിന്റെ പ്രധാന നിര്‍ദേശം. ചെടിച്ചട്ടികള്‍, പ്ലാസ്റ്റിക് കുപ്പികള്‍, റബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍, ചെടിച്ചട്ടിയുടെ അടിയിലെ ട്രേ എന്നിവയില്‍ വെള്ളമുണ്ടാകരുത്. വെള്ളം കയറാത്ത വിധം ചിരട്ടകളും പാത്രങ്ങളും മറ്റും കമഴ്‌ത്തി വയ്‌ക്കണം. വീട്ടിലും സ്ഥാപനങ്ങളിലും പരിസരത്തും കൊതുകുകള്‍ വളരുന്നില്ലെന്ന് ഉറപ്പാക്കണം. പകല്‍സമയത്ത് കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കണം. വെള്ളിയാഴ്ചകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ചകളില്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ഞായറാഴ്ചകളില്‍ വീടുകളിലും ഉറവിട നശീകരണത്തിനായി ഡ്രൈഡേ ആചരിക്കണം. എല്ലാവരും ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും അരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
ശ്രദ്ധിക്കണം
ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിക്കണം
കൊതുകുനിവാരണ ലേപനങ്ങള്‍ പുരട്ടുക
കൊതുകുതിരി, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന റിപ്പലന്റ്‌സ് തുടങ്ങിയവ ഉപയോഗിക്കുക
വാതിലുകളും ജനാലകളും കൊതുക് കടക്കാത്തവിധം നെറ്റ് അടിക്കുക
പകല്‍സമയത്തും കൊതുകുവല ഉപയോഗിക്കുക
വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരാനിടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക
സ്വയം ചികിത്സ അരുത്
- ഡെങ്കിപ്പനി വിവിധ രോഗലക്ഷണങ്ങളോടെ പ്രകടമാകാം. ലക്ഷണങ്ങളില്ലാതെയും ഒരു വൈറല്‍ പനിപോലെയും വന്നുപോകാം. ചിലപ്പോള്‍ സങ്കീര്‍ണമായി രോഗിയുടെ ജീവന് ഭീഷണിയാകുന്ന ഡെങ്കു ഹെമറേജിക് ഫീവര്‍, ഡെങ്കു ഷോക്ക് സിന്‍ഡ്രോം എന്നീ ഗുരുതരാവസ്ഥയും ഉണ്ടാകാം. ഡെങ്കിപ്പനി രണ്ടാമതും പിടിപെട്ടാല്‍ ഗുരുതരമാകാം. ആദ്യം രോഗം വന്നുപോയത് അറിയണമെന്നില്ല. അതിനാല്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. പനി, ശരീരവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായാല്‍ സ്വയം ചികിത്സയ്‌ക്ക് മുതിരാതെ ഉടന്‍ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: