ആരാണ് ഷബാനു ബീഗം എന്നറിയാമോ? അറിയണം. പൊതു സിവില്‍ നിയമം വേണമെന്നും വേണ്ടെന്നും വാദിക്കുന്നവരെല്ലാം അറിയണം. ജാതിയും മതവും വര്‍ഗവും വര്‍ണവും ലിംഗവും രാഷ്ട്രീയവും തുടങ്ങി സകലവിധ ഭേദങ്ങള്‍ക്കുമപ്പുറം നിന്ന് ഷബാനുവിനെ അറിയണം. കാരണം അവര്‍ ഒരു മുസ്ലിം സ്ത്രീയല്ല, സ്ത്രീയല്ല, സ്ത്രീകളുടെ മാത്രം പ്രതിനിധിയുമല്ല; ഷബാനു ബീഗം മാനവികതയുടെ പ്രതീക്ഷയാണ് പ്രതിനിധാനം ചെയ്യുന്നത്. അങ്ങനെ ഷബാനു വലിയൊരു വിപ്ലവ-പരിവര്‍ത്തന-നവോത്ഥാന ആശയവുമായി മാറുന്നു. നാട്ടില്‍ പൊതു സിവില്‍നിയമം നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണെവിടെയും. അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ വരുംദിവസളില്‍ പാര്‍ലമെന്റില്‍ ‘ഏറ്റുമുട്ടും.’ അവര്‍ രാഷ്ട്രീയം പറയും. പക്ഷേ ആ ജീവിതം പറയില്ല. അങ്ങനെ ജീവിച്ചവരെക്കുറിച്ച് പറയില്ല. അവരുടെ അനുഭവം പറയില്ല. അവിടെ ഷബാനു ബീഗത്തിന്റെ ജീവിതം ചര്‍ച്ചയാവില്ല. കാരണം, രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ മുഴക്കാനായിരിക്കും മത്സരം.
ഷബാനു ബീഗത്തിന്റെ പേരും ജീവിതവും ചര്‍ച്ചചെയ്താല്‍ അത് സ്ത്രീകളുടെ ജീവിതത്തിന് സ്വാതന്ത്ര്യത്തിന്റെ ചിറകും അവകാശത്തിന്റെ ആകാശവും അധീശത്വത്തില്‍നിന്നുള്ള മോചനവും നല്കിയ മുത്വലാഖ് എന്ന വിചിത്ര സാമൂഹ്യ വ്യവസ്ഥിതിയെക്കുറിച്ച് ചര്‍ച്ചയാകും. വാസ്തവത്തില്‍ ഷബാനു കേസ് എന്ന് പലയിങ്ങളില്‍ പലരും പരാമര്‍ശിക്കുന്ന സുപ്രീം കോടതിക്കേസിലെ വിധി അടിസ്ഥാനപരമായി മുത്വലാഖ് എന്ന ഒരു അപരിഷ്കൃത വ്യവസ്ഥയ്ക്കെതിരേയായിരുന്നു. അതിന്റെ ഉപോല്പ്പന്നമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്ന ജീവനാംശവും അതിനെ അടിസ്ഥാനമാക്കി സുപ്രീം കോടതി ഉത്തരവിന്റെയും നിര്‍ദ്ദേശങ്ങളുടെയും തുടര്‍ച്ചയായിവരുന്ന പൊതു സിവില്‍ നിയമമെന്ന ആവശ്യവും.
ഷബാനു, മധ്യപ്രദേശിലെ ഇന്തോറില്നിന്നുള്ള മുസ്ലിം വനിതയായിരുന്നു. 1932ല്‍, 19-ാമത്തെ വയസ്സില്‍ ഷബാനുവിനെ ഇന്തോറുകാരനായ മൊഹമ്മദ് അഹമ്മദ് ഖാന് എന്ന അഭിഭാഷകന് വിവാഹം ചെയ്തു. അവര്‍ക്ക് അഞ്ചു കുട്ടികളുണ്ടായി. മൂന്ന് ആണ്മക്കളും രണ്ട് പെണ്മക്കളും. വിവാഹം കഴിഞ്ഞ് 14 വര്‍ഷമായപ്പോള്‍ മൊഹമ്മദ് അഹമ്മദ് ഖാന് ഒരു വിവാഹംകൂടികഴിച്ചു. 1975ല്‍, ഷബാനുവിന്റെ 62-ാം വയസ്സില്‍, അവരെ ഖാന് തലാഖ് ചൊല്ലി. അഞ്ചുകുട്ടികളേയും ഷബാനുവിനേയും വീട്ടില്‍നിന്ന് അടിച്ചിറക്കി.
ഷബാനുവിന്റെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടോ. മഷിയെഴുതിക്കറുപ്പിച്ച കണ്പീലികള്ക്കകത്ത് എപ്പോഴും ആര്ദ്രമായിക്കാണുന്ന ആ കണ്ണുകളില്‍ പക്ഷേ സഹനത്തിന്റെ, സങ്കടത്തിന്റെ, സാമൂഹ്യ വ്യവസ്ഥിതിയോടുള്ള പകയുടെ തീക്ഷ്ണതയുണ്ട്. അത് ഒരേയൊരു ഷബാനുവിന്റെ കണ്ണില്‍ മാത്രമല്ല. കുട്ടിക്കാലത്ത് സ്വന്തം അഭിപ്രായം പോലും ചോദിക്കാതെ ചിലര്‍ നടത്തുന്ന വിവാഹ തീരുമാനത്തിന് വഴങ്ങി ജീവിതം സമര്‍പ്പിച്ച, സ്വന്തം താല്പര്യങ്ങള്ക്ക് വിലകല്‍പ്പിക്കാതെയുള്ള സാഹചര്യത്തില്‍ ഒരാളുടെ പല ഭാര്യമാരില്‍ ഒരുവളായി മാറിപ്പോകുന്ന, എതിര്‍പ്പ് പ്രകടിപ്പിക്കുകയോ പങ്കാളിക്ക് അതൃപ്തി ഉണ്ടാവുകയോ ചെയ്താല്‍ നിഷ്കരുണം ദാമ്പത്യ-കുടുംബ ജീവിതത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടു പോകുന്ന, അക്ഷരാര്‍ത്ഥത്തില്‍ വഴിയാധാരമായി പോകുന്ന, ലക്ഷക്കണക്കിന് അമ്മമാരുടെ, സ്ത്രീകളുടെ കണ്ണുകളില്‍ കാണപ്പെടുന്നതാണ് ഈ നനവിന്റെ കാഴ്ച. വീട്ടില്‍നിന്ന് മക്കള്‍ക്കൊപ്പം അടിച്ചിറക്കുമ്പോള്‍ ഷബാനു, അന്ന് ഭര്‍ത്താവായിരുന്ന മൊഹമ്മദ് അഹമ്മദ് ഖാനോട് പറഞ്ഞു: ”വക്കീല്‍ സാഹേബ്, ഞാന്‍ കോടതിയില്‍ പോയാല്‍ നിങ്ങള്‍ക്ക് ഒരിക്കലും ഈ കറുത്ത വസ്ത്രം ധരിക്കാന്‍ കഴിയാതെവരും.” ഷബാനുവിന്റെ ആദൃഢ നിശ്ചയം ശരിയായി. മൊഹമ്മദ് കേസില്‍ തോറ്റു, വക്കീല്‍ കുപ്പായം അണിഞ്ഞ് പിന്നീട് കോടതിയില്‍ കയറിയിട്ടില്ല.
1978 ഏപ്രിലില്‍ ഷാ ബാനു ഇന്‍ഡോറിലെ മജിസ്ട്രേറ്റ് കോടതിയില്‍, 1973 ലെ ക്രിമിനല്‍ നടപടി ചട്ടം 125-ാം വകുപ്പ് പ്രകാരം ഭര്‍ത്താവിനെതിരേ അന്യായം ഫയല്‍ ചെയ്തു. വീട്ടില്‍നിന്ന് ഒഴിവാക്കിയപ്പോള്‍, ഷബാനുവിന് പ്രതിമാസം കൊടുക്കാമെന്ന് ഏറ്റ 200 രൂപയും ഭര്‍ത്താവ് മൊഹമ്മദ് ഖാന് കൊടുത്തില്ല. ഇതിനെ തുടര്‍ന്നാണ് അവര്‍ കോടതിയെ സമീപിച്ചത്. ആ വര്‍ഷം നവംബറില്‍ മുത്വലാഖ് ചൊല്ലി ഷാ ബാനുവിനെ ഖാന് ഒഴിവാക്കി. മജിസ്ട്രേറ്റ് കോടതി, ഷാ ബാനുവിന് മാസം 25 രൂപ വീതം മൊഹമ്മദ് ജീവിതച്ചെലവിന് നല്കാന് വിധിച്ചു. ഇങ്ങനെയൊരു വിധി കിട്ടിയ ഷാ ബാനു മധ്യപ്രദേശ ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തു, അതിലെ ആവശ്യം 25 രൂപ 179 രൂപയാക്കണമെന്നായിരുന്നു. കോടതി ആവശ്യം ശരിവെച്ചു. എന്നാല്‍ മൊഹമ്മദ് ഇതിനെതിരേ സുപ്രീം കോടതിയില്‍ പോയി. അവിടെയാണ് ഈ കേസിലെ വഴിത്തിരിവ്. മൊഴി ചൊല്ലിയ കേസില്‍ ജീവനാംശവും നഷ്ടപരിഹാരവും എന്നല്ല, മുസ്ലിം ജന സമൂഹത്തിന്റെ ദാമ്പത്യ ജീവിതത്തിന്റെ കാര്യത്തില്‍ ശരീയത്ത് നിയമമല്ലാതെ രാജ്യത്തെ മറ്റ് ഏത് നിയമങ്ങള്‍ ബാധകമാക്കാന്‍ ശ്രമിക്കുന്നതും ‘ഹറാ’മാണ് എന്ന് മൊഹമ്മദിന്റെ അഭിഭാഷകന് കോടതിയില്‍ നിലപാടെടുത്തു. ആ നിലപാടും അതിന് വിരുദ്ധമായ കോടതി ഉത്തരവും ചരിത്ര വിധിയാകുകയായിരുന്നു.
മൂന്നു വിഷയങ്ങളാണ് കോടതിയില്‍ ഉയര്‍ന്നത്.
1. ക്രിമിനല്‍ നടപടി ചട്ടത്തിലെ 125 ാം വകുപ്പ് മുസ്ലിങ്ങള്‍ക്ക് ബാധകമോ?
2. വിവാഹ മോചനത്തെ തുടര്‍ന്ന് ഭര്‍ത്താവ് ജീവനാംശം കൊടുക്കേണ്ടതുണ്ടോ?
3. എല്ലാ മത വിഭാഗങ്ങള്‍ക്കും ബാധകമായി പൊതു സിവില്‍ നിയമം ആവശ്യമുണ്ടോ?
അന്നത്തെ ചീഫ് ജസ്റ്റീസ് വൈ.വി. ചന്ദ്രചൂഡ് ഉള്‍പ്പെട്ട അഞ്ചംഗ ബഞ്ചാണ് വിധി പറഞ്ഞത്. ചട്ടത്തിലെ വകുപ്പ് 125 മുസ്ലിങ്ങള്‍ക്കും ബാധകമാണെന്ന് കോടതി വിധി പറഞ്ഞു. അങ്ങനെ ‘ഇദാത്ത് കാല’ത്തിനപ്പുറവും ജീവനാംശം നല്കേണ്ടതാണെന്ന നിയമപരമായ തീരുമാനം വന്നു. അന്ന് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഭരണത്തില്‍. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്ന് അധികാരത്തിലെത്തിയ മകന് രാജീവ്ഗാന്ധി തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രധാനമന്ത്രിയായി ഭരിക്കുന്ന കാലമാണ്. കോടതിവിധി ശരീയത്ത് മത നിയമത്തിനെതിരാണെന്നും സുപ്രീം കോടതിവിധി സര്‍ക്കാര്‍ ഇടപെട്ട് റദ്ദാക്കണമെന്നും ആവശ്യങ്ങള്‍ ഉയര്‍ന്നു. മുസ്ലിം സംഘടനകള്‍ തെരുവിലിറങ്ങി. അവര്‍ റിപ്പബ്ലിക് ദിനം ബഹിഷ്കരിക്കുമെന്നുവരെ ഭീഷണി മുഴക്കി. രാഷ്ട്രീയമായി എതിര്പക്ഷമുണ്ടാകുന്നുവെന്ന് തിരിച്ചറിഞ്ഞ രാജീവ് ഗാന്ധി അങ്ങനെ സുപ്രീം കോടതിവിധി മറികടക്കാന്‍ മുസ്ലിം വിമന്‍ (പ്രൊട്ടക്ഷന്‍ ഓണ്‍ ഡൈവേഴ്സ്) ആക്ട്1986 എന്ന നിയമ നിര്‍മ്മാണം നടത്തി. രാജീവ് ഭരണകാലത്തെ വന്‍ അബദ്ധങ്ങളില്‍ ഒന്നായിരുന്നു അത്. ഷബാനു എന്ന സ്ത്രീക്ക് ഭര്‍ത്താവ് ജീവിതച്ചെലവിന് കൊടുക്കാമെന്ന് പറഞ്ഞ തുക കൊടുക്കാഞ്ഞതും അതിനെതിരേ വന്ന കോടതിവിധിയെ ശരീയത്ത് നിയമങ്ങള്‍ക്ക് എതിര് എന്നു വാദിച്ച് മതത്തെ കോടതി കയറ്റിയ അബദ്ധമായിരുന്നു അതിന് കാരണമായത്. അല്ലെങ്കിലും പൊതു സിവില്‍നിയമം എന്ന ആവശ്യം ഉയരുമായിരുന്നുവെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. കാരണം ക്രമിനല്‍ നിയമങ്ങള്‍ പൊതുവായിരിക്കെ, ചില സംസ്ഥാനങ്ങളീല്‍ സിവില്‍ നിയമവും പൊതുവായിരിക്കെ ഇന്നല്ലെങ്കില്‍ നാളെ അത് രാജ്യവ്യാപകമായി നടപ്പിലാക്കേണ്ടതുണ്ട് എന്നത് മറ്റൊരു സത്യം.
ഷബാനുവിലേക്ക് വീണ്ടും വരാം. ഷബാനു 1992 ലാണ് അന്തരിച്ചത്; 79 വയസ്സില്‍. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തലച്ചോറിലേക്കുള്ള രക്തക്കുഴല്‍ പൊട്ടിയാണ് മരിച്ചത്. ജീവിതത്തില്‍ ഏറെ സഹിച്ച അമ്മ, സ്ത്രീ ആയിരുന്നു ഷബാനു എന്ന് മകന് ജമീലും മകള്‍ സിദ്ദിഖാ അഹമ്മദും പറഞ്ഞിട്ടുണ്ട്. ഷബാനു പക്ഷേ എത്ര ദൃഢനിശ്ചയക്കാരിയായിരുന്നുവെന്ന് അറിയാന്‍ ആ സംഭവം മതി. ഒരിക്കല്‍ പ്രധാനമന്ത്രി (രാജീവ് ഗാന്ധി)യുടെ ഓഫീസില്‍നിന്ന് ഷബാനുവിന് സന്ദേശം കിട്ടി, പ്രധാനമന്ത്രിക്ക് ഷബാനുവിനെ കാണണമെന്ന്. മകന് ജമീലുമൊത്ത് പ്രധാനമന്ത്രിയെ കണ്ടു. ജമീല്‍ ആ കൂടിക്കാഴ്ചയെക്കുറിച്ച വിവരിച്ചിട്ടുണ്ട്: ‘അദ്ദേഹം (രാജീവ്) പറഞ്ഞു, സ്ഥിതി വളരെ ഗൗരവതരമാണ്. ഒരു പോംവഴി കണ്ടെത്തേണ്ടതുണ്ട്.’ ജമീല്‍ പറഞ്ഞു: ‘ശരിയത്ത് നിയമങ്ങളില്‍ ജീവനാംശക്കാര്യത്തിലും നഷ്ടപരിഹാരക്കാര്യത്തിലും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഇല്ല. അതനുസരിച്ചുള്ള നിയമ നിര്‍മ്മാണം വേണം’ മൂളിക്കേട്ട പ്രധാനമന്ത്രി പറഞ്ഞു, ‘പകരം, മെയിന്റനന്‍സ് സഹായം നിരസിക്കുന്നുവെന്ന് നിങ്ങള്‍ പ്രഖ്യാപിക്കണം’. അങ്ങനെ ദല്‍ഹിയില്‍നിന്ന് ഇന്‍ഡോറിലെത്തിയ ഷബാനു, മെയിന്റനന്‍സിന് ശരീയത്ത് നിയമപ്രകാരം വ്യവസ്ഥയില്ലാത്തതായതിനാല് അത് ഞങ്ങള്‍ നിരസിക്കുന്നുവെന്ന് പത്രസമ്മേളനത്തില്‍ പ്രസ്താവിച്ചു. ശരീയത്തിനെതിരേ കോടതികയറിയവരെന്ന കളങ്കം എക്കാലത്തും ഞങ്ങളില്‍ ശേഷിക്കുമെന്നതിനാലാണ് അന്ന് അങ്ങനെ ചെയ്തതെന്നും ജമീല്‍ വിശദീകരിച്ചിരുന്നു.
പക്ഷേ, പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയ്ക്ക് വഴങ്ങിയെങ്കിലും അതിനുമുമ്പ് ഈ ആവശ്യം ഉന്നയിച്ച കടുത്ത മതവാദികളായ മുസ്ലിം നേതാക്കളുടെ സമ്മര്‍ദ്ദങ്ങളെ അതിശക്തമായി ഷബാനു അതിജീവിച്ചു. ആള് ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ തലവനും മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞനുമായ സയിദ് ഷഹാബുദ്ദീന്, കുറേ ഏറെ മതപണ്ഡിതരുമായി ഷബാനുവിനെ വീട്ടിലെത്തിക്കണ്ട്, അവരുടെ നടപടികള്‍ ശരീയത്ത് നിയമത്തിനെതിരാണെന്ന് വിശദീകരിച്ചു. നിരക്ഷരയായ ഷബാനു കേട്ടിരുന്നു. അതേ സമയം, ‘പിന്നോട്ടു പോകരുത് ഒപ്പമുണ്ട് ‘എന്ന് ഉറപ്പു നല്കി സഹായിക്കാന്‍ ഗുജറാത്തിലും മറ്റും നിന്ന് ഉല്പതിഷ്ണുക്കളായ മുസ്ലിം പണ്ഡിതര്‍ ഷബാനുവിനെ കണ്ടു. പത്രക്കാര്, രാഷ്ട്രീയ നേതാക്കള്‍, ഉന്നത വ്യക്തികള്‍ എന്നിങ്ങനെ ഒട്ടേറെപ്പേര്‍ അനുകൂലിച്ചും പ്രതികൂലിച്ചും ഷബാനുവിനെ കാണാന്‍ ചെന്നു. അമ്പരപ്പും അതിശയവും ആകാംക്ഷയും ആശങ്കയും നിറഞ്ഞ കണ്ണുകളോടെ ഷബാനു അവര്‍ക്കു മുന്നില്‍നിന്നു. രാജ്യമെമ്പാടും കോടതിവിധിക്കെതിരേ പ്രകടനം നടന്നു. ലക്ഷം മുസ്ലിങ്ങള്‍ പങ്കെടുത്ത റാലി ഇന്‍ഡോറില്‍ ഷബാനുവിന്റെ വീട്ടിനു മുന്നിലൂടെ കടന്നുപോയി. അവരില്‍ ചിലര്‍ വീടിന് കല്ലെറിഞ്ഞു. അത്ര മെച്ചമല്ലായിരുന്ന വീട് ഏറെക്കുറേ തകര്‍ന്നു. കേസില്‍ വിജയിക്കേണ്ടായിരുന്നു എന്നുപോലും തോന്നിയെന്ന് ജമീല്‍ പറഞ്ഞിട്ടുണ്ട്.
ഒരു രാജ്യത്തെ നിയമനിര്‍മ്മാണത്തെ, ഭരണഘടനാപരമായ ഗാഢ ചര്‍ച്ചകളെ സ്വാധീനിക്കാന്‍ തക്കവിധം ഒരു സാമൂഹ്യ വിഷയത്തില്‍ വലിയ ചുവടുവെയ്പ്പിന് തുടക്കമിട്ടയാളാണ് ഈ ആധുനിക കാലത്തും ഏറെക്കുറേ നിരക്ഷരയായിരുന്ന ഷബാനു. ഒരു സമുദായമൊന്നടങ്കമെന്നു പറയാം, ആവശ്യപ്പെട്ടിട്ടും നിലപാടിലെ ശരിക്കു വേണ്ടി നിലകൊണ്ട സ്ത്രീയാണ് ഷബാനു. അതേ സമയം രാജ്യഭരണം, താന്‍ തുടങ്ങി വെച്ച പോരാട്ട യജ്ഞത്തില്‍ പ്രതിസന്ധിയിലാണെന്ന് ഭരണത്തലവന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ പരിഹാരത്തിന്റെ താക്കോല്‍ തന്റെ പക്കലാണെന്ന് അറിഞ്ഞപ്പോള്‍ വേറിട്ടൊരു നിലപാടിന് തയാറാവുകയും ചെയ്തയാളാണ് ഷബാനു. താന്‍ കുടം തുറന്നുവിട്ട ഭൂതത്തെ തല്ക്കാലം തിരികെ കുടത്തിലേക്ക് കയറ്റിയാലും ഭൂതം ഒരിക്കല്‍ പുറത്തുവരുമെന്ന് അറിയാമായിരുന്നു ഷബാനു ബീഗത്തിന്.
ഇപ്പോള്‍ അവസരം വീണ്ടും വന്നിരിക്കുകയാണ്. ഒരു ഷബാനുവല്ല, ലക്ഷക്കണക്കിന് ഷബാനുമാര് അണിനിരക്കേണ്ട അവസരമാണ്. ഒരു ആവശ്യത്തിന്റെ അല്ല, ഒരു ആശയത്തിന്റെ, ആദര്ശനിലപാടിന്റെ വിജയം കാണാന്‍ കൈകോര്‍ക്കേണ്ട അവസരം. രാജ്യത്തെ കോടിക്കണക്കിന് പേര്‍ക്ക് ജീവിതത്തില്‍ വഴിത്തിരിവാകുന്ന അവസരം. അതുകൊണ്ടു കൂടിയാണ് ഷബാനു ബീഗത്തെ ഓര്‍മ്മിക്കേണ്ടത്.
പിന്കുറിപ്പ്:
ഒഴിഞ്ഞുകിടക്കുന്ന എഞ്ചിനീയറിങ് സീറ്റുകളില്‍ പ്രവേശനപ്പരീക്ഷാ പട്ടികയില്‍ പേരില്ലാത്തവര്‍ക്കും പ്രവേശനം നല്കാന് കേരള സര്‍ക്കാരിന്റെ തീരുമാനം. വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കുമെന്ന വ്യവസ്ഥയില്‍! പുതിയൊരു കെ പരിഷ്കാരം കൂടി! രാജ്യമെമ്പാടും ഒരേ പോലെ, എല്ലാവര്ക്കും ബാധകമായ നിയമങ്ങളും ചട്ടങ്ങളും മറികടക്കുകയാണ് ചിലരുടെ വിനോദം. പക്ഷേ ഇത് ഇന്ത്യയാണ് എന്ന് കേരള ഭരണകൂടത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കണമെന്നാണ് തോന്നുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: