ജിജേഷ് ചുഴലി
‘എന്റെ സാറെ ടെറസ് വീടും വേണ്ട, ഓടിട്ട വീടും വേണ്ട, ഷെഡ് കെട്ടി ഈ കടല്‍ തീരത്ത് നിന്ന് കുറച്ചകലെ താമസിക്കാനുള്ള സൗകര്യം കിട്ടിയാല്‍ മതിയായിരുന്നു’. ആര്‍ത്തലയ്‌ക്കുന്ന കടലിരമ്പത്തിന് മുകളിലായി കോഴിക്കോട്, ഭട്ട് റോഡ് ബീച്ചിലെ ശാന്തിനഗര്‍ കോളനിയിലെ സൗമ്യസൂബീഷിന്റെ വാക്കുകള്‍. സൗമ്യയും ഭര്‍ത്താവ് സൂബീഷും മൂന്ന് കുട്ടികളും അമ്മയും അടങ്ങുന്നതാണ് കുടുംബം. മാനമൊന്ന് കറുത്താല്‍, കടലമ്മയൊന്ന് ക്ഷോഭിച്ചാല്‍ തിരയെത്തുന്നത് വീട്ടിനുള്ളിലേക്കാണ്.
പകല്‍ സമയത്ത് വീട്ടില്‍ കഴിഞ്ഞുകൂടും. രാത്രി ആയാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പേടിയാണ്. മൂന്നുവര്‍ഷം മുമ്പുണ്ടായ കടല്‍ ക്ഷോഭത്തില്‍ ഇവരുടെ വീട് തകര്‍ന്നിരുന്നു. സര്‍ക്കാറിന്റെ സഹായമൊന്നും കിട്ടിയില്ല. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരുടെ സഹായത്താല്‍ നിര്‍മ്മിച്ച താത്ക്കാലിക ഷെഡിലാണ് താമസം. സര്‍ക്കാറിന്റെ പുനര്‍ഗേഹം പദ്ധതില്‍ ഉള്‍പ്പെട്ടെങ്കിലും സഹായം കിട്ടിയില്ല. രണ്ടാംഘട്ട ലിസ്റ്റില്‍ ഉണ്ടെന്ന മറുപടിയില്‍ കാത്തുനില്‍ക്കുകയാണ് സൗമ്യയുടെ കുടുംബം. വാടകവീട്ടിലും മറ്റും താമസിക്കാന്‍ പണം ഇല്ലാത്തതുകൊണ്ടാണ് മൂന്ന് മക്കളെയും ചേര്‍ത്തുപിടിച്ച് ഇവിടെ താമസിക്കുന്നതെന്ന് സൗമ്യ നിറ കണ്ണുകളോടെ പറയുന്നു. കടല്‍ക്ഷോഭം ഉണ്ടായതിനു ശേഷം എംഎല്‍എയും വില്ലേജ് ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും വന്ന് നോക്കിയിട്ട് പോകും, എന്നിട്ട് ചോദിക്കും നിങ്ങള്‍ എന്തിനാണ് ഇവിടെ കുടില്‍ കെട്ടി താമസിക്കുന്നതെന്ന്. എന്നാല്‍ തീരത്തിനകലെയുള്ള സ്ഥലത്ത് ഷെഡ്കെട്ടിയാല്‍ അത് പൊളിച്ചുമാറ്റും എന്ന് വില്ലേജ് അധികൃതര്‍ പറഞ്ഞതായി സൗമ്യ പറഞ്ഞു. ശാശ്വതമായി താമസിക്കാന്‍ ഒരു ഇടം കാണിച്ചു തരൂ എന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞാല്‍ അവര്‍ക്ക് ഉത്തരമില്ലെന്നാണ് സൗമ്യ പറയുന്നത്. കടല്‍ ഭിത്തി നിര്‍മ്മിക്കണം എന്നു പറയാന്‍ തുടങ്ങിട്ട് വര്‍ഷങ്ങളായി. എന്നാല്‍ വോട്ടിന് വേണ്ടി രാഷ്‌ട്രീയക്കാര്‍ വരുന്നതല്ലാതെ ഭിത്തി എങ്ങുമെത്തിയില്ല. 15 വര്‍ഷം മുന്നെ നിര്‍മ്മിച്ച കടല്‍ഭിത്തി പൂര്‍ണ്ണമായും കടലെടുത്ത നിലയിലാണ്. കഴിഞ്ഞ ദിവസം ഉണ്ടായ കടല്‍ക്ഷോഭത്തില്‍ ശാന്തിനഗര്‍ കോളനിയിലെ മൂന്നു വീടുകളാണ് കടല്‍ പൂര്‍ണ്ണമായും വിഴുങ്ങിയത്. കാലവര്‍ഷമടുത്താല്‍ ശാന്തിനഗറില്‍ അശാന്തിയാണ്. ആര്‍ത്തു വരുന്ന കടലലകള്‍ കരയെടുത്തു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇവരുടെ കടല്‍ക്കാറ്റിന് കുളിരില്ല. തീരം തൊടുന്ന തിരമാലകളെ ഇവര്‍ ഭീതിയോടേയും നിസ്സഹായതയോടെയുമാണ് നോക്കിയിരിക്കുന്നത്.
സര്‍ക്കാറിന്റെ വാഗ്ദാനം മാത്രം പോരാ, അത് നടപ്പിലാക്കി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്നാണ് ശാന്തിനഗര്‍ കോളനി നിവാസികള്‍ ആവശ്യപ്പെടുന്നത്. വെള്ളം കയറാത്ത അടച്ചുറപ്പുള്ള വീടുകള്‍ക്കായി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ല. ശാന്തിനഗര്‍ കോളനിയില്‍ 100ലേറെ കുടിലുകളുണ്ട്. വീടുകള്‍ക്ക് പലതിനും പട്ടയം ഇല്ല. സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ ചില വീടുകള്‍ക്ക് പട്ടയമോ വീട്ടുനമ്പരോ ലഭിച്ചിട്ടില്ല.
പതിമൂന്നാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തില്‍ 08.02.2016ല്‍ ശാന്തിനഗര്‍ ഉള്‍പ്പെടുന്ന നോര്‍ത്ത് മണ്ഡലത്തിലെ എംഎല്‍എ പ്രദീപ്കുമാറിന്റെ ചോദ്യം നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് ശാന്തിനഗര്‍ കോളനിയിലെ 115 വീടുകള്‍ കൂടി നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചോ? എന്നായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടി ഭവന നിര്‍മ്മാണ വകുപ്പിന്റെ നൂറുദിന കര്‍മ്മപദ്ധതിയില്‍ കോഴിക്കോട് ശാന്തിനഗര്‍ (ബംഗ്ലാദേശ് കോളനി) കോളനിയിലെ കുടുംബങ്ങളുടെ പുനരധിവാസ പദ്ധതി ഉള്‍പ്പെടുത്തിയിരുന്നു എന്നായിരുന്നു.
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചെതെന്ന് വിശദമാക്കുമോ?, ഇതുവരെയും ഈ പദ്ധതി ആരംഭിച്ചിട്ടില്ലെങ്കില്‍ അതിനുളള കാരണം വിശദമാക്കാമോ എന്നീ ചോദ്യങ്ങള്‍ക്ക് കോഴിക്കോട് ശാന്തിനഗറിലെ കുടുംബങ്ങളുടെ പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ട പണികള്‍ (218 വീടുകളുടെ നിര്‍മ്മാണം) 28.02.2014-ന് പൂര്‍ത്തീകരിച്ചിട്ടുണ്ട് എന്നായിരുന്നു ഉത്തരം. രണ്ടാം ഘട്ടത്തിലൂടെ 115 വീടുകള്‍ നിര്‍മ്മിക്കുന്നതിനും 25 വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി വാസയോഗ്യമാക്കുന്നതിനും മറ്റ് അടിസ്ഥാന വികസന സൗകര്യ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനുമായി 2015-16-ലെ ബജറ്റില്‍ ഉള്‍പ്പെടുത്തി തുക വകയിരുത്തുന്നതിന് പ്ലാനിംഗ് ബോര്‍ഡിനോട് അഭ്യര്‍ത്ഥിച്ചുവെന്നും മറുപടിയില്‍ പറഞ്ഞു. 2015-16 ലെ ബജറ്റില്‍ തുക വകയിരുത്തിയില്ല. 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബജറ്റില്‍ തുക വകയിരുത്തുന്നതിനു പ്രൊപ്പോസല്‍ പ്ലാനിംഗ് ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട് എന്നും വ്യക്തമാക്കിയിരുന്നു.
ഭരണം മാറി പിണറായി വിജയന്‍ സര്‍ക്കാര്‍ വന്നതിനു ശേഷം ഒന്നും നടന്നില്ലെന്ന് തീരദേശവാസികള്‍ പറയുന്നു. പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തീരസദസ്സ് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിലൊതുങ്ങി സദസ്സ്. തീരദേശ വാസികളുടെ റേഷന്‍ കാര്‍ഡ് മുതല്‍ പട്ടയപ്രശ്നങ്ങള്‍ വരെ, തീരദേശജനത അനുഭവിക്കുന്ന അടിസ്ഥാനപ്രശ്നങ്ങളിലൊന്നും പരിഹാരമായില്ല. ശാന്തിനഗര്‍ കോളനിയിലെ പട്ടയപ്രശ്നം, ഭട്ട് റോഡില്‍ യാഥാര്‍ത്ഥ്യമാകാത്ത പുലിമൂട്ട്, തീരദേശത്തെ ആരോഗ്യ സബ്ബ് സെന്റര്‍, മലിനജലപ്രശ്നം, ആവിക്കല്‍ റോഡ് ശുചീകരണം, വെള്ളയില്‍ ഹാര്‍ബറിലെ മണ്ണ് മാറ്റുന്നത് സംബന്ധിച്ച് തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെട്ടെങ്കിലും ഒന്നിനും തീരുമാനമായില്ല. ശാന്തിനഗര്‍ കോളനിയില്‍ മുന്‍ സര്‍ക്കാര്‍ അനുവദിച്ച വീടുകളില്‍ താമസിക്കുന്നവര്‍ മാറേണ്ടിവരുമെന്ന മുന്നറിയിപ്പാണ് ലഭിച്ചത്. കടലില്‍ നിന്ന് 50 മീറ്റര്‍ പരിധിയില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച വീടുകളില്‍ താമസിക്കുന്നവരോടാണ് മാറണമെന്ന് നിര്‍ദ്ദേശം നല്‍കിയത്. ഇവരെ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ തീരദേശ പരിധിയില്‍ സര്‍ക്കാര്‍ വീടുനിര്‍മ്മിച്ച് നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യത്തിന് ഉത്തരമുണ്ടായില്ല. തീരദേശത്ത് ആവിക്കല്ലില്‍ കോര്‍പ്പറേഷന്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന മാലിന്യസംസ്‌ക്കരണ പ്ലാന്റിനെ സംബന്ധിച്ച ചര്‍ച്ചപോലും തീരസദസ്സിലുണ്ടായില്ല. മൂന്ന് വര്‍ഷം മുമ്പാണ് ഭട്ട്റോഡില്‍ പുലിമൂട്ട് നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചത്. എന്നാല്‍ ഇതുവരെ ഡിസൈന്‍ ലഭിക്കാത്തതിനാല്‍ നിര്‍മ്മാണം നടന്നില്ല. അന്ന് മൂന്നുകോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചതെങ്കില്‍ ഇന്ന് ഒമ്പത് കോടി രൂപ വേണം.
ശാന്തിനഗര്‍ കോളനിയിലെ വീടുകള്‍ക്ക് പട്ടയം ലഭിക്കണമെന്ന ആവശ്യവുമായി ചെന്നാല്‍ നിങ്ങളുടെ വീടും സ്ഥലവും സര്‍വ്വേ പ്രകാരം കടലാണെന്നാണ് റവന്യു വകുപ്പ് പറയുന്നത്. ജില്ലാ കളക്ടര്‍ ചെയര്‍മാനായ കമ്മിറ്റിയാണ് കോഴിക്കോട് ബംഗ്ലാദേശ് കോളനിയെ ശാന്തിനഗര്‍ ആക്കി വീടുകള്‍ പണിതുനല്‍കിയത്. തീരദേശ പരിപാലന നിയമങ്ങള്‍ ഒന്നും പാലിക്കാതെ വീടുകള്‍ നിര്‍മ്മിച്ച് കൈമാറി ഉദ്ഘാടനം കേമമായി നടത്തിയവരാണ് ഇന്ന് അതേ വീടുകള്‍ കടലിലാണെന്ന് പറയുന്നത്. അന്ന് നിര്‍മ്മിച്ച 218 വീടുകളില്‍ പട്ടയം ലഭിക്കാത്തവര്‍ ഏറെയുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ് ശാന്തിനഗര്‍ കോളനിയില്‍ കൊട്ടിഘോഷിച്ച് വീടുകള്‍ പണിതത്. എന്നാല്‍ തീരത്ത് നിന്ന് 50 മീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് പട്ടയം നല്‍കാനാവില്ലെന്നാണ് ഫിഷറീസ് വകുപ്പ് മന്ത്രി സജിചെറിയാന്റെ സാന്നിദ്ധ്യത്തില്‍ ഉദ്യോഗസ്ഥര്‍ തീരസദസില്‍ അറിയിച്ചത്. അവരെ ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതി പ്രകാരം മാറ്റിപാര്‍പ്പിക്കുമെന്നാണ് പുതിയ വാഗ്ദാനം. കടലില്‍ നിന്ന്50 മീറ്റര്‍ പരിധിക്കുള്ളില്‍ സര്‍ക്കാര്‍തന്നെ വീടുണ്ടാക്കി നല്‍കുകയും ഇപ്പോള്‍ മാറിപ്പാര്‍ക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമില്ല. സിപിഎമ്മുകാരായ ചിലര്‍ക്ക് വഴിവിട്ട് പട്ടയം നല്‍കിയതും വിവാദമായിരുന്നു. പരാതിയെത്തുടര്‍ന്ന് അന്വേഷണം നടന്നപ്പോള്‍ ക്രമക്കേട് കണ്ടെത്തി എല്ലാ പട്ടയവും റദ്ദാക്കി. പിന്നീട് പട്ടയത്തിന് വേണ്ടിയുള്ള ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ മുതല്‍ റേഷന്‍ കാര്‍ഡ് വരെ കിട്ടാന്‍ ഏറെ തടസ്സങ്ങള്‍. വീടുകള്‍ക്ക് പലതും അനധികൃത നിര്‍മാണ നമ്പര്‍ എന്ന താത്ക്കാലിക നമ്പര്‍ ആണ് ലഭിച്ചിരിക്കുന്നത്. ആരാണ് അനധികൃത നിര്‍മാണം നടത്തിയതെന്ന് ചോദിച്ചാല്‍, സര്‍ക്കാര്‍ എന്നു തന്നെയാണ് ഉത്തരം!
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: