തിരുവനന്തപുരം: അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞതിനെച്ചൊല്ലി വാക്പോര്. തടയാന്‍ ആഹ്വാനം ചെയ്ത് ഫാദര്‍ യൂജിന്‍ പെരേരയെന്ന് മന്ത്രി വി. ശിവന്‍കുട്ടി. മന്ത്രിമാരാണ് മത്സ്യത്തൊഴിലാളികളോട് കയര്‍ത്ത് സംസാരിച്ചതെന്നും അവിടെ സഖാക്കളെ നിരത്തി ഒരു നാടകത്തിനാണ് മന്ത്രിമാര്‍ ശ്രമിച്ചതെന്നും ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര. വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവസ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരായ വി ശിവന്‍കുട്ടി, അഡ്വ. ആന്റണി രാജു, അഡ്വ. ജി.ആര്.അനില്‍ എന്നിവരെ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞിരുന്നു.
തങ്ങളെ തടയാന്‍ ആഹ്വാനം ചെയ്തത് ഫാദര്‍ യുജീന് പെരേരയാണെന്നും ഫാദര്‍ യൂജിന്‍ പെരേരയുടെ ആഹ്വാനം അനുസരിക്കാതെ നാട്ടുകാര്‍ സംയമനം പാലിച്ചതിനാല്‍ വലിയ സംഘര്‍ഷം ഒഴിവായെന്ന് മന്ത്രിമാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പിന്നാലെ ശിവന്‍കുട്ടി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പള്ളികള്‍ വഴി ഒരുകോടിയലധികം രൂപ പിരിക്കുന്നുണ്ടെന്നടക്കം വിമര്‍ശനം ഉന്നയിച്ചു. മത്സ്യത്തൊഴിലാളി കുടുംബത്തെ വീട്ടിലെത്തി ആശ്വസിപ്പിച്ചശേഷം മന്ത്രിമാര്‍ തിരികെ പോകാന്‍ ഒരുങ്ങുമ്പോഴാണ് ബിഷപ്പ് തോമസ് നെറ്റോയും ഫാദര്‍ യൂജിന്‍ പെരേരയും സംഭവസ്ഥലത്ത് എത്തുന്നത്. സ്ഥലത്തെത്തിയ ഉടന്‍ ഫാദര്‍ യുജീന് പെരേര മന്ത്രിമാരെ തടയാന്‍ ആഹ്വാനം ചെയ്യുകയായിരുന്നുവെന്നും നാട്ടുകാര്‍ സംയമനം പാലിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായില്ലെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.
ഇതോടെ മന്ത്രി വി. ശിവന്‍കുട്ടിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫാ. യൂജിന്‍ പെരേര രംഗത്ത് എത്തി. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് നിരുത്തവാദ പ്രസ്താവന നടത്തരുതെന്ന് യൂജിന്‍ പെരേര തിരിച്ചടിച്ചു. മന്ത്രിമാരാണ് മത്സ്യത്തൊഴിലാളികളോട് കയര്‍ത്ത് സംസാരിച്ചത്. അവിടെ സഖാക്കളെ നിരത്തി ഒരു നാടകത്തിന് മന്ത്രിമാര്‍ ശ്രമിച്ചു. അത് നടക്കാതെ വന്നപ്പോഴാണ് പ്രസ്താവന നടത്തുന്നത്. വിഴിഞ്ഞം സമരം ആസൂത്രിതമായി അട്ടിമറിക്കാന്‍ ശ്രമിച്ചു. പള്ളികളില്‍ അനധികൃത പിരിവ് നടത്തുന്നില്ല. മുസ്ലീം, ധീവര സമുദായങ്ങളെല്ലാം അവരുടെ അംഗങ്ങളില്‍ നിന്നും സംഭാവന വാങ്ങുന്നുണ്ട്. സഭാഅംഗങ്ങളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കുമാണ് ഈ പണം വിനിയോഗിക്കുന്നത്. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാത്തത് കൊണ്ടാണ് സഭയ്ക്ക് ചെയ്യേണ്ടി വരുന്നത്. വിഴിഞ്ഞത്ത് നടന്ന കാര്യങ്ങളെ കുറിച്ച് ഒരു പുസ്തകം സഭ പ്രസിദ്ധീകരിക്കും. മന്ത്രി എന്നോട് ഷോ കാണിക്കരുതെന്ന് പറഞ്ഞു. ആന്റണി രാജുവും മത്സ്യത്തൊഴിലാളികളോട് ക്ഷുഭിതനായി സംസാരിച്ചു. കൈയിലിരിക്കുന്ന പവര്‍ പോകുമ്പോഴാണ് ഇത്തരം പ്രസ്താവനകള്‍. പിരിവിനെതിരെ ഒരു നടപടിയും സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ചിലതുമായി മുന്നോട്ടു വരും, പിന്നീട് നാലു ചുവട് പിന്നോട്ടു പോകുന്നതാണ് സര്‍ക്കാരിന്റെ രീതി. തീരദേശ മത്സ്യത്തൊഴിലാളികള്‍ക്ക് നല്കിയ വാക്ക് പാലിക്കണമെന്നും യൂജിന്‍ പെരേര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: