മോസ്കോ: റഷ്യയുടെ നേര്‍ക്കുണ്ടായ വാഗ്നര്‍ കൂലിപ്പട്ടാളത്തിന്റെ വിമത നീക്കത്തിന് ശേഷം പ്രഡിഡന്റ് വഌദിമീര്‍ പുടിനും യെവ്ജനി പ്രിഗോഷിനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റിന്റെ വക്താവ് ദിമ്ത്രി പെസ്കോവ് കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ സ്ഥിരീകരണവുമായി രംഗത്തെത്തി. വിമതനീക്കം നടത്തി അഞ്ച് ദിവസത്തിന് ശേഷം പുടിനും വാഗ്നറിന്റെ ഉടമ പ്രിഗോഷിനും നേരില്‍ കണ്ടു, അദ്ദേഹം വ്യക്തമാക്കി.
ജൂണ്‍ 29ന് പ്രിഗോഷിനും വാഗ്നര്‍ കമാന്‍ഡോമാരും ഉള്‍പ്പെടെ 35 പേരെ ക്ഷണിച്ചുകൊണ്ട് പുടിന് ഒരു യോഗം വിളിച്ചിരുന്നു. ക്രെംലിനില്‍ വച്ചായിരുന്നു യോഗം. മൂന്ന് മണിക്കൂര്‍ യോഗത്തില്‍ ജൂണ്‍ 24നുണ്ടായ വിമത നീക്കത്തെ വിലയിരുത്തി. വാഗ്നര്പട്ടാളക്കാര്ക്കായി റഷ്യ മുന്നോട്ടു വച്ച തൊഴില്‍ അവസരങ്ങളും ചര്‍ച്ചയായി. റഷ്യ പിടിച്ചെടുക്കാന്‍ നടത്തിയ നീക്കത്തില്‍ തങ്ങളുടെ കാഴ്ചപ്പാടും കമാന്‍ഡോകള്‍ പുടിനെ അറിയിച്ചുവെന്നും ദിമിത്രി പെസ്കോവ് അറിയിച്ചു.
പ്രിഗോഷിനിപ്പോള് എവിടെയാണെന്നുള്ളതില്‍ അവ്യക്തത തുടരുകയാണ്. പ്രിഗോഷിന് ബെലാറസിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ റഷ്യയിലാണുള്ളതെന്ന് ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുക്കാഷെങ്ക കഴിഞ്ഞ ദിവസം പറഞ്ഞു. ജൂണ്‍ അവസാനം പ്രിഗോഷിന്റെ ജെറ്റ് വിമാനം ബെലാറസിലേക്ക് പോവുകയും അന്നു തന്നെ റഷ്യയിലേക്ക് തിരിച്ചു പോയതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രിഗോഷിന് അതിലുണ്ടായിരുന്നോ എന്നതില്‍ വ്യക്തതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: