കൊല്‍ക്കത്ത:ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മരുമകനും തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിയുമായ അഭിഷേക് ബാനര്‍ജിയെ ഇഡിയ്‌ക്ക് അധ്യാപക നിയമന അഴിമതിക്കേസില്‍ ചോദ്യം ചെയ്യാന്‍ സുപ്രീംകോടതി അനുവാദം നല്‍കി.സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് പി.എസ്. നരസിംഹയും അംഗങ്ങളായ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മമത ബാനര്‍ജിയ്‌ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും വന്‍ തിരിച്ചടിയാണ് ഈ സുപ്രീംകോടതി വിധി.
നേരത്തെ ഈ കേസില്‍ കല്‍ക്കത്ത ഹൈക്കോടതിയും അഭിഷേക് ബാനര്‍ജിയെ ഇഡിയ്‌ക്ക് ചോദ്യം ചെയ്യാന്‍ അനുവാദം നല്‍കിയിരുന്നു. ഈ ഹൈക്കോടതി വിധിയില്‍ ഇടപെടേണ്ടതില്ലെന്ന് സുപ്രീംകോടതി തിങ്കളാഴ്ച പറഞ്ഞു. അധ്യാപക നിയമനത്തിലെ അഴിമതിക്കേസില്‍ സിബിഐയും ഇഡിയും ഇടപെടുന്നതിനെതിരെ അഭിഷേക് ബാനര്‍ജി തന്നെയാണ് കല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതി ഈ അപേക്ഷ തള്ളിക്കളഞ്ഞെന്ന് മാത്രമല്ല, 25 ലക്ഷം പിഴയും വിധിച്ചു.
ബംഗാളില്‍ സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും അധ്യാപകരെയും അനധ്യാപകരെയും നിയമിക്കുന്നതിലെ ക്രമക്കേടില്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് പങ്കുള്ളതായി ആരോപണമുണ്ടായിരുന്നു. പണത്തിന് സ്കൂള്‍ ജോലി എന്ന അഴിമതിക്കേസില്‍ അഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്യാന്‍ മെയ് 18ന് ഹൈക്കോടതി അനുവാദം നല്‍കിയിരുന്നു. ഈ കേസന്വേഷണത്തിനെ ശ്വാസം മുട്ടിക്കരുതെന്നും കല്‍ക്കത്ത ഹൈക്കോടതി കൃത്യമായി അവരുടെ മനസ്സ് സമര്‍പ്പിച്ച് നടത്തിയ വിധിയാണ് മെയ് 18ന്‍റേതെന്നും സുപ്രീംകോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: