മങ്കൊമ്പ്: ഈ വര്‍ഷം നവംബര്‍ ഒന്നിന് എസി റോഡ് ഗതാഗാതത്തിന് പൂര്‍ണമായി തുറന്നു കൊടുക്കുമെന്ന പ്രതീക്ഷ പാളുന്നു. പള്ളാത്തുരുത്തി പാലം നിര്‍മ്മാണമാണ് പ്രതിസന്ധിയിയാരിക്കുന്നത്. ദേശീയ ജലപാതയിലുള്ള പള്ളാത്തുരുത്തി പാലം നിര്‍മാണ അനുമതിക്കായി പുതുക്കിയ പദ്ധതി കെഎസ്ടിപി ചീഫ് എന്‍ജിനിയര്‍ക്ക് നല്‍കി. രൂപരേഖയിലെ മാറ്റംമൂലം 30 കോടി രൂപ അധികമായി വേണ്ടിവരും. ഇക്കാര്യത്തില്‍ അന്തിമാനുമതി ലഭിച്ചാല്‍ മാത്രമെ പാലം നിര്‍മ്മാണം തുടങ്ങാനാകുകയുള്ളു. സമയബന്ധിതമായി അനുമതി ലഭിച്ചാല്‍ മാത്രമെ നവംബറില്‍ നിര്‍മ്മാണം പൂര്‍ത്തികരിക്കാനാകുകയുള്ളു.
വെള്ളപ്പൊക്കത്തെ അതിജീവിക്കുമെന്ന് പ്രഖ്യാപിച്ച നിര്‍മ്മിച്ച പാതയുടെ ചില ഭാഗങ്ങള്‍ രണ്ടു ദിവസത്തെ മഴയില്‍ തന്നെ മുങ്ങിയത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. അഞ്ച് മേല്‍പ്പാലങ്ങളില്‍ നാലും പൂര്‍ത്തിയായി, ഇവ ഗതാഗതത്തിനും തുറന്നുകൊടുത്തു. മൂന്ന് വലിയപാലങ്ങളില്‍ രണ്ടെണ്ണത്തിന് സമാന്തരപാലങ്ങളായി. 65 കലുങ്കും 14 ചെറിയപാലങ്ങളും പുനര്‍നിര്‍മിച്ചു. ഒന്നാംകര, മങ്കൊമ്പ് ബ്ലോക്ക്, നസ്രത്ത്, ജ്യോതി ജങ്ഷന്‍, പണ്ടാരക്കളം എന്നിവിടങ്ങളിലാണ് ഉയരപ്പാത നിര്‍മിച്ചത്. കിടങ്ങറ, നെടുമുടി വലിയപാലങ്ങള്‍ക്ക് സമാന്തരമായി പുതിയ പാലങ്ങള്‍ നിര്‍മിച്ചു. ഇരുഭാഗത്തും നടപ്പാത നിര്‍മിക്കുന്നുണ്ട്. ഇവയുടെ ഒരുവശം ഗതാഗതത്തിന് തുറന്നുകൊടുത്തു.
26 കിലോമീറ്റര്‍ നീളമുള്ള എ സിറോഡിന്റെ നവീകരണം 2020 ഒക്ടോബര്‍ 12നാണ് തുടങ്ങിയത്. കാനകളുടെയും കിടങ്ങറ – മുട്ടാര്‍, പണ്ടാരക്കളം പാലങ്ങളുടെയും നിര്‍മാണം പുരോഗമിക്കുന്നു. പാറയ്‌ക്കല്‍ കലുങ്ക്, പൂവം, കിടങ്ങറ ബസാര്‍, മാമ്പഴക്കരി, ഒന്നാംകര, മങ്കൊമ്പ് ബ്ലോക്ക്, മങ്കൊമ്പ്, പണ്ടാരക്കളം തുടങ്ങിയ പ്രദേശങ്ങളില്‍ കാനയുടെയും നടപ്പാതയുടെയും നിര്‍മാണവും അന്തിമഘട്ടത്തിലാണ്.
കാലവര്‍ഷത്തില്‍ വെള്ളം കയറി എസി റോഡ് അടച്ചിടുന്നത് പതിവായിരുന്നു. 2018 പ്രളയകാലത്ത് ചങ്ങനാശേരിയിലേക്കും ആലപ്പുഴ നഗരത്തിലേക്കും കുട്ടനാട്ടുകാരെ എത്തിക്കാനും രക്ഷാപ്രവര്‍ത്തനത്തിനും ഏറെ പ്രതിസന്ധികളുണ്ടായിരുന്നു. തുടര്‍ന്നാണ് റോഡ് പുതുക്കിപ്പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: