തൃശൂര്‍: ടൂറിസ്റ്റുകളായി ഹിമാചല്‍പ്രദേശിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയ തൃശൂര്‍, എറണാകുളം മെഡിക്കല്‍ കോളെജുകളിലെ 45 ഹൗസ് സര്‍ജന്‍മാര്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങി. ഇവരുടെ നില സുരക്ഷിതമാണെന്ന് ഹിമാചല്‍ മുഖ്യമന്ത്രി അറിയിച്ചു. തൃശൂരില്‍ നിന്നുള്ള 18 പേരും സുരക്ഷിതരാണെന്ന് അവരുടെ യാത്ര സംഘടിപ്പിച്ച ടൂര്‍ ഓപ്പറേറ്ററും കളമശേരിയിലെ 27 ഡോക്ടര്‍മാരും സരുക്ഷിതരാണെന്ന് എറണാകുളം ജില്ലാ കളക്ടറും അറിയിച്ചു.
എറണാകുളം കളമശേരി മെഡിക്കല്‍ കോളെജില്‍ നിന്നുള്ള 27 പേരും തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ നിന്നുള്ള 18 പേരുമാണ് ഹിമാചലില്‍ കുടുങ്ങിയത്. ഇവരിൽ 18 പേർ മണാലിയിലും മറ്റുള്ളവർ കൊക്സറിലുമാണ് കുടുങ്ങിക്കിടക്കുന്നത്. ഞായറാഴ്ച ഉച്ചവരെ ഇവരെ ഫോണില്‍ കിട്ടുന്നുണ്ടായിരുന്നില്ല. പിന്നീട് ഇവരുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. പൊടുന്നനെയുള്ള മേഘവിസ്ഫോടനം മൂലമുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലമാണ് ഹൗസ് സര്‍ജന്മാര്‍ മണാലിയിൽ കുടുങ്ങിയത്.കേരളത്തിൽ നിന്നുള്ള ടൂർ ഓപ്പറേറ്റർമാരാണ് മലയാളി ഡോക്ടര്‍മാരെ ഇവിടെ എത്തിച്ചത്. തൃശൂരിൽ നിന്നുള്ള 18 പേരെ സുരക്ഷിത ക്യാംപുകളിലേക്ക് മാറ്റിയതായി ട്രാവൽ ഏജൻസി അറിയിച്ചു. കളമശേരി മെഡിക്കല്‍ കോളെജിലെ 27 ഡോക്ടര്‍മാരും സുരക്ഷിതരാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു. കുടുങ്ങി കിടക്കുന്ന മലയാളികളെ സുരക്ഷിതമയി തിരികെ കൊണ്ടുവരാൻ ദുരന്ത നിവാരണ സേനയുടെ അടക്കം സഹായം തേടിയിട്ടുണ്ട്.
ഈ സംഘത്തിന് പുറമെ ട്രക്കിങ്ങിന് പോയ രണ്ടു മലയാളി യുവാക്കളും വെള്ളപ്പൊക്കത്തില്‍ പെട്ടിട്ടുണ്ട്. ഇവരെ ഇതുവരെയും ബന്ധപ്പെടാനായിട്ടില്ല. വര്‍ക്കല സ്വദേശി യാക്കൂബ്, കൊല്ലം സ്വദേശി സെയ്ദലവി എന്നിവര്‍ മണാലിക്ക് സമീപം തോഷില്‍ കുടുങ്ങിയിരിക്കുകയാണ്. മുഴുവന്‍ മലയാളികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ്ങ് സുഖു ഉറപ്പ് നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: