സ്വയം ശ്രേഷ്ഠതയിലേക്ക് ഉയരുക, അന്യരെ സമുന്നതരാക്കുക എന്നീ രണ്ടു പ്രയോജനങ്ങള്‍ക്കു വേണ്ടി ഈശ്വരന് നമ്മെ ഭാരമേല്പിച്ച ബഹുമൂല്യമായ ന്യാസമാണ് മനുഷ്യ ജന്മം. മനുഷ്യന് സ്വന്തം കൈകളാല്‍ തന്റെ നില അനുസരിച്ചുള്ള ലോകം പടുത്തുയര്‍ത്തുന്നു. അവന് സ്വന്തം ഭാഗ്യം സ്വയം നിര്‍മ്മിക്കുന്നു. പരിഷ്കൃതമായ ജീവാത്മാവില്‍ ബ്രഹ്മസമാനമായ ശക്തി ഉണ്ടെന്നു വേദാന്തങ്ങളും പ്രതിപാദിക്കുന്നുണ്ട്.
അലച്ചിലില്‍ നിന്നും മോചിക്കുകയും ദേവദുര്‍ലഭമായ മാനവജീവിതം സദുപയോഗപ്പെടുത്തി ഉദാത്തമായ എന്തെങ്കിലും നേട്ടം കൈവരിക്കുകയും ചെയ്യണമെങ്കില്‍ പെരുമാറ്റത്തില്‍ ധര്മ്മധാരണയുടെയും സേവാസാധനയുടെയും കുറെ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇതിന് ഈ യുഗത്തിലെ പഞ്ചശീലമെന്നുപറയുന്നു. ഇതുപോലെ തന്നെ മനോമണ്ഡലത്തിലെ ക്രമീകരണത്തിനും വര്‍ച്ചസ്സു നേടുന്നതിനും വേണ്ടി വിവേകം, സത്യസന്ധത, ഉത്തരവാദിത്തം, ധീരത എന്നീ നാലു ഉന്നത മനോഭാവ സൂത്രങ്ങള്‍ക്കും ജീവിതത്തില്‍ സ്ഥാനം കൊടുക്കണം.
പഞ്ചശീലങ്ങളും നാലു വര്ച്ചസ്സുകളും ഇന്നത്തെ യുഗധര്‍മ്മത്തിന്റെ നവരത്നങ്ങളാണ്. ഇവ അഭ്യസിക്കുന്ന ഏതൊരാള്‍ക്കും നവയുഗത്തിനു അനുയോജ്യമായ യോഗ്യത കൈവരിക്കാനാവും. ജീവിതസാധനയുടെ ഈ സുനിശ്ചിതമായ വിധാനങ്ങളോടൊപ്പം ഉപാസന, ആരാധന എന്നിവയെ അതായത് ധ്യാനധാരണയുടെ സ്വരൂപത്തെ മനസ്സിലാക്കി, തന്റേതു മാത്രമല്ല അന്യരുടെയും ഉയര്‍ച്ചയും ഉല്‍ക്കര്‍ഷവും സാദ്ധ്യമാക്കാവുന്ന വിധത്തില്‍ സ്വന്തം വ്യക്തിത്വം വികസിപ്പിക്കാനാവും. ഇന്നത്തെ മഹാകാലത്തിന്റെ വിളിയും ദിവ്യശക്തിയുടെ ഭാവനിര്‍ഭരമായ ആഹ്വാനവും ഇതാണ്.
മാനസിക പുരോഗതി നേടുകയും സമനില പാലിക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ നേരേ ആകും.ഉല്ലാസവാനായ കുട്ടിയെപ്പോലെ പ്രകൃതി നിരന്തരം തന്റെ ലീലാവിലാസങ്ങളില്‍ മുഴുകി കഴിയുന്നു. പഞ്ചഭൂതങ്ങളിലെ മണ്ണും മണലും ശേഖരിക്കുക, ക്രമീകരിക്കുക, കൂട്ടുക, കുറയ്ക്കുക, തകര്‍ക്കുക ഇതാണ് അതിന്റെ പ്രവര്‍ത്തനത്തിന്റെ കേന്ദ്രബിന്ദു. മാന്ത്രികന്റെ ജാലവിദ്യകള്‍ കണ്ടു മതിമറന്നു പോകുന്ന ഉത്സുകരായ കാണികളെപ്പോലെ ആളുകള്‍ ആ കുതൂഹലങ്ങള്‍ കാണാന്‍ ഓടിക്കൂടുന്നു. ചെപ്പടിവിദ്യ കണ്ടു രസിച്ച തനിക്ക് എവിടെയാണ് പോകേണ്ടിയിരുന്നത്, എന്താണ് ചെയ്യേണ്ടിയിരുന്നത് എന്നിങ്ങനെയുള്ള കര്‍ത്തവ്യങ്ങള്‍ മറന്നു കഴമ്പില്ലാത്ത ഭാവനകളില്‍ പറന്നുയരാന്‍ തുടങ്ങുന്നു. മായാകൗതുകങ്ങളില് മനസ്സും സഹായിക്കുന്നു; കൂടെ ചിരിക്കുകയും കരയുകയും പോലും ചെയ്യുന്നു.
ഇതാണ് പ്രകൃതിയുടെ മായ. ഇതില്‍ സാമാന്യ മനുഷ്യന് വല്ലാതെ കുഴഞ്ഞു മറിഞ്ഞു ആശങ്കിച്ചും, വിഷാദിച്ചും, കഷ്ടപ്പെട്ടും കഴിയുന്നു. ചിലപ്പോള്‍ മനുഷ്യന് വെള്ളിത്തിരയിലെ ദൃശ്യങ്ങള്‍ കണ്ടു വിചിത്രമായ അനുഭൂതികളില്‍ ലയിക്കുന്നതായും കാണാറുണ്ട്. ഈ അത്ഭുതങ്ങളെല്ലാം ക്യാമറയും പ്രോജക്ടറും അഭിനേതാക്കളും ഡയറക്ടറും ചേര്‍ന്നുണ്ടാക്കിയ നാട്യജാലമാണെങ്കിലും കാണികള്‍, കാണികള്‍ തന്നെയാണ്; വെള്ളിത്തിരയില്‍ നീങ്ങുന്ന നിഴലുകള്‍ യാഥാര്‍ത്ഥ്യമായി അവര്‍ക്കു തോന്നുകയും അവര്‍ അതില്‍ മുഴുകി ചിരിക്കുകയും കരയുകയും ആക്രോശിക്കുകയും ആവേശഭരിതരാകുകയും ചെയ്യുന്നതായി കാണുന്നു. ഈ കുതൂഹലങ്ങള്‍ എത്ര വിചിത്രമാണെന്നു വച്ചാല്‍ ഇതു ബുദ്ധിമാനെന്നു പറയപ്പെടുന്ന മനുഷ്യനെ തന്നോടൊപ്പം വരിഞ്ഞു കെട്ടി നിര്‍ത്തിയിരിക്കുകയാണ്.
കണ്ണ് തുറന്ന് നോക്കുകയും, ലഹരിയുടെ മയക്കം മാറുകയും, ഈശ്വരന്റെ മുമ്പാകെ എത്തി ഭാരമേല്പിക്കപ്പെട്ട കാര്യങ്ങളെപ്പറ്റി ചോദ്യം ചെയ്യുമ്പോളാണ് ഈ ദിവാസ്വപ്നത്തിന്റെ ചതി മനസ്സിലാകുന്നത്. ഇതിനുമുമ്പായി എത്ര വലിയ വിഭ്രാന്തിയാണ് തലയില്‍ ആധിപത്യം സ്ഥാപിച്ചിരുന്നതെന്നും ഉന്മാദഗ്രസ്തരല്ലാത്ത ആരും ചെയ്യാന്‍ മുതിരാത്ത പ്രവൃത്തികളാണ് ചെയ്തുകൊണ്ടിരുന്നതെന്നും അറിയുന്നില്ല
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: