തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരതാശ്വാസനിധി വകമാറ്റി ചെലവിട്ട കേസില്‍ പരാതിക്കാരനായ ആര് എസ് ശശികുമാറിനെ വിമര്‍ശിച്ചും പരിഹസിച്ചും ലോകായുക്ത. ഇതൊന്ന് തലയില്‍ നിന്ന് പോയിക്കിട്ടിയാല്‍ അത്രയും സന്തോഷമെന്ന് ലോകായുക്ത ജസ്റ്റിസുമാര്‍ പറഞ്ഞു. കേസ് മാറ്റിവയ്ക്കണമെന്ന പരാതിക്കാരന്റെ അപേക്ഷ പരിഗണിക്കവെയായിരുന്നു ലോകായുക്തയുടെ വിമര്‍ശനം.
കേസ് മാറ്റിവയ്ക്കണമെന്ന് ഇടക്കിടെ ആവശ്യപ്പെടുന്നത് നല്ലതാണ്. ഇടയ്ക്കിടെ പത്രത്തില്‍ വാര്‍ത്ത വരുമല്ലോ എന്നാണ് ലോകായുക്ത പരിഹസിച്ചത്. എന്തിനാണ് തങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. ഒന്നുകില്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങണമെന്ന് പറഞ്ഞ ലോകായുക്ത എത്ര ദിവസമായി ഇതിനായി ഫുള്‍ബഞ്ച് ചേരുന്നുവെന്നും ചോദിച്ചു.
കേസ് ഈ മാസം 20ന് പരിഗണിക്കാന്‍ മാറ്റി. കേസ് ലോകായുക്ത ഫുള്‍ബഞ്ചിന് വിട്ട നടപടി ചോദ്യം ചെയ്താണ് ആര്.എസ്.ശശികുമാര്‍ ഹൈക്കോടതിയിലെത്തിയത്. ഈ ഹര്‍ജി തീര്‍പ്പാകാത്തതിനെ തുടര്‍ന്നാണ് കേസ് മാറ്റിവയ്ക്കാന്‍ ലോകായുക്തയില്‍ അപേക്ഷ നല്‍കിയത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് എന്നിവരടങ്ങുന്ന ഫുള്‍ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: