തൃശൂര്‍: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി (53) ആണ് മരിച്ചത്.
ഈ മാസം ആറാം തിയതിയാണ് ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തുമ്പോള്‍ ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു.
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കാമെന്നതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വീടും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. ജൂലായ് മാസത്തില്‍ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. ഇതുപ്രകാരം ആരോഗ്യ ,തദ്ദേശ സ്വയംഭരണ,റവന്യൂ , വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു.
ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും വീണ ജോര്‍ജ് വ്യക്തമാക്കി.വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. പ്രവര്‍ത്തനങ്ങള്‍ ഇടയ്‌ക്കിടയ്‌ക്ക് താലൂക്ക് തലത്തില്‍ വിലയിരുത്താന്‍ നേരത്തെ മന്ത്രിതല യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. അത് തുടരേണ്ടതാണ്.
വെള്ളക്കെട്ടും ഓടകളും മറ്റും നിറഞ്ഞൊഴുകാനുള്ള സാധ്യതയുള്ളതിനാലും എലിപ്പനി പ്രതിരോധവും പ്രധാനമാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, സന്നദ്ധ, രക്ഷാ പ്രവര്‍ത്തകര്‍ എന്നിവര്‍ ശ്രദ്ധിക്കണം. മലിനമാകാന്‍ സാധ്യതയുള്ള ജല സ്രോതസുമായോ വെള്ളക്കെട്ടുമായോ മൃഗങ്ങളുടെ വിസര്‍ജ്യവുമായോ സമ്പര്‍ക്കമുണ്ടായാല്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: