വിശാഖപട്ടണം: റിട്ട. നാവികസേന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ ആന്ധ്രയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്വര്‍ണലതയ്ക്ക് രാഷ്ട്രീയത്തിലെ ഉന്നതരുമായി അടുത്തബന്ധം. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കളുമായി സ്വര്‍ണലത അടുത്തബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് വിവരം. ഇവര്‍ക്കുവേണ്ടി പ്രമുഖ നേതാക്കള്‍ ഇടപെട്ടതായും റിപ്പോര്‍ട്ടുണ്ട്. സിനിമാമോഹമുള്ള സ്വര്‍ണലതയ്ക്ക് രാഷ്ട്രീയനേതാവും സിനിമാ നിര്‍മാതാവുമായ ഉന്നതനാണ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തിരുന്നത്. തുടര്‍ന്ന് എപി 31 എന്ന ചിത്രത്തിലും അഭിനയിച്ചു. ഇന്‍സ്റ്റഗ്രാം റീല്‍സിലും ആല്‍ബങ്ങളിലും സ്വര്‍ണലത സജീവമാണ്.
ഹോം ഗാര്‍ഡ് എസ്എസ്ഐ ആയിരിക്കെ നിയമനവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിജയവാഡയിലേക്ക് സ്ഥലം മാറ്റിയെങ്കിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കളുടെ ശിപാര്‍ശയോടെ മടങ്ങിയെത്തി. മൂന്നുവര്‍ഷം മുന്‍പ് ടിഡിപി നേതാവും മുന്‍മന്ത്രിയുമായ അയ്യന്നപത്രുഡുവിനെ വിമര്‍ശിച്ച് സ്വര്‍ണലത വിവാദത്തില്‍പെട്ടിരുന്നു.
നോട്ട് വിനിമയ തട്ടിപ്പുകേസില്‍ സ്വര്ണലതയെക്കൂടാതെ കോണ്‍സ്റ്റബിള്‍ എം. ഹേമസുന്ദര്‍, ഹോംഗാര്‍ഡ് വി. ശ്രീനിവാസ റാവു എന്ന ശ്രീനു, ഇടനിലക്കാരനായ വി. സുരി ബാബു എന്നിവരാണ് അറസ്റ്റിലായത്. റിട്ട. നാവികസേന ഉദ്യോഗസ്ഥരായ രണ്ടുപേരില്‍നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. രണ്ട് റിട്ട. ഉദ്യോഗസ്ഥര്‍ക്കും വിരമിക്കല്‍ ആനുകൂല്യമായി 90 ലക്ഷം രൂപ ലഭിച്ചിരുന്നു. സുരി ബാബുവുമായി അടുപ്പമുള്ള ഗോപി എന്നയാള്‍ ഇവരെ ബന്ധപ്പെടുകയും 90 ലക്ഷം രൂപ അഞ്ഞൂറുരൂപയുടെ നോട്ടുകളായി നല്കിയാല് ഒരുകോടി രൂപ തിരികെ നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. രണ്ടായിരം രൂപയുടെ നോട്ടുകളായാണ് പണം ലഭിക്കുകയെന്നും ഇയാള്‍ പറഞ്ഞിരുന്നു.
പത്ത് ലക്ഷം അധികം ലഭിക്കുമെന്ന വാഗ്ദാനത്തില്‍ ഇവര്‍ വീണു. ഇതിനിടെ സുരി ബാബു വഴി ശ്രീനിവാസ റാവുവും ഹേമസുന്ദറും ഇടപാട് അറിഞ്ഞു. ഇവര്‍ ഇക്കാര്യം സ്വര്‍ണലതയെ അറിയിച്ചു. തുടര്‍ന്ന് ജൂണ്‍ മൂന്നിന് പണവിനിമയം നടക്കുന്നതിനിടെ ഇവര്‍ സ്ഥലത്തെത്തുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുമായിരുന്നു.
ആദായനികുതി വകുപ്പ് അറിഞ്ഞാല്‍ മുഴുവന്‍ പണവും അവര്‍ പിടിച്ചെടുക്കുമെന്ന് പറഞ്ഞതോടെ റിട്ട. നാവികസേന ഉദ്യോഗസ്ഥര്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കാമെന്ന് സമ്മതിച്ചു. സംഭവം പുറത്തറിയാതിരിക്കാന്‍ അഞ്ചുലക്ഷം രൂപയാണ് സ്വര്‍ണലത വാങ്ങിത്. കോണ്‍സ്റ്റബിള്‍ ഹേമസുന്ദറിന് രണ്ട് ലക്ഷവും ഹോംഗാര്‍ഡിന് പതിനായിരം രൂപയും നല്കി. സുരി ബാബു അഞ്ച് ലക്ഷം രൂപ കൈക്കലാക്കി. പണം വാങ്ങിയശേഷം സ്ഥലത്തുനിന്ന് എത്രയുംവേഗം മടങ്ങാനായിരുന്നു സ്വര്‍ണലത നാവികസേന ഉദ്യോഗസ്ഥര്‍ക്ക് നല്കിയ നിര്‍ദേശം. തുടര്‍ന്ന് ജൂണ്‍ ആറിന് ഇവര്‍ പരാതിയുമായി സിറ്റി പോലീസിനെ സമീപിക്കുകയായിരുന്നു.
അറസ്റ്റിലായ നാല് പേരെയും 21 വരെ കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ സസ്പന്‍ഡ് ചെയ്തയി പോലീസ് വകുപ്പ് അറിയിച്ചു. ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: