സ്റ്റോക്ക് ഹോം: സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക് ഹോമില്‍ മുസ്ലിം പള്ളിക്ക് മുന്നില്‍ ഇറാഖി അഭയാര്‍ത്ഥിയായ സല്വാന് മോമിക ഖുറാന് കത്തിച്ചതിനെ തുടര്‍ന്ന് സ്വീഡനില്‍ നിന്നുള്ള ഇറക്കുമതി യെമനില്‍ നിരോധിച്ചതായി പ്രഖ്യാപിച്ച് ഇസ്ലാമിക തീവ്രവാദി സംഘടനയായ ഹൂതികള്‍.
അല്‍ മസിറ എന്ന ഹൂതികള്‍ നടത്തുന്ന ടിവി ചാനലിലാണ് ഈ അറിയിപ്പ് പുറത്ത് വന്നത്. മുസ്ലിങ്ങളുടെ പരിശുദ്ധഗ്രന്ഥത്തെ അപമാനിച്ചതിന്റെ പേരില്‍ സ്വീഡനില്‍ നിന്നുള്ള ചരക്കുകളുടെ ഇറക്കുമതി ഇനി മുസ്ലിം രാഷ്ട്രമായ യെമന്‍ നിരോധിച്ചിരിക്കുന്നുവെന്നാണ് ഹൂതികള്‍ ടിവി ചാനലിലൂടെ യെമനിലെ വ്യാപാര മന്ത്രി അറിയിച്ചിരിക്കുന്നത്.
മറ്റ് ഇസ്ലാമിക രാഷ്ട്രങ്ങളും സ്വീഡനില്‍ നിന്നുള്ള ചരക്കുകള്‍ ബഹിഷ്കരിക്കണമെന്നും യെമനിലെ വ്യാപാരമന്ത്രി ആവശ്യമുയര്‍ത്തിയിട്ടുണ്ട്. ഇത് സ്വീഡന് നല്കുന്ന ഏറ്റവും ചെറിയ ശിക്ഷയാണെന്ന് യെമന്‍ വ്യാപാരമന്ത്രി അഭിപ്രായപ്പെടുന്നു.
ഹൂതി എന്ന ഗോത്രവര്ഗ്ഗത്തില് നിന്നുള്ള സയ്ദി ഷിയാകളാണ് ഹൂതി എന്ന ഇസ്ലാമിക പ്രസ്ഥാനത്തിന് പിന്നിലുള്ളത്. ഇറാനാണ് ഹൂതികള്‍ക്ക് സൈനിക സഹായം നല്‍കുന്നതെന്ന് ആരോപിക്കപ്പെടുന്നു. ഹൂതികളെ പല നിഴല്യുദ്ധങ്ങള്ക്കും ഇറാന് ഉപയോഗിക്കുന്നു. യെമന്റെ വടക്കന്‍ മേഖലകള്‍ കയ്യടക്കിയിരിക്കുന്നവരാണ് ഇസ്ലാമിക തീവ്രവാദികളായ ഹൂതികള്‍. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കെതിരെ ഹൂതികള്‍ പോരാടുകയും ചെയ്യുന്നു. യുഎസ് പ്രസിഡന്റായിരിക്കെ ഡൊണാള്‍ഡ് ട്രംപ് ഹൂതികളെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജോ ബൈഡന് അധികാരത്തില്‍ വന്നപ്പോള്‍ ഈ പ്രഖ്യാപനം പിന്‍വലിച്ചു.
സ്വീഡനിലെ ഖുറാന് വിരുദ്ധ പ്രക്ഷോഭം
സ്വീഡനിലെ പൊലീസ് തന്നെയാണ് സ്റ്റോക്ക് ഹോമിലെ ഏറ്റവും വലിയ പള്ളിക്ക് മുന്പില് ഖുറാന് കത്തിക്കുന്നതിന് ഇറാനില്‍ നിന്നുള്ള അഭയാര്‍ത്ഥിയായ സല്വാന് മൊമികയ്ക്ക് അനുവാദം നല്‍കിയത്. എന്നാല്‍ പിന്നീട് ഖുറാന് കത്തിച്ചുകൊണ്ടുള്ള പ്രക്ഷോഭം നടത്താനുള്ള ചില സംഘടനകളുടെ തീരുമാനം സ്വീഡിഷ് കോടതി വിലക്കി. അതുപോലെ സ്വീഡനിലെ തുര്‍ക്കി, ഇറാഖി എംബസികള്‍ക്ക് മുന്പില് ഖുറാന് കത്തിക്കുന്നതിന് അനുവാദം ചോദിച്ച വ്യക്തിയെയും ഒരു സ്വകാര്യസംഘടനയെയും ഈ ഫെബ്രുവരിയില്‍ സ്വീഡിഷ് പൊലീസ് വിലക്കി.
ഇതിന് മുന്‍പ് ഇസ്ലാമിക വിരുദ്ധ രാഷ്ട്രീയക്കാരനായ റാസ്മസ് പലൂഡന് തുര്‍ക്കി എംബസിക്ക് മുന്പില് ഖുറാന് കത്തിച്ചതിനെ തുടര്‍ന്ന് നേറ്റോയില്‍ അംഗത്വമെടുക്കാനുള്ള സ്വീഡന്റെ നീക്കത്തെ വിലക്കിയിരിക്കുകയാണ് തുര്‍ക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: