ന്യൂദല്‍ഹി : ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു.ഹിമാചല്‍പ്രദേശില്‍ പ്രളയ സമാന സാഹചര്യമാണ് . ഏഴ് ജില്ലകളില്‍ ചുവപ്പ് ജാഗ്രതയാണ്. നിരവധി വീടുകള്‍ തകര്‍ന്നു.
കുളുവില്‍ ദേശീയപാത മൂന്നിന്റെ ഒരു ഭാഗം വെളളപ്പാച്ചിലില്‍ ഒലിച്ചുപോയി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുളു മണാലി പാതയിലെ ഗതാഗതം തടസപ്പെട്ടു. അടല്‍ തുരങ്കത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തി. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്
ബിയാസ് നദിയില്‍ അപകടനിലയ്ക്ക് മുകളിലാണ് വെളളം.മണ്ഡി ജില്ലയില്‍ പാലം ഒലിച്ചുപോയി. ഷിംല കല്‍ക്ക ട്രെയിന്‍ സര്‍വീസ് റദ്ദാക്കി. ജമ്മു കശ്മീരിലെ പൂഞ്ചില്‍ പട്രോളിംഗിനിടെ ഒഴുക്കില്‍ പെട്ട രണ്ട് സൈനികര്‍ മരിച്ചു.
രാജസ്ഥാന്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും മഴ ശക്തമായതിനെ തുടര്‍ന്ന് വെള്ളക്കെട്ട് രൂക്ഷമായി. റംബാനില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജമ്മു ശ്രീനഗര്‍ ദേശീയപാത അടച്ചു. മഴക്കെടുതിയില്‍ രാജസ്ഥാനില്‍ നാല്, ഉത്തര്‍പ്രദേശില്‍ രണ്ട്, ഡല്‍ഹിയില്‍ ഒന്ന് എന്നിങ്ങനെയാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ദല്‍ഹി നഗരം വെളളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലെഫ്റ്റനന്റ് ഗവര്‍ണറുമായി സംസാരിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: