പുണ്യപാവനോപാഖ്യാനം
വസിഷ്ഠന്‍ പറഞ്ഞു, ‘മോഹബീജങ്ങളേറ്റം വിതയ്‌ക്കുന്നവയായും ആഹന്ത സര്‍വ ആപത്തുകള്‍ക്കും ദൃഷ്ടികളായുള്ള വല്ലാത്ത കുദൃഷ്ടികള്‍ ചൊല്ലാര്‍ന്ന പ്രപഞ്ചം, (കാര്യകാരണങ്ങള്‍) കണ്ടീടും നേരത്തിങ്കല്‍ നാശത്തെ പ്രാപിക്കുന്നു. ഉള്ളില്‍ വിചാരമാര്‍ന്ന് എല്ലാനേരവും ലോകമൊക്കെ ചഞ്ചലമെന്നു കണ്ടീടുന്നവന്നു ജനകനെന്നപോലെ ആത്മാവേറ്റം സ്വയം പ്രകാശിക്കും.
ഇപ്പാരില്‍ ഭവഭീതന്മരായുള്ളവര്‍ക്കെല്ലാം സ്വപ്രയത്‌നമൊന്നല്ലാതെ വിത്തവും ബന്ധുക്കളും ദൈവവും കര്‍മ്മങ്ങളും തീര്‍ത്തും ഇത്തിരിപോലും ഉപകരിച്ചീടുകയില്ല. രാമ! കേട്ടുകൊള്ളുക, ഞാനിതെന്നുള്ള സങ്കോചം വിലയം പ്രാപിക്കുകില്‍ സത്വരം സര്‍വലോകവ്യാപിയായീടുന്ന ഒരു വിസ്താരം ഉണ്ടായിവരുമെന്നതില്‍ തര്‍ക്കമില്ല. ഞാന്‍ ഈ ശരീരമാണെന്നുള്ള ഒരു നിശീഥിനി, മാനവേശ്വരസൂനോ! നാശത്തെ പ്രാപിക്കുകില്‍ സമൃദ്ധമായി സര്‍വഗതമായീടുന്ന സ്വന്തം നോട്ടം സ്വയം പ്രവര്‍ത്തിച്ചുകൊണ്ടീടുന്നു. കൈക്കൊണ്ടീടുക, കളഞ്ഞീടുക എന്നുള്ളതാണ് മനസ്സിനു ബന്ധം, മറ്റൊന്നുമല്ല. ത്യാഗയോഗ്യങ്ങളെല്ലാം ഖേദത്തെ പ്രാപിക്കരുത്, നീ സ്വീകരണപരനായി ഭവിക്കരുത്. ത്യാഗവും സ്വീകരണവും എല്ലാം ദൂരെക്കളഞ്ഞ് നീ എല്ലായ്‌പ്പോഴും സമദൃഷ്ടിയില്‍ വാണീടുക.
സമത, നിരാശത, ജ്ഞാനനിഷ്ഠത, ധൃതി (ധാരണ), മൃദുത, നിഷ്‌ക്രിയത, നിര്‍വികല്പത, മൈത്രി, മൃദുഭാഷിത, നല്ലസൗമ്യത, മനസ്തുഷ്ടി എന്നിവയെല്ലാം കൊടുക്കല്‍ വാങ്ങലുകളെ വിട്ടുവാണീടുന്നവനില്‍ അറിവില്ലായ്മ വര്‍ദ്ധിക്കുന്നു. ചിന്തയായീടുന്ന ഒരു നൂലിനാല്‍ വിസ്തരിച്ച് ഭവകീലാലപ്രസൃത(ഭവം=ലോകം, കീലാലം=വെള്ളം, പ്രസൃതം= കൈക്കുള്ളിലാക്കിയ ജലം)മായി പാരിച്ച തൃഷ്ണയാകുന്ന മത്സ്യക്കൂട്ടത്തെ പിടിപ്പതായ ഒരു വാസനയായീടുന്ന കത്തികൊണ്ടു ഛേദിച്ചുകൊണ്ടീടുക. മേഘങ്ങളെ കാറ്റടിച്ചകറ്റുന്നതുപോലെ രാഘവ! ഛേദിച്ച് നീ തല്പദത്തില്‍ വാഴുക. കോടാലികൊണ്ടു വൃക്ഷത്തെയെന്നതുപോലെ ചേതസ്സാ ചേതസ്സിനെ പെട്ടെന്നു ഛേദിച്ചു നീ പാവനമായീടുന്ന പദത്തെ പ്രാപിച്ച് എന്നും അല്പംപോലും ചാഞ്ചല്യം ഭവിക്കാതെ മേവീടുക. നില്ക്ക, പോവുക, ഉറങ്ങുക, ഉണരുക, നിശ്വസിക്കുക, ഉല്‍പ്പതിക്കുക, പതിക്കുക സത്യമല്ലിവയൊന്നുമെന്നു നീ നന്നായി ധരിച്ച് താല്പര്യങ്ങളെ പരിത്യജിച്ചീടുക കുമാരക!
അനഘ! മാംസത്തില്‍ കൊതിപൂണ്ട പൂച്ച വനത്തില്‍ സിംഹത്തിന്റെ പിന്നാലെ ചെന്നീടുന്നതുപോലെ, ജഡമായ മാനസം വാസനയാല്‍ ചിത്തത്വത്തെ അനുധാവനം ചെയ്തീടുന്നു. സിംഹത്തിന്റെ വീര്യത്താല്‍ കിട്ടിയ മാംസത്തെ പിന്നാലെ ചെന്ന ജന്തു തിന്നുന്നു. സംഭവത്തില്‍ വീര്യവശാല്‍ പ്രാപ്തമാകുന്ന ദൃശ്യത്തിനെ മനസ്സുതാന്‍ സര്‍വദാ സമാശ്രയിച്ചീടുന്നു. ദൃശ്യത്തെ നീ ആശ്രയിച്ചീടുന്നുവെന്നാകിലോ നീ സ്വയം സചിത്തനായി ബന്ധവാനായീടുന്നു. ദൃശ്യത്തെ നീ സന്ത്യജിച്ചീടുന്നു എന്നാകിലോ, നിശ്ചയം, അചിത്തനായി മോക്ഷവാനായീടുന്നു. ഞാനും ഇക്കാണുന്നതും ഇല്ലെന്നു നിശ്ചയിച്ചു നീ നളിനായതാക്ഷ! സുസ്ഥിരനായി സദാ ആകാശമെന്നതുപോലെ നിര്‍മ്മലഹൃദയനായി നല്ലോരു ഹൃദയത്തില്‍ വര്‍ത്തിക്കുക. തനിക്കും ജഗത്തിനും മദ്ധ്യമായീടുന്ന ദ്രഷ്ടാവും ദൃശ്യവും ചേര്‍ന്ന ദശാന്തരത്തില്‍ വര്‍ത്തിച്ചീടുന്നതായ ദര്‍ശനം സ്വന്തം ആത്മാവിനെ ഭാവനചെയ്യുന്നവനായി സര്‍വസല്‍ഗുണസിന്ധോ! രാമ! നീ വര്‍ത്തിച്ചാലും. സ്വാദിനെ അറിയുന്ന രസനേന്ദ്രിയത്തെയും സ്വാദിനെ നല്‍കീടുന്ന സാധനത്തെയും നീക്കി സ്വാദിനെ മാത്രം നിത്യം ധ്യാനിച്ചുകൊണ്ടു നന്നായി സാധോ! നീപരമാത്മമയനായി ഭവിച്ചാലും. നീ കേള്‍ക്കുക, ഭജിക്കപ്പെടുന്ന വസ്തുവിന്റെയും ഭജിക്കുന്നവന്റെയും ആലംബഹീനമായ മദ്ധ്യം നന്നായിട്ടാശ്രയിച്ചു മദ്ധ്യത്തില്‍ സദാ സ്ഥിരനായി ഭവിച്ചീടുക. അനഘ! ഞാനെന്നുള്ളതായ തന്‍ഭാവനയെ എപ്പോഴും ഭവമായീടുന്ന ഒരു കത്തികൊണ്ട് ഛേദിച്ചു സര്‍വഭൂതഭൂതിയെ ജയിച്ച് ഏറ്റം മോദിച്ച് സംസാരത്തെ കടന്നു വര്‍ത്തിച്ചാലും. ‘
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: