ഗുരുവായൂര്‍: വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്ര ശനിയാഴ്ച ഗുരുവായൂരപ്പന് വഴിപാടായി നല്‍കിയത് ഒരു കാറാണ്. 28,85,853 രൂപയോളം ഓണ്‍ റോഡ് വിലവരുന്ന എക്സ്.യു.വി. വിഭാഗത്തില്‍ വരുന്ന 700 എഎക്സ്-7 സീരീസിലെ 2000 സി.സിയുടെ വെള്ള നിറത്തിലുള്ള ഓട്ടോമാറ്റിക്ക് പെട്രോള്‍ കാറാണ് ഇത്തവണ മഹീന്ദ്ര, ഗുരുവായൂരപ്പനു സമര്‍പ്പിച്ചത്.
വിപണിയില്‍ മഹീന്ദ്രയ്ക്ക് നല്ല വില്പനയുള്ള വാഹനമാണിത്. ശനിയാഴ്ച ഉച്ചപൂജയ്ക്കു ശേഷം നടതുറന്ന നേരത്തായിരുന്നു വാഹനസമര്പ്പണച്ചടങ്ങ്. കിഴക്കേനടയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് വാഹനത്തിന്റെ താക്കോല്‍ മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡിന്റെ ആട്ടോമോട്ടീവ് ടെക്നോളജി ആന്റ് പ്രോഡക്ട് ഡെവലപ്മെന്റ് പ്രസിഡന്റ് ആര്. വേലുസ്വാമിയില് നിന്നും ഏറ്റുവാങ്ങി.
ദേവസ്വം ഭരണസമിതിയംഗം സി. മനോജ്, ക്ഷേത്രം ഡെ. അഡ്മിനിസ്ട്രേറ്റര്‍ പി. മനോജ്കുമാര്‍, ഡെ. അഡ്മിനിസ്ട്രേറ്റര്‍ (എസ്ആന്റ്പി) എം. രാധ, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലി. ഡെ. ജനറല്‍ മാനേജറും എക്സി. ഡയറക്ടറുമായ സുബോധ് മോറി, റീജിയണല്‍ സെയില്‍സ് മാനേജര്‍ ദീപക്കുമാര്‍, ക്ഷേത്രം അസി. മാനേജര്‍ രാമകൃഷ്ണന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 2021 ഡിസംബറില്‍ ലിമിറ്റഡ് എഡിഷന് ഥാര്‍ വാഹനവും മഹീന്ദ്ര ആന്റ് മഹീന്ദ്ര ക്ഷേത്രത്തിലേക്കു സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ലേലവില്പന സംബന്ധിച്ച് ദേവസ്വം വിവാദത്തിലും പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: