തൃശൂര്‍: ശ്രീവടക്കുന്നാഥ ക്ഷേത്രത്തില്‍ ആനയൂട്ട് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. ജൂലൈ 17 ന് (കര്‍ക്കിടകം 1) ആണ് ചടങ്ങുകള്‍. 41ാമത് വര്‍ഷമാണ് വടക്കുന്നാഥനിലെ ആനയൂട്ട് നടക്കാന്‍ പോകുന്നത്. ഈ വര്‍ഷം 70 ഓളം ആനകള്‍ പങ്കെടുക്കും. കേരളത്തിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും ആനകള്‍ പങ്കെടുക്കും.
കേരളത്തിലെ ആദ്യ ആനയൂട്ട് വടക്കുന്നാഥ ക്ഷേത്രത്തില്‍ ആണ് ആരംഭിച്ചത്. അന്നത്തെ യുവജന കൂട്ടായ്മയായ യുവജന കര്‍മസമിതി ആണ് ഊട്ട് ആരംഭിച്ചത്. അഷ്ടദ്രവ്യങ്ങള്‍ ആയി 10,008 നാളികേരം, 2000 കിലോ വെല്ലം, 1500 കിലോ അവില്, 250 കിലോ മലര്, 100 കിലോ എള്ള്, 75 കിലോ തേന്‍, കരിമ്പ്, ഗണപതി നാരങ്ങ തുടങ്ങിയവയാണ് അഷ്ടദ്രവ്യങ്ങള്‍ ആയി ഉപയോഗിക്കുക. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ ആണ് മഹാഗണപതി ഹോമം. 50 ഓളം തിരുമേനിമാര് സഹകാര്‍മികത്വം വഹിക്കും.
ആനയൂട്ട് രാവിലെ 9.30 ന് ആരംഭിക്കും. ക്ഷേത്രം മേല്‍ശാന്തി അണിമംഗലം രാമന് നമ്പൂതിരി ആദ്യ ഉരുള നല്കി ആനയൂട്ട് ഉദ്ഘാടനം ചെയ്യും. ആനയൂട്ട് 1 കോടി രൂപക്ക് ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ ആണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. അന്നേ ദിവസം അന്നദാന മണ്ഡപത്തില്‍ 7000 പേര്‍ക്ക് അന്നദാനവും ഉണ്ടായിരിക്കും. വൈകീട്ട് കൂത്തമ്പലത്തില്‍ വിശേഷാല്‍ ഭഗവത് സേവ ഉണ്ടായിരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: