ഡോ.ആര്.ഗോപിമണി
9447020075
ജീവിതത്തിന്റെ ആദ്യപകുതിയില്‍ ഒരു തികഞ്ഞ ഭൗദികവാദിയും സിഐടിയു എന്ന ഇടതുപക്ഷ ട്രേഡ് യൂണിയന്റെ കൊല്ലം ജില്ലാ സെക്രട്ടറിയുമായി ജീവിച്ച പി. കേശവന് നായരുടെ അവസാന കൃതിയാണ് ‘നവ പാരിസ്ഥിതിക ചിന്തകള്‍.’ ഫിസിക്സില്‍ ബിരുദാനന്തര ബിരുദം നേടിയശേഷമാണ് അദ്ദേഹം സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായത്. പക്ഷേ, ഈ അവസരത്തിലും തന്റെ ശാസ്ത്രാഭിനിവേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ‘സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പ്രപഞ്ചം’ എന്ന ആദ്യപുസ്തകം എണ്‍പതുകളില്‍ പ്രസിദ്ധീകരിച്ചതിലൂടെ ശാസ്ത്രകുതുകികളോടുള്ള ബന്ധം നിലനിര്‍ത്തി. ഈ പുസ്തകത്തിന് ആമുഖം എഴുതിയത് സാക്ഷാല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിയിരുന്നു എന്ന കാര്യം നാം ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ടിയിരിക്കുന്നു. കാരണം, പിന്നീടുള്ള അദ്ദേഹത്തിന്റെ ബൗദ്ധിക പ്രയാണം മറ്റൊരു ദിശയിലേക്കായിരുന്നു.
ആഴത്തിലുള്ള വായനയിലൂടെ, ഉത്തരാധുനിക ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന പ്രപഞ്ച സ്ഥിതി മറ്റൊരു ദിശയിലേക്കാണെന്ന് കേശവന് നായര്‍ കണ്ടെത്തുകയായിരുന്നു. അതിന്റെ ഫലമായി കഴിഞ്ഞ നാല് പതിറ്റാണ്ടുകള്‍ക്കിടയില്‍ പ്രപഞ്ചം, പ്രപഞ്ചനൃത്തം, ഭൗതികത്തിനപ്പുറം, വിപരീതങ്ങള്‍ക്കപ്പുറം, ബോധത്തിന്റെ ഭൗതികം, മനുഷ്യമനസ്സും ക്വാണ്ടം സിദ്ധാന്തവും, ദ്രവ്യ സങ്കല്‍പ്പം തുടങ്ങി ഉത്തരാധുനിക ശാസ്ത്രത്തെ ഭാരതീയ ദര്‍ശനങ്ങളുമായി സമരസപ്പെടുത്തുന്ന ഏതാണ്ട് ഇരുപതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നു! തൊണ്ണൂറുകളുടെ ആരംഭത്തില്‍ അദ്ദേഹം ഇടതുപക്ഷ രാഷ്ട്രീയത്തോട് വിടപറയുകയും ഒരു മുഴുവന്‍സമയ എഴുത്തുകാരനായി മാറുകയുമായിരുന്നു.
രണ്ടായിരാമാണ്ടില്‍, പ്രസിദ്ധീകരിച്ച “Beyond Red’ എന്ന ഇംഗ്ലീഷ് പുസ്തകവും ‘മാര്‍ക്സിസം ശാസ്ത്രമോ’ എന്ന ഗ്രന്ഥവും ലോക കമ്യൂണിസത്തിന്റെ തകര്‍ച്ചയുടെ ചരിത്രമാണ് രേഖപ്പെടുത്തിയത്. അതോടെ കേശവന് നായര്‍ കേരളത്തിലെ കമ്യൂണിസ്റ്റ് സൈദ്ധാന്തികരുടെ കണ്ണിലെ കരടായി മാറി. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പല മുഖ്യധാരാ പ്രസാധകരും വിസമ്മതിക്കുന്ന ഒരവസ്ഥയുണ്ടായി. ഇത് കേശവന് നായരെ ഒട്ടൊന്നുമല്ല വിഷമിപ്പിച്ചത്. ചെറിയൊരസുഖത്തെ തുടര്‍ന്ന് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞുപോയത് അടുത്തകാലത്താണ് (2021 മെയ് 5 ന്).
‘നവ പാരിസ്ഥിതിക ചിന്തകള്‍’ വെറും പരിസ്ഥിതിയെ കുറിച്ച് മാത്രമുള്ള ഒരു ഗ്രന്ഥമല്ല. കേരളത്തിലെ നവോത്ഥാന നായകരും ഇടത് ബുദ്ധിജീവികളും മനഃപൂര്‍വം മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്ന ചില ഉത്തരാധുനിക ശാസ്ത്ര കണ്ടെത്തലുകളാണ് ഈ പുസ്തകത്തില്‍ ആദ്യ പകുതിയില്‍ നിറഞ്ഞുനില്ക്കുന്നത്.
ഗലീലിയോ മുതല്‍ ഐസക് ന്യൂട്ടണ്‍ വരെയുള്ള ശാസ്ത്രജ്ഞര്‍ മുന്നോട്ടുവച്ച പ്രപഞ്ചവീക്ഷണങ്ങളെയാണ് പാശ്ചാത്യര്‍ നവോത്ഥാനകാല ചിന്തകളായി ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍-ആഫ്രിക്കന്‍ കോളനികളില്‍ പ്രചരിപ്പിച്ചത്! പ്രപഞ്ചത്തിനെ അതിന്റെ ഘടകവസ്തുക്കളായി വേര്‍തിരിച്ച് പഠിക്കുന്നതിലൂടെ നമുക്ക് എല്ലാ കാര്യങ്ങളും മനസ്സിലാക്കാമെന്ന ‘ന്യൂനീകരണസിദ്ധാന്ത’മാണ് അവര്‍ മുന്നോട്ടുവച്ചത്. പക്ഷേ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യമായപ്പോള്‍ കാള്‍ പോപ്പര്‍ (1902-1994) എന്ന ജര്‍മന്‍ തത്വചിന്തകന്‍ ഈ ന്യൂനീകരണ സിദ്ധാന്തത്തിന്റെ ന്യൂനതകള്‍ ലോകത്തോട് പ്രഖ്യാപിച്ചുകൊണ്ട് തന്റെ വിഖ്യാതമായ ‘കപടീകരണ സിദ്ധാന്തം’ അവതരിപ്പിച്ചു. പരീക്ഷണങ്ങളിലൂടെ ഒരു സിദ്ധാന്തം തെറ്റാണെന്നെങ്കിലും തെളിയിക്കാന്‍ കഴിഞ്ഞാലേ അത് ശാസ്ത്രീയമെന്ന് വിലയിരുത്താനാകൂ എന്നാണ് കപടീകരണ സിദ്ധാന്തം പറയുന്നത്.
‘ആദിയില്‍ ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത്’ എന്ന മതപരമായ സങ്കല്‍പ്പനം തെറ്റാണെന്ന് തെളിയിക്കാന്‍ പോലും കഴിയാത്തതുകൊണ്ട് മാത്രമാണ് അത് അശാസ്ത്രീയം എന്ന് വിലയിരുത്തപ്പെടുന്നത്. അതേസമയം, ‘മുതലാളിത്ത വ്യവസ്ഥിതിയിലെ ആന്തരിക വൈരുദ്ധ്യങ്ങള്‍ ജനതയെ ഒരു വിപ്ലവത്തിലേക്കും അതിലൂടെ സോഷ്യലിസത്തിലേക്കും ഒടുവില്‍ കമ്യൂണിസത്തിലേക്കും നയിക്കും’ എന്ന മാര്‍ക്സിയന്‍ പ്രവചനം തെറ്റാണെന്ന് തെളിയിക്കാന്‍ കഴിയുന്നതിലൂടെയാണ് അത് ശാസ്ത്രീയമാകുന്നതെന്ന് കാള്‍ പോപ്പര്‍ പറയുന്നു! തന്റെ പ്രസ്താവത്തെ സാധൂകരിക്കാന്‍ അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന വാദങ്ങള്‍ ഇവയാണ്: ‘കമ്യൂണിസം വന്ന രാജ്യങ്ങളില്‍ ഒന്നില്‍പോലും അതിന് മുമ്പ് മുതലാളിത്ത വ്യവസ്ഥ ഉണ്ടായിരുന്നില്ല. അതേസമയം വ്യാവസായികമായി വികസിച്ച ഒരു രാജ്യത്തും (ഉദാ: യുഎസ്എ, യൂറോപ്യന്‍ രാഷ്ട്രങ്ങള്‍) കമ്യൂണിസം പോയിട്ട് സോഷ്യലിസംപോലും നടപ്പിലായിട്ടില്ല. (The Logic of scientific Discovery, 1934).
കാള്‍പോപ്പര്‍ ഇതെഴുതുന്ന കാലത്ത് സോവിയറ്റ് തകര്‍ച്ച ആരും വിദൂരമായിപ്പോലും പ്രതീക്ഷിച്ചതല്ല! പക്ഷേ, ചരിത്രം കാള്‍ പോപ്പറുടെ തത്വചിന്തകളെയാണ് പില്ക്കാലത്ത് പിന്തുണച്ചത്.
ഇരുപതാം നൂറ്റാണ്ടില്‍ ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തങ്ങളും ഹൈസന്‍ബര്‍ഗ്, നീല്‍സ് ബോര്, ഇര്വിന് ഷ്റോഡിഞ്ചര്‍ തുടങ്ങിയ അനേകം ശാസ്ത്ര പ്രതിഭകള്‍ മുന്നോട്ടുവച്ച പുതിയ പ്രപഞ്ചവീക്ഷണങ്ങളടങ്ങുന്ന ഉത്തരാധുനിക ശാസ്ത്രം ഭൗതികവാദത്തിന് പുതിയ ഒരു മുഖവും ഭാവവും നല്‍കിയതിന്റെ കഥകളാണ് കേശവന് നായര്‍ തന്റെ ഈ പുസ്തകത്തില്‍ വിവരിക്കുന്നത്. അതിലെ ചിന്താവിപ്ലവങ്ങള്‍, യാന്ത്രിക വീക്ഷണം, പുത്തന്‍ ഭൗതികം തുടങ്ങിയ അധ്യായങ്ങള്‍ ക്ലാസിക്കല്‍ ഭൗതികത്തിന്റെ ചരമഗതിയെയാണ് വിവരിക്കുന്നത്. തുടര്‍ന്നാണ് അദ്ദേഹം ഈ നൂറ്റാണ്ടില്‍ ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ ഏറ്റവും ഗൗരവം അര്‍ഹിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റി വിവരിക്കുന്നത്. ഊര്‍ജപ്രതിസന്ധി, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, സാമ്പത്തിക അസമത്വം എന്നീ വിഷയങ്ങളാണ് ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. മനുഷ്യന്റെ ആര്ഭാടത്വരയ്ക്ക് ആക്കംകൂട്ടുന്ന വ്യാവസായിക സംസ്കാരം മുന്നോട്ടുവയ്ക്കുന്ന ‘വികസനം’ എന്ന ഏകമുഖമായ പ്രവര്‍ത്തനത്തിന് മുന്‍തൂക്കം നല്കുന്ന പദ്ധതികളാണ് ഇന്ന് ലോകമെങ്ങുമുള്ള ഭരണാധികാരികള്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്ന് ഗ്രന്ഥകര്‍ത്താവ് കുറ്റപ്പെടുത്തുന്നു. ഇത് യഥാര്‍ത്ഥത്തില്‍ ഒരു പ്രത്യയശാസ്ത്ര പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കേശവന് നായരുടെ ആശയങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:
ലോകത്തെ മുഖ്യധാരാ രാഷ്ട്രീയ വ്യവസ്ഥകളായ മുതലാളിത്തത്തിന്റെയും ചൈനയുടെ ‘കമ്യൂണിസ’ത്തിന്റെയും പ്രത്യയശാസ്ത്രങ്ങള്‍ തികച്ചും പഴഞ്ചനും പ്രതിലോമകരവുമാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ‘യാന്ത്രിക ലോക വീക്ഷണം’ നമ്മെ ഒരു ഊരാക്കുടുക്കിലേക്ക് നയിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം കാരണം ലോകത്ത് കാട്ടുതീയും കടലേറ്റവും പേമാരിയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സാര്‍വത്രിക പ്രതിഭാസങ്ങളായി മാറിയിരിക്കുന്നു. പ്രകൃതിയും മനുഷ്യനും മനസ്സും ശരീരവും വേറിട്ടതാണെന്ന് ‘ദൈ്വതവാദ’പരമായ കാഴ്ചപ്പാടാണ് യാന്ത്രികലോക വീക്ഷണം. വികസനമെന്ന ഊരാക്കുടുക്കില്‍പ്പെട്ട് ‘മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ’ എന്ന ദയനീയമായ അവസ്ഥയിലാണിന്ന് മനുഷ്യന്! ഇതില്‍നിന്നും മനുഷ്യരാശിക്ക് രക്ഷപ്പെടണമെങ്കില്‍ ഗാന്ധിജി മുന്നോട്ടുവച്ച അഹിംസ, മിതത്വം, പുനരുപയോഗം, സുസ്ഥിര വികസനം തുടങ്ങിയ ‘രാമരാജ്യ’ സങ്കല്‍പ്പങ്ങള്‍ മനുഷ്യന് തന്റെ ജീവിതശൈലിയായി സ്വീകരിക്കേണ്ടതുണ്ട്. ഭരണാധികാരികള്‍ അതിന് ഉതകുന്ന വികസന തന്ത്രങ്ങള്‍ വേണം ആവിഷ്കരിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: