എന്‍. ഹരിദാസ്
ഹലോ… നമസ്കാരം രഞ്ജിത്താണോ? അതെ. എവിടെ നിന്നാണ്? കണ്ട്രോള് റൂമില്‍നിന്നാണ്. സര് എന്താണ് വിളിച്ചത്.. അടിയന്തരമായി എത്താമോ? ഒകെ സര് ഉടന്‍ എത്താം…
ആവശ്യമായ ടൂള്സുമായി രഞ്ജിത്ത് ഇറങ്ങിത്തിരിച്ചു. സമയം രാത്രി 12 മണി. ഉറക്കത്തിനിടയിലാണ് കോള്‍ വന്നതെങ്കിലും ഞൊടിയിടയില്‍ ഉണര്‍ന്ന് മേലെ ചൊവ്വയിലെത്തി. കണ്ണൂര്‍ മേലെ ചൊവ്വ ജംഗ്ഷനില്‍ അപകടസ്ഥിതിയിലായി ഒരു പെരുമ്പാമ്പുണ്ട്. ഒരു കടവരാന്തയിലെ തട്ടിനടിയിലാണ് ഇതുള്ളത്. വാഹനാപകടത്തില്‍ കാര്യമായ പരിക്കുപറ്റി ചോരയൊഴുകുന്ന നിലയില്‍ ഇതിനെ രക്ഷപ്പെടുത്തുന്നതിനു വേണ്ടിയാണ് കണ്ട്രോള് റൂമിലെ കോള്‍. കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇടയ്ക്കിടെയുണ്ടാകുന്ന കോളുകള്‍ രഞ്ജിത്തിനെത്തേടിയെത്തുന്നത് പാമ്പുകളെ പിടികൂടാനാണ്. രഞ്ജിത്തിന്റെ വാക്കുകളില്‍ പാമ്പിനെ സംരക്ഷിക്കാന്‍.
രഞ്ജിത്ത് ഉടന്‍ പെരുമ്പാമ്പിനെ ‘ബാഗ് ചെയ്തു’ അഥവാ തുണിസഞ്ചിയിലാക്കി. വനംവകുപ്പ് അധികൃതരുടെ അനുമതിയോടെ അന്നേ ദിവസം അതിനെ സ്വന്തം വീട്ടില്‍ സംരക്ഷിച്ചു. പിറ്റേ ദിവസം ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നിര്‍ദേശ പ്രകാരം കണ്ണൂര്‍ വെറ്ററിനറി ആശുപത്രിയിലെത്തിച്ചു. വെറ്ററിനറി സര്ജന് ഡോ. ഷെറിന് പി. സാരംഗം പാമ്പിനെ വിശദമായി പരിശോധിച്ചു എക്സറേ പരിശോധനയ്ക്കും വിധേയമാക്കി. തലയോടും താടിയെല്ലും ഒടിഞ്ഞ നിലയിലായതിനാല്‍ സര്‍ജറി നിര്‍ബന്ധം. അങ്ങനെ രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന സര്‍ജറി നടത്തി. വനംവകുപ്പിന്റെ നിര്‍ദേശപ്രകാരം ഒമ്പതുമാസക്കാലം ഇതിനെ പരിചരിച്ചു. അങ്ങനെ ആരോഗ്യവും ഉന്മേഷവും തിരിച്ചുകിട്ടിയതിനാല്‍, സ്വന്തമായി ഇര പിടിക്കുവാന്‍ പ്രാപ്തിയായെന്ന് ഡോക്ടര്‍ സര്‍ട്ടിഫൈ ചെയ്തതിനാല്‍ പെരുമ്പാമ്പിന്റെ വനയാത്രയ്ക്ക് വഴിതെളിഞ്ഞു. തുടര്‍ന്ന് അതിനെ തളിപ്പറമ്പ് ഫോറസ്റ്റ് ഓഫീസര്‍ക്ക് കൈമാറി. തദവസരത്തില്‍ അന്നത്തെ സംസ്ഥാന വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും സന്നിഹിതനായിരുന്നു. വന്യമൃഗ സംരക്ഷണനിയമപ്രകാരം (വംശനാശം നേരിടുന്നതിനാല്‍) ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട പെരുമ്പാമ്പിന് ഇനി സുഖയാത്ര ശുഭയാത്ര ആശംസകള്‍ നേര്‍ന്ന് വനം വകുപ്പും.
ഇക്കഴിഞ്ഞ 25 വര്‍ഷത്തിന് മീതെയായി കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പാമ്പുപിടിത്തക്കാരനായല്ല, പാമ്പ് സംരക്ഷകനായി ജനമനസ്സുകളില്‍ പ്രതിഷ്ഠിതനായ മാധ്യമ ഫോട്ടോ ഗ്രാഫറാണ് രഞ്ജിത് കുമാര്‍ നാരായണന്. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഭീഷണി ഉയര്‍ത്തി നില്ക്കുന്ന രാജവെമ്പാല, മൂര്‍ഖന്‍, അണലി തുടങ്ങിയവയെ സ്നേഹപൂര്‍വം സ്വാധീനിച്ച്, പരിചരിച്ച് സംരക്ഷകനാകുന്ന രഞ്ജിത്തിന് പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള സ്നേഹം ശൈശവദശയില്‍ത്തന്നെ കിട്ടിയതാണ്. മുത്തശ്ശിയും അമ്മയും ‘രാജാവിന്റെ കഥകള്‍ക്കു’ പകരം പകര്‍ന്നു നല്‍കിയത് പ്രകൃതിയെയും ജീവജാലങ്ങളെയുംപറ്റിയാണ്. അമ്മ ചോറുവാരി നല്കുന്നതിനിടയില് വീട്ടുമുറ്റത്തെ കിണറിലെ മീനിനെപ്പറ്റിയും തവളയെപ്പറ്റിയുമാണ് പറഞ്ഞത്. ഇന്നത് രഞ്ജിത്തിനെ സഹജീവി സംരക്ഷകനാക്കുന്നു. ഇക്കാരണം കൊണ്ടുതന്നെ കണ്ണൂര്‍ ജില്ലയുടെ നഗരങ്ങളില്‍, ഗ്രാമങ്ങളില്‍, മുക്കിലും മൂലയിലും രഞ്ജിത്ത് സുപരിചിതനാണ്. ‘ജന്മഭൂമി’യിലെ സ്റ്റാഫ് ഫോട്ടോ ഗ്രാഫറായ രഞ്ജിത്ത് നാരായണന് പടം പിടിത്തത്തിനൊപ്പം പാമ്പുപിടിത്തവും ഹരത്തിനപ്പുറം ദൗത്യമായിക്കാണുന്നു.
മാധ്യമലോകത്ത് ‘വിശാലമായ സങ്കുചിതത്വം’ നിലനില്‍ക്കുന്നതിനാല്‍ രഞ്ജിത്തിനെ കാണാന്‍ ചിലര്‍ക്ക് സാധിക്കുകയില്ല. അഥവാ കണ്ടാല്‍ അവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. എന്നാല്‍ വീട്ടില്‍ വിഷപ്പാമ്പിനെ കണ്ടാല്‍ മാധ്യമപ്രവര്‍ത്തകരും ഉടന്‍ രഞ്ജിത്തിനെ വിളിക്കും. എന്നാല്‍ നൂറുകണക്കിന് വിഷപ്പാമ്പുകളെ പിടികൂടി സംരക്ഷകനാകുന്നതിനാല്‍ ആശ്വാസം കിട്ടിയവര്‍ രഞ്ജിത്തിനെ അറിയുന്നു.
സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരില്‍ പാമ്പുപിടിത്തക്കാരനും രഞ്ജിത്ത് മാത്രമാണ്. പാമ്പു പിടിത്തത്തിനിടയില്‍ നൂറുകണക്കിന് കടികിട്ടിയെന്ന് ചിലര്‍ പ്രഖ്യാപിക്കുമ്പോള്‍ ഇക്കഴിഞ്ഞ കാല് നൂറ്റാണ്ടിനിടയില്‍ ഒരിക്കല്‍പ്പോലും കടികിട്ടിയില്ലായെന്ന് അഭിമാനത്തോടെ രഞ്ജിത്ത് പറയുന്നു. അങ്ങേയറ്റത്തെ ദുഷ്ക്കരമായ സാഹചര്യത്തില്‍പ്പോലും വിഷപ്പാമ്പുകളെ പിടികൂടിയിട്ടുള്ള ഈ ഫോട്ടോഗ്രാഫര്‍ കാട്ടുപന്നി, കാട്ടുപൂച്ച, മുള്ളന്‍പന്നി, കുറുനരി തുടങ്ങിയവയെയും അപകടത്തില്‍നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. കഴുകന് മുതലായ പക്ഷികള്‍ക്കും താങ്ങായിട്ടുണ്ട്. ഇത്തരക്കാരെ ‘താല്‍ക്കാലികമായി’ സംരക്ഷിക്കുവാനുള്ള സംവിധാനവും വീട്ടില്‍ ഒരുക്കിയിട്ടുണ്ട്.
ഉടുമ്പ്, മയില്‍, കുരങ്ങന്, വവ്വാല്, മൂങ്ങ എന്നിവയും രഞ്ജിത്തിന്റെ പരിലാളനയില്‍പ്പെടുന്നവയാണ്. പ്രകൃതി സംരക്ഷണത്തിനായി രൂപീകരിച്ച എംഎആര്‍സി (മലബാര്‍ അവയര്‍നെസ്സ് ആന്‍ഡ് റെസ്ക്യൂ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ്) എസ്എആര്‍പിഎ (സ്നേക് അവയര്‍നെസ്സ് റെസ്ക്യൂ പ്രൊട്ടക്ഷന്‍ ആപ്) എന്നിവയിലും അംഗമായ രഞ്ജിത്ത് സംസ്ഥാന സര്‍ക്കാരിന്റെ ലൈസന്‍സുള്ള പാമ്പ് സംരക്ഷകരില്‍ ഒരാള്‍കൂടിയാണ്.
ജീവജാലങ്ങളോടും പ്രകൃതിയോടും ആദരവ് പ്രകടമാക്കി ജീവികളുടെ സംരക്ഷകനാകുന്ന രഞ്ജിത്ത് ഫോട്ടഗ്രാഫിയിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. പ്രാദേശിക, സംസ്ഥാന, ദേശീയതലത്തില്‍ ശ്രദ്ധേയങ്ങളായ ഫോട്ടോകള്‍ രഞ്ജിത്തിന്റേതായുണ്ട്. ഓട്ടോമൊബൈലില്‍ ഐടിഐ പഠനം പൂര്‍ത്തിയാക്കി പൊടുന്നനെ ഫോട്ടോഗ്രാഫിയിലേക്കും ശേഷം പാമ്പ് പിടിത്തത്തിലേക്കും തിരിഞ്ഞ രഞ്ജിത്ത് പാമ്പുകളെപ്പറ്റിയുള്ള ബോധവല്‍ക്കരണ ക്ലാസ്സുകള്‍ക്കും നേതൃത്വം നല്‍കുന്നുണ്ട്. പാമ്പുകളോട് സ്നേഹപൂര്‍വം രക്ഷകനായി ഇടപഴകുന്നതിനാല്‍ രാജവെമ്പാലയും മൂര്‍ഖനും രഞ്ജിത്തിനെ കണ്ടാല്‍ പടം എടുക്കില്ല. എന്നാല്‍ രഞ്ജിത്ത് ഉടന്‍ പടം എടുക്കും, തന്റെ ശേഖരത്തിലേക്കായി.
കണ്ണൂര്‍ ജില്ലയിലെ മേലെചൊവ്വ ‘ശോഭാലയ’ത്തില്‍ പി. നാരായണന്റെയും (റിട്ട. ക്ലര്‍ക്ക് ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ്) കെ.പി.ശോഭനയുടെയും(റിട്ട.അധ്യാപിക)മകനാണ്. ഭാര്യ ബീന ടി.എം. (അധ്യാപിക ഇരിട്ടി വിളക്കോട് എല്‍പി സ്കൂള്‍). മക്കള്‍: ആരുഷ്, ആഷിന്യ.
ഫോണ്‍: 9995808510
പ്രതികരിക്കാൻ ഇവിടെ എഴുതുക: