തൃശൂര്‍: മുസ്ലീം ലീഗിനോട് തൊട്ടുകൂടായ്മയില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ലീഗ് എടുക്കുന്ന ഏതു ശരിയായ നിലപാടിനെയും സിപി എം പിന്തുണയ്ക്കും. മുമ്പും പിന്തുണച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൃശൂര്‍ രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദന്.
ഇടതുമുന്നണിയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് ലീഗാണ് നിലപാട് സ്വീകരിക്കേണ്ടത്. പൊതു സിവില്‍ കോഡിനെതിരെ യോജിക്കാവുന്ന എല്ലാ വിഭാഗവുമായി യോജിച്ച് മുന്നോട്ടു പോകും.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പൊതുസിവില്‍കോഡ് ഫാസിസത്തിലേക്കുള്ള യാത്രയാണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയുടെ വാദം.അതിനെ പ്രതിരോധിക്കാന്‍ യോജിക്കാവുന്ന മുഴുവന്‍ കക്ഷികളുമായി ചേര്‍ന്ന് അതിവിശാലമായ ഐക്യപ്രസ്ഥാനമാണ് ഉദ്ദേശിക്കുന്നത്.
പൊതു സിവില്‍കോഡ് പറ്റില്ലെന്നാണ് ഇ എം എസ് നേരത്തേ പറഞ്ഞിട്ടുള്ളത്. അന്നത്തെ ഇ എം എസിന്റെ ലേഖനം കൃത്യമായി വായിക്കാത്തവരാണ് തെറ്റായ പ്രചാരണം നടത്തുന്നത്.
കോഴിക്കോട് വച്ച് സിപി എം സംഘടിപ്പിച്ചിട്ടുള്ള ദേശീയ സെമിനാറില്‍ മുസ്ലീം ലീഗിനെയും സമസ്തയെയും ക്ഷണിച്ചിട്ടുണ്ട്. സമസ്ത പങ്കെടുക്കുമെന്നറിയിച്ചപ്പോള് മുസ്ലീം ലീഗ് പങ്കെടുക്കണമോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: