കോട്ടയം: മഴക്കാലത്ത് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും മുന്നറിയിപ്പുകള്‍ അവഗണിച്ച് വെള്ളക്കെട്ടുള്ള പ്രദേശത്തു കൂടെ സഞ്ചരിച്ച് ഒഴുക്കില്‍പ്പെടുന്നതുമെല്ലാം പതിവ്. അല്‍പ്പം ശ്രദ്ധ ചെലുത്തിയാല്‍ നാട്ടുകാരുടെയും അധികൃതരുടെയുമെല്ലാം മുന്നറിയിപ്പുകളും കാലാവസ്ഥാ ജാഗ്രതാ അറിയിപ്പുകളും ശ്രദ്ധിച്ചാല്‍, അനുസരിച്ചാല്‍ അപകടങ്ങളൊഴിവാക്കാം.
റോഡില്‍ വെള്ളക്കെട്ടുള്ള ഭാഗത്തെ തദ്ദേശീയരുടെ മുന്നറിയിപ്പുകള്‍ അവഗണിക്കാതിരിക്കുക എന്നതാണ് പ്രധാനം. പരീക്ഷണത്തിന് മുതിരാതെ അപകട സാഹചര്യങ്ങള്‍ ഒഴിവാക്കുകയെന്നതാണ് പരമപ്രധാനം. മഴക്കാലത്ത് കരുതലോടെയല്ലാതെ വാഹനം ഓടിക്കരുത്. വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്.
വെള്ളക്കെട്ടിന്റെ വ്യാപ്തി ഈ പ്രദേശങ്ങളില്‍ എത്രയാണെന്ന് അറിയാന്‍ കഴിയില്ല. അതിനാല്‍ ഇത്തരം പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കുകയാണ് അഭികാമ്യം. അഥവാ, യാത്ര ചെയ്യേണ്ടി വരികയും വാഹനം നിന്നുപോവുകയും ചെയ്താല്‍ എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കാന്‍ ഒരിക്കലും ശ്രമിക്കരുത്.
എന്‍ജിനില്‍ വെള്ളം കയറി വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കാം. അപരിചിതമായ സ്ഥലങ്ങളിലൂടെയും റോഡുകളിലൂടെയുമുള്ള യാത്രകള്‍ മഴക്കാലത്ത് ഒഴിവാക്കണം. വെള്ളം കയറിയാല്‍ റോഡിന്റെ യഥാര്‍ത്ഥ അവസ്ഥ അറിയാന്‍ സാധിക്കില്ല.
ശ്രദ്ധിക്കാന്‍
റോഡിലെ കുഴികള്‍ സൂക്ഷിക്കണം. റോഡില്‍ രൂപപ്പെടുന്ന വലിയ കുഴികള്‍ അപകടം വിളിച്ചുവരുത്തും. വെള്ളം കെട്ടിനില്ക്കുന്ന ഭാഗത്തുകൂടി വാഹനം പരമാവധി സാവധാനം ഓടിക്കുക
വേഗത പരമാവധി കുറയ്‌ക്കണം. റോഡില്‍ വാഹനങ്ങള്‍ പുറംതള്ളുന്ന എണ്ണപ്പാടുകള്‍ മഴപെയ്യുന്നതോടെ അപകടക്കെണിയാകും. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് വഴുക്കുള്ളതാകും. സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം വിളിച്ചു വരുത്തും. പരമാവധി ബ്രേക്ക് ഉപയോഗം ഒഴിവാക്കി ആക്സിലറേറ്ററില്‍ നിന്ന് കാലെടുത്ത് വേഗത നിയന്ത്രിക്കുന്നതാണ് മഴക്കാലത്തെ സുരക്ഷിത ഡ്രൈവിങ്.
ഹെഡ് ലൈറ്റ് ഓണാക്കി വാഹനം ഓടിക്കുക. ശക്തമായ മഴയില്‍ റോഡ് വ്യക്തമായി കാണുന്നതിനും മറ്റുവാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ നിങ്ങളുടെ വാഹനം പെടുന്നതിനും ഹെഡ്ലൈറ്റ് സഹായിക്കും. വാഹനത്തില്‍ ഫോഗ് ലൈറ്റ് ഉണ്ടങ്കില്‍ അതും ഉപയോഗിക്കാം.
ഹെഡ്ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, വൈപ്പര്‍, ഹാന്‍ഡ് ബ്രേക്ക്, തുടങ്ങിയവ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക.
വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ യാത്ര അരുത്. ബ്രേക്ക് കിട്ടാതെ അവയ്‌ക്ക് പിന്നില്‍ വാഹനം ഇടിച്ച് അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. വാഹനം പൂര്‍ണ നിയന്ത്രണത്തിലാക്കാന്‍ മറ്റു വാഹനങ്ങളുമായി പരമാവധി ദൂരം അകലം പാലിക്കുക.
ശക്തമായ മഴയില്‍ പരമാവധി യാത്ര ഒഴിവാക്കുക. മഴ അതിശക്തമാണെങ്കില്‍ വാഹനം റോഡരികില്‍ നിര്‍ത്തിയിടാം. മഴയുടെ ശക്തി കുറഞ്ഞശേഷം യാത്ര തുടരുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: