അമ്പലപ്പുഴ: നിര്‍മാണം പിന്നിട്ട് നാല് മാസം കഴിഞ്ഞപ്പോള്‍ കലുങ്കിന്റെ സംരക്ഷണ ഭിത്തികള്‍ തകര്‍ന്നു. അപകടത്തില്‍ പൈപ്പ് ലൈന്‍ പൊട്ടി കുടിവെള്ള വിതരണവും നിലച്ചു. നിര്‍മാണത്തില്‍ അഴിമതിയെന്ന് നാട്ടുകാര്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നം കളപ്പുരക്കല്‍ ക്ഷേത്രത്തിന് കിഴക്കു ഭാഗത്തായി കാപ്പിത്തോടിനു കുറുകെ മാസങ്ങള്‍ക്കു മുന്‍പു നിര്‍മിച്ച കലുങ്കിന്റെ ഇരുവശത്തുമുള്ള സംരക്ഷണ ഭിത്തികളാണ് കഴിഞ്ഞ രാത്രിയില്‍ തകര്‍ന്നു വീണത്.
പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളിലായി നിര്‍മിച്ച കലുങ്കുകളിലൊന്നാണിത്.നിര്‍മാണത്തിലെ അപാകതയാണ് സംരക്ഷണ ഭിത്തികള്‍ തകര്‍ന്നു വീഴാനിടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാകുന്നതു വരെ ഒരു നിര്‍വഹണ ഉദ്യോഗസ്ഥരും പരിശോധനക്കായി എത്തിയിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.ഇരു വശത്തുമുള്ള സംരക്ഷണ ഭിത്തികളുടെ കല്ലുകള്‍ ഇളകി കാപ്പിത്തോട്ടില്‍ കിടക്കുകയാണ്.
മറ്റൊരു ഭാഗം വിണ്ട് ഏത് നിമിഷവും നിലം പൊത്തുമെന്ന അവസ്ഥയിലും നില്‍ക്കുകയാണ്. വെള്ളത്തിന് മുകളിലായി സ്ഥാപിക്കേണ്ട കുടിവെള്ള പൈപ്പ് ലൈന്‍ വെള്ളത്തിലാണ് സ്ഥാപിച്ചിരുന്നത്. സംരക്ഷണ ഭിത്തി ഇടിഞ്ഞു കല്ലുകള്‍ വീണ് പൈപ്പ് ലൈന്‍ പൊട്ടിയതോടെ പ്രദേശത്തെങ്ങും കുടിവെള്ളവും കിട്ടാത്ത സ്ഥിതിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: