തിരുവനന്തപുരം : സംസ്ഥാനത്ത് മഴയുടെ തീവ്രതയ്ക്ക് ശമനമായെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
മറ്റ് ജില്ലകളില്‍ മുന്നറിയിപ്പില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്ത മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.
അതേസമയം താഴ്ന്ന സ്ഥലങ്ങളില്‍ പലതിലും വെള്ളക്കെട്ട് രൂക്ഷമാണ്. ആലപ്പുഴ ജില്ലയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും കുട്ടനാട് അപ്പര്‍ കുട്ടനാട് എന്നീ മേഖലയിലെ വെള്ളക്കെട്ടിന് കുറവില്ല. കിഴക്കന്‍ വെള്ളത്തിന്റെ വരവാണ് ഇതിന് കാരണം. 58 ക്യാമ്പുകളില്‍ നിന്നായി 3730 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ശക്തമായ മഴയില്‍ 186 വീടുകള്‍ക്ക് നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: