കോഴിക്കോട്: രാജ്യത്ത് പൊതു സിവില്‍ കോഡ് നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. പ്രധാനമന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കുമെന്നും സംസ്ഥാന അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.
അതേസമയം പൊതു സിവില്‍ കോഡിനെതിരെ സി.പി.എം. സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.
കോഴിക്കോട് സംഘടിപ്പിച്ച സമസ്തയുടെ പ്രത്യേക കണ്‍വെന്‍ഷനിലാണ് തീരുമാനം. പൗരത്വഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളില്‍ സഹകരിച്ചതിന് സമാനമായി പൊതു സിവില്‍ കോഡ് വിഷയത്തിലും സി.പി.എമ്മുമായി സഹകരിക്കും. എല്ലാ പൊതുസ്വഭാവമുള്ള വിഷയങ്ങളിലും സമസ്ത സഹകരിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.കോണ്‍ഗ്രസുമായും ലീഗുമായും സഹകരിക്കും.
പൊതു സിവില്‍ കോഡ് മുസ്ലിം വിഭാഗത്തെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും സിവില്‍ കോഡ് എന്താണെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഭരണാധികാരികളില്‍നിന്ന് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാന്‍ പാടില്ല. ഏത് നിയമവും ഭരണഘടനാനുസൃതമായിരിക്കണം. ഓരോ മതങ്ങള്‍ക്കും വിശ്വാസമനുസരിച്ച് ജീവിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്.
സി.പി.എം സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെ സംഘാടക സമിതിയില്‍ സമസ്തയുടെ പോഷകസംഘടന എസ്.വൈ.എസിന്റെ സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപ്പാറ ഉള്‍പ്പെട്ടത് സമസ്തയുടെ അറിവോടെയല്ല. ഇത് മാധ്യമവാര്‍ത്തകളിലൂടെയാണ് മാത്രമാണ് അറിഞ്ഞതെന്നും തന്നെ ഇക്കാര്യം ആരും അറിയിച്ചിരുന്നില്ലെന്നും മുസ്തഫ മുണ്ടുപ്പാറ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: