ഇടുക്കി: ഇടുക്കി ഡോഗ് സ്ക്വാഡിലെ ട്രാക്കര്‍ ഡോഗ് ജെനി സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. പ്രമാദമായ നിരവധി കേസുകള്‍ തെളിയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഇടുക്കി കെ9 ഡോഗ് സ്ക്വാഡിലെ 10 വയസുകാരി ജെനിക്ക് ഇനി വിശ്രമ ജീവിതം. ആദ്യമായാണ് ജില്ലയില്‍ വച്ച് ഒരു ഡോഗിന്റെ റിട്ടയര്‍മെന്റ് ചടങ്ങ് നടക്കുന്നത്. പത്ത് വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ജെനിക്ക് ഗംഭീര യാത്രയയപ്പാണ് ജില്ലയില്‍ ഒരുക്കിയത്.
ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസില്‍ നിന്ന് ജെനിയെ ഹാന്റലറായ ഇടുക്കി ജില്ലാ പോലീസ് ഡോഗ് സ്ക്വാഡിലെ അസി. സബ് ഇന്‍സ്പെക്ടര്‍ സാബു പി.സി. ഏറ്റുവാങ്ങി. ഇനി എഎസ്ഐ സാബുവിനൊപ്പം തങ്കമണിയിലെ വീട്ടില്‍ ആകും ജെനി വിശ്രമജീവിതം നയിക്കുക.
സേനയില്‍ ഉള്ള ഒരു ഉദ്യോഗസ്ഥന് നല്കുന്ന എല്ലാ ബഹുമതിയും നല്‍കിയാണ് ജെനിയേയും വിശ്രമ ജീവിതത്തിലേക്ക് വിടുന്നത്. യൂണിഫോമിലെത്തിയ ജെനിയെ ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസ് മാലയിട്ട് സ്വീകരിച്ചു. നാര്‍കോട്ടിക്സെല്‍ ഡിവൈ.എസ്.പി മാത്യു ജോര്‍ജ്ജ്, ഇടുക്കി സര്‍ക്കിള്‍ സതീഷ് കുമാര്‍, എ.എസ്.ഐ ഇന്‍ ചാര്‍ജ് ജമാല്‍, കെ.നയന്‍ ഡോഗ് സ്ക്വാഡ് ഇന്‍ ചാര്‍ജ്ജ് ഓഫിസര്‍ റോയി തോമസ് തുടങ്ങി ഡോഗ് സ്ക്വാഡിലെ സേനാ അംഗങ്ങളും ചേര്‍ന്നാണ് ജെനിയെ യാത്രയാക്കിയത്.
പോലീസ് സേനയില്‍ നിന്ന് ലഭിച്ച അവസാന സലൂട്ട് സ്വീകരിച്ച് ജെനി സര്‍വ്വീസില്‍ നിന്നും പടിയിറങ്ങി. ഡോഗ് സ്ക്വാഡില്‍ നിന്ന് വിരമിക്കുന്ന നായകളെ തൃശൂരിലെ കേരള പോലീസ് അക്കാദമിയില്‍ ഒരുക്കിയിട്ടുള്ള വിശ്രാന്തി ഹോമിലേക്കാണ് കൊണ്ടുപോകുക. എന്നാല്‍ സാബുവിന്റെ അപേക്ഷ പ്രകാരം ജെനിയെ സാബുവിനൊപ്പം അയക്കുകയായിരുന്നു.
2014-2015 വര്‍ഷത്തില്‍ തൃശൂര്‍ കേരളാ പോലീസ് അക്കാദമിയില്‍ നിന്നും പ്രാഥമിക പരിശീലനം പൂര്‍ത്തീകരിച്ച ജെനി 2015 ജനുവരി മുതല്‍ വിരമിക്കുന്നത് വരെ ഇടുക്കി ജില്ലയില്‍ സേവനം ചെയ്തു. 2015 വര്‍ഷത്തില്‍ അടിമാലിയില്‍ നടന്ന പ്രമാദമായ രാജധാനി കൊലക്കേസില്‍ പ്രതികളെ കണ്ടെത്തുന്നതില്‍ ജെനി നിര്‍ണ്ണായക പങ്ക് വഹിച്ചു. നിരവധി കൊലപാതകം, വ്യക്തികളെ കാണാതെ പോകല്‍, മോഷണം തുടങ്ങിയ കേസുകളില്‍ തെളിവുകളുണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: