ഹൈദ്രാബാദ് :തെലങ്കാനയിലെ ഹനംകൊണ്ടയില്‍ 6100 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു.
സ്വയംപര്യാപ്ത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വളരെ പ്രധാനമാണെന്നതിനാല്‍ അടിസ്ഥാന സൗകര്യ വികസനത്തിനും മെച്ചപ്പെട്ട ഗതാഗത ,ആശയവിനിമയ സംവിധാനത്തിനും സര്‍ക്കാര്‍ പ്രാധാന്യം നല്കുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ അടിസ്ഥാന സൗകര്യ വികസനം ത്വരിതഗതിയിലായെന്ന് ചൂണ്ടിക്കാട്ടിയ മോദി, അത്തരം നിരവധി പദ്ധതികള്‍ തെലങ്കാനയിലൂടെ കടന്നുപോകുന്നുണ്ടെന്നും പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളുടെയും വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ഇന്ന് തറക്കല്ലിട്ട ഹൈവേ പദ്ധതികള്‍ സംസ്ഥാനത്തെ പിന്നാക്ക മേഖലകളെ വികസിപ്പിക്കാനും പ്രത്യേകിച്ച് വ്യാവസായിക ഇടനാഴികളും ഗതാഗതവും മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് കേന്ദ്ര ഉപരിതല മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
നേരത്തെ, ഹൈദരാബാദിലെ ഹക്കിംപേട്ട് വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി ഹന്മകൊണ്ടയിലെത്തി. പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രത്തില്‍ അദ്ദേഹം പ്രാര്‍ഥന നടത്തി.5500 കോടി രൂപയുടെ 176 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയ പാതകളുടെ രണ്ട് പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. കാസിപ്പേട്ടില്‍ 520 കോടി രൂപ ചെലവില്‍ റെയില്‍വേ നിര്‍മാണ യൂണിറ്റിനും അദ്ദേഹം ശിലപാകി.
നാഗ്പൂര്‍-വിജയവാഡ ഇടനാഴിയുടെ 108 കിലോമീറ്റര്‍ നീളമുള്ള മഞ്ചേരിയല്‍-വാറങ്കല്‍ ഭാഗത്തിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. 68 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കരിംനഗര്‍-വാറങ്കല്‍ സെക്ഷന്‍ നിലവിലുള്ള രണ്ടുവരിപ്പാതയില്‍ നിന്ന് നാലുവരിപ്പാതയാക്കി ഉയര്‍ത്തുന്നതിനും അദ്ദേഹം ശിലയിട്ടു. ഹൈദരാബാദ്-വാറങ്കല്‍ വ്യവസായ ഇടനാഴി, കാകതീയ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്ക്, വാറങ്കലിലെ പ്രത്യേക സാമ്പത്തിക മേഖല എന്നിവയിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും.
അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: