തൊടുപുഴ: ഉപ്പുതറ കണ്ണംപടിയില്‍ വനവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒന്നും രണ്ടും പ്രതികളായ കിഴുകാനം സെക്ഷന്‍ ഫോറസ്റ്റര്‍ വി. അനില്‍കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വി.സി. ലെനിന് എന്നിവരുടെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. വ്യാഴാഴ്ച നടന്ന വിശദമായ വാദപ്രതിവാദത്തിന് ശേഷമാണ് ജാമ്യാപേക്ഷ തള്ളി ഇന്നലെ കോടതി വിധി പറഞ്ഞത്.
കേസില്‍ പ്രതിസ്ഥാനത്തുള്ള വൈല്‍ഡ് ലൈഫ് വാര്ഡന് ബി. രാഹുല്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ച മൂന്നാം പ്രതി സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ ജിമ്മി ജോസഫ് എന്നിവരെ അറസ്റ്റ് ചെയ്യും വരെ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന വാദിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച നാലാം പ്രതി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഷിജി രാജും അറസ്റ്റിലായിരുന്നു. 2022 സപ്തംബര്‍ 20നാണ് കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് കണ്ണംപടി മുല്ല വനവാസി ഊരിലെ പുത്തന്‍ പുരയ്ക്കല്‍ സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കിയത്.
പിന്നീട് ഇത് കള്ളക്കേസാണെന്നും പിടിച്ചെടുത്തത് പശുവിറച്ചിയാണെന്നും കണ്ടെത്തിയത്. സര്‍ക്കാരിന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി.എസ് രാജേഷ്, സരുണ്‍ സജിക്ക് വേണ്ടി അഡ്വ. ജോബി ജോര്‍ജ് എന്നിവര്‍ കോടതിയില്‍ ഹാജരായി. സരുണിനെ നേരിട്ട് വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ വിശദീകരണവും കേട്ട ശേഷമാണ് കോടതി തീരുമാനം വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: