തൊടുപുഴ: കാലവര്‍ഷം തുടങ്ങിയത് മുതല്‍ ജില്ലയില്‍ ഉണ്ടായത് 14.274 കോടിയുടെ കൃഷി നാശം. 66.93 ഹെക്ടര്‍ സ്ഥലത്താണ് കൃഷിനാശമുണ്ടായത്. വാഴ, ഏലം കൃഷിയാണ് വ്യാപകമായി നശിച്ചത്. ജൂണ്‍ 9 മുതല്‍ ഇന്നലെ രാവിലെ വരെ ജില്ലയിലെ കൃഷി ഭവനുകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൃഷി നാശത്തിന്റെ കണക്കാണിത്. 956 കര്‍ഷകര്‍ക്ക് മഴയുടെ കെടുതികളില്‍ നഷ്ടം നേരിട്ടു.
ടാപ്പ് ചെയ്യുന്ന 58 റബര്‍ മരങ്ങളും ടാപ്പ് ചെയ്യാത്ത 55 മരങ്ങളും നശിച്ചു. കായ്ക്കുന്ന 2508 കുരുമുളക് ചെടികളും കായ്ക്കാത്ത 1300 എണ്ണവും കാറ്റില്‍ തകര്‍ന്നു. 196 കര്‍ഷകര്‍ക്കാണ് നഷ്ടം നേരിട്ടത്. 25.31 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 120 കമുകും അഞ്ച് കൊക്കോയും മൂന്ന് ജാതിയും 0.570 ഹെക്ടര്‍ മരച്ചീനിയും നശിച്ചു. 86 കര്‍ഷകരുടെ 36 ഹെക്ടര്‍ സ്ഥലത്തെ ശീതകാല പച്ചക്കറികളും കനത്ത മഴയില്‍ നശിച്ചു. 14.40 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
അതേ സമയം പീരുമേട് ബ്ലോക്കിലാണ് കൂടുതല്‍ നാശമുണ്ടായത്. ഇവിടെ 462 കര്‍ഷകര്‍ക്കായി 62.23 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 16.87 ഹെക്ടര്‍ കൃഷിയാണ് കാറ്റിലും മഴയിലും നശിച്ചത്. ഇടുക്കി ബ്ലോക്കില്‍ 157 കര്‍ഷകര്‍ക്കായി 23.20 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. 3.02 ഹെക്ടര്‍ സ്ഥലത്തെ കാര്‍ഷിക വിളകള്‍ നശിച്ചു. അടിമാലിയില്‍ 147 കര്‍ഷകര്‍ക്കാണ് നഷ്ടം നേരിട്ടത്. 5.60 ഹെക്ടര്‍ സ്ഥലത്തായി 18.24 ലക്ഷത്തിന്റെ നഷ്ടമുണ്ടായി . ദേവികുളത്ത് 103 കര്‍ഷകര്‍ക്ക് 16 ലക്ഷം രൂപയുടെ കൃഷി നാശം നേരിട്ടു.
36.92 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. ഇളംദേശം ബ്ലോക്കില്‍ 14 കര്‍ഷകര്‍ക്കായി 58000 രൂപയുടെയും നെടുങ്കണ്ടം ബ്ലോക്കില്‍ 30 കര്‍ഷകര്‍ക്ക് 2.51 ലക്ഷം രൂപയുടെയും തൊടുപുഴ ബ്ലോക്കില്‍ 18 കര്‍ഷകര്‍ക്ക് 1.98 ലക്ഷം രൂപയുടെയും നഷ്ടം നേരിട്ടു. കട്ടപ്പന ബ്ലോക്കില്‍ 25 കര്‍ഷകര്‍ക്കായി 18 ലക്ഷം രൂപയുടെയും നാശമുണ്ടായി.
വാഴ കൃഷിയ്ക്കും വ്യാപകമായി നാശം നേരിട്ടു. ഓണ വിപണി കണക്കിലെടുത്ത് കൃഷി ചെയ്തിരുന്ന നൂറുകണക്കിന് വാഴകളാണ് കാറ്റിലും മഴയിലും നശിച്ചത്. കുലച്ച വാഴ 9955 എണ്ണവും കുലയ്ക്കാത്ത 7055 വാഴകളും കാറ്റിലും മഴയിലും നിലം പൊത്തിയതായാണ് കൃഷി വകുപ്പിന്റെ കണക്ക്. വാഴ കൃഷി ചെയ്ത 436 കര്‍ഷകര്‍ക്കായി 87.95 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 17.90 ഹെക്ടര്‍ ഏലം കൃഷി നശിച്ചതായാണ് കണക്ക്. 194 കര്‍ഷകര്‍ക്ക് 12.53 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: