ദീപ്തി എം ദാസ്
കെ കെ റോഷന്‍കുമാര്‍
എറണാകുളത്തിന്റെ കടല്‍ത്തീരങ്ങള്‍ കരയുടെ മാത്രമല്ല ജീവിതത്തിന്റെയും വിളുമ്പുകളാണ്, കടുത്ത ദാരിദ്ര്യത്തിന്റെയും തട്ടിമുട്ടി ജീവിതത്തിന്റെയും അതിര്പ്രദേശങ്ങള്. തങ്ങളുടെ എല്ലാ പോയകാല ദുരിതങ്ങള്‍ക്കും മാറ്റം വരുമെന്ന പ്രതീക്ഷയില്‍ അതിസാധാരണക്കാരായ ഈ കടലിന്റെ മക്കള്‍ ഓരോ വര്‍ഷകാലത്തും അധികൃതരുടെ കനിവിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നു. എന്നാല്‍, ഒരു ചെറുവിരല്പ്പുരോഗതി പോലുമില്ല കടലിന്റെ മക്കളുടെ കദനങ്ങള്‍ക്ക്.
മുന്‍വര്‍ഷങ്ങളെക്കാള്‍ തീവ്രമാണ് ഇത്തവണത്തെ കടലാക്രമണം. സര്‍വവും നഷ്ടപ്പെട്ട് സഹായം തേടി എടവനക്കാട് പഞ്ചായത്ത് ഓഫിസില്‍ എത്തിയ വെളിയത്താംപറമ്പ് പുത്തന്കടപ്പുറംകാരോട് ഉദ്യോഗസ്ഥര്‍ പറഞ്ഞത് എന്തെന്നോ?
‘സംസ്ഥാനത്തെ കടലാക്രമണം നേരിടുന്ന പ്രദേശങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ നിങ്ങളുടെ നാടിന്റെ പേരില്ല. അതുകൊണ്ട് സഹായം ചെയ്യാന്‍ മാര്‍ഗമില്ല. മറ്റു വല്ലവഴിയും നോക്ക്.’ അങ്ങനെയാണ് നിര്‍ദിഷ്ട തീരദേശഹൈവേ ഉപരോധിക്കാനായി മത്സ്യത്തൊഴിലാളികള്‍ നിര്‍ബന്ധിതരായത്. മാറി മാറി വരുന്ന സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ ഭരണകൂടങ്ങളുടെയും വഞ്ചനയില്‍ അന്ധാളിച്ചു നില്ക്കുന്ന തീരജനത ‘ജന്മഭൂമി’യോട് അവരുടെ കഷ്ടനഷടങ്ങളുടെ ജീവിതം പറഞ്ഞു.
ആനുകൂല്യങ്ങള്‍ എല്ലാം പാര്‍ട്ടിക്കാര്‍ക്ക്
കടല്‍ക്ഷോഭത്തില്‍ 400 കുടുംബങ്ങളാണ് വെളിയത്താംപറമ്പില്‍ ദുരിതമനുഭവിക്കുന്നത്. താത്കാലികമായി നിര്‍മിച്ച മണല്‍വാട പോലും ശക്തമായ തിരമാലയില്‍ തകര്‍ന്നുകിടക്കുന്ന കാഴ്ചയാണ് നായരമ്പലവും വെളിയത്താംപറമ്പ് പുത്തന്‍കടപ്പുറവും സന്ദര്‍ശിച്ച ജന്മഭൂമി സംഘം കണ്ടത്. കടല്‍ ഭിത്തിയും മണല്‍ വാടയും തകര്‍ത്ത് വീടുകളില്‍ വെളളം കയറി ദുരിതമനുഭവിക്കുന്നവര്ക്കല്ല ഇവിടെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കിട്ടുന്നത്. കടല്‍ത്തീരത്തുനിന്നു കിലോമീറ്ററുകള്‍ അകലെ താമസിക്കുന്നവരാണ് ദുരിതാശ്വാസ തുക കൈപ്പറ്റുന്നതെന്നു മത്സ്യത്തൊഴിലാളിയായ ബാബുരാജ് പറയുന്നു. ‘എല്ലാ വര്‍ഷവും കടല്‍ ക്ഷോഭത്തില്‍ ദുരിതമനുഭവിക്കാന്‍ ഞങ്ങളും, അതിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ പാര്‍ട്ടിക്കാരും. 2018ല്‍ പ്രളയം വന്നപ്പോള്‍ പോലും കടല്ക്കരയില് താമസിക്കുന്നവര്‍ക്ക് ലഭിച്ചത് പതിനായിരം രൂപമാത്രമാണ്. എന്നാല്‍ കിലോമീറ്ററുകള്‍ അകലെ താമസിക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് നാല്‍പ്പത്തയ്യായിരം രൂപവരെ കിട്ടി’.
‘ഞങ്ങള്‍ ഇവിടെ മരിച്ചോളാം’
‘മരിക്കേണ്ടിവന്നാലും ഇവിടെ കിടന്നു മരിക്കുകയല്ലാതെ ക്യാമ്പിലേക്ക് പോകില്ല. എല്ലാ വര്‍ഷവും മാറ്റിത്താമസിപ്പിക്കാനല്ലാതെ ഈ ദുരിതത്തിന് ശാശ്വത പരിഹാരം കാണാന്‍ അധികാരികള്‍ തയാറാകുന്നില്ല.’ വേദനയോടെ ഇതു പറയുന്നതു മറ്റൊരു മത്സ്യത്തൊഴിലാളി സൈമണ്‍ കറപ്പളളി. ‘ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടായിട്ടും അധികാരികളാരും ഇങ്ങോട്ടേക്ക് തിരിഞ്ഞുപോലും നോക്കുന്നില്ല. കടല്ക്കരയില് ജീവിക്കുന്നവര്‍ക്കേ ഇവിടുത്തെ ബുദ്ധിമുട്ട് മനസിലാകുകയുളളു. പഞ്ചായത്ത് മെംബര്‍ പോലും എന്താണ്, എങ്ങനെയാണ് നിങ്ങള്‍ കഴിയുന്നതെന്ന് അന്വേഷിക്കാറില്ല. തെരഞ്ഞെടുപ്പു സമയത്തു വന്ന് വലിയ വാഗ്ദാനങ്ങള്‍ നല്കിപോകുന്നതല്ലാതെ രാഷ്ട്രീയക്കാരൊന്നും പിന്നീട് ഇങ്ങോട്ട് തിരിഞ്ഞുപോലും നോക്കാറില്ല.’
‘ചോറും സാമ്പാറും കഴിക്കാന്‍ വലിഞ്ഞു കയറി വരുന്നു’
കടലേറ്റമുണ്ടായി വീടുകളില്‍ വെളളം കയറിയാല്‍ ഉടനെ ക്യാമ്പിലേക്ക് മാറിക്കോള്ളാനാണ് അധികാരികള്‍ പറയുന്നത്. അവിടെയാണ് ഏറ്റവും ദുരിതം. വെളിയത്താംപറമ്പിലെ സാന്‍ജോപുരം സ്കൂളിലെ ക്യാമ്പിലെത്തുന്നവരോട് അഭയാര്ഥികളോടെന്ന പോലെയാണ് അധികൃതരുടെ പെരുമാറ്റമെന്നും ഒരു തവണ ദുരിതാശ്വാസ ക്യാമ്പില്‍ പോയവര്‍ പിന്നീട് പോകില്ലെന്നും തങ്കമണി സഹദേവന് പറഞ്ഞു. പെണ്‍കുട്ടികളുമായി ക്യാമ്പുകളില്‍ പോകുന്നത് സുരക്ഷിതമല്ലെന്നും അവര്‍ പറഞ്ഞു. ‘ക്യാമ്പിലെ ഭക്ഷണമല്ല ഞങ്ങള്‍ക്ക് ആവശ്യം. പേടിയില്ലാതെ സ്വസ്ഥമായി കിടന്നുറങ്ങാവുന്ന ഇടമാണ്. തങ്കമണിയും മരുമകള്‍ ഉജ്വലയും കൊച്ചുമകള്‍ അനുഗ്രഹയും അടക്കം ഏഴുപേരാണ് വീട്ടില്‍ താമസിക്കുന്നത്. മുന്‍പ് തീരമായിരുന്ന പ്രദേശങ്ങള്‍ പലതും കടലെടുത്തുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. കടല്‍ഭിത്തിയുടെ കല്ലുകള്‍ തകര്‍ന്നത് മാറ്റി സ്ഥാപിക്കണമെന്ന് അപേക്ഷ നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല. ‘ക്യാമ്പിലേക്ക് ചെല്ലുന്നവരെ സാമ്പാറും ചോറും കഴിക്കാന്‍ വലിഞ്ഞുകയറി വരുന്നു എന്നാണ് അധികാരികള്‍ കളിയാക്കുന്നത്. ഇതില്‍പ്പരം അപമാനമുണ്ടോ?’- വേദനയോടെ തങ്കമണി ചോദിക്കുന്നു.
ജിയോ ബാഗ് വേണ്ട, ശാശ്വത പരിഹാരം മതി
തീരം സംരക്ഷിക്കാനുള്ള താത്കാലിക ജിയോ ബാഗ് ആറുമാസത്തിനുളളില്‍ നിര്‍മിച്ചു നല്‍കാമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ജിയോ ബാഗ് നിര്‍മിച്ചാല്‍ ഇവിടുത്തെ പ്രശ്നത്തിന് പരിഹാരമാകില്ല. ഞങ്ങള്‍ക്ക് ഈ ദുരിതത്തിന് ശാശ്വത പരിഹാരമാണ് വേണ്ടതെന്നും ചെല്ലാനത്തെപ്പോലെ പുലിമുട്ടും ടെട്രോ പോഡും നിര്‍മിച്ചാല്‍ മാത്രമേ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകൂ എന്നും വെളിയത്താംപറമ്പ് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഫാ. ഡെന്നി മാത്യൂ പറഞ്ഞു. ’18 വര്‍ഷമായി ഇവിടുത്തെ ജനങ്ങള്‍ ഈ ദുരിതമനുഭവിക്കുകയാണ്. മാറി താമസിക്കാന്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപയാണ് ഒരു കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കുന്നത്. ഈ പത്തുലക്ഷം രൂപകൊണ്ട് എങ്ങനെ ഒരു വീടു വയ്ക്കുമെന്നു നാട്ടുകാരനായ കെ. അനീഷ് ചോദിക്കുന്നു.
ബിപിഎല്ലുകാര്‍ എപിഎല്ലില്‍
മത്സ്യത്തൊഴിലാളികളെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന സര്‍ക്കാര്‍ വാദം ഇന്നും നടപ്പിലായിട്ടില്ല. ഇവിടുത്തെ മത്സ്യത്തൊഴിലാളികളെല്ലാം എപിഎല്‍ ലിസ്റ്റില്‍ തന്നെ. ട്രോളിങ് നിരോധനവും കടലാക്രമണവും മൂലം മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാണ്. എപിഎല്‍ കാര്‍ഡായതുകൊണ്ട് പലര്‍ക്കും അരി പോലും സൗജന്യമായി ലഭിക്കുന്നില്ല. നാലു മാസമായി അര്‍ഹരായവര്‍ക്ക് പെന്ഷന് ലഭിച്ചിട്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത അവഗണനയാണ് ഇവിടുത്തെ ജനങ്ങള്‍ നേരിടുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് സമയത്ത് ലഭിക്കുന്ന ആനുകൂല്യങ്ങളും കുറെ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണെന്നും ഇവിടുത്തുകാര്‍ പരാതിപ്പെടുന്നു.
ചെല്ലാനം ചൊല്ലുന്നത് പതിറ്റാണ്ടുകളുടെ സങ്കടം
എറണാകുളത്തിന്റെ തെക്കേ അറ്റത്ത് ആലപ്പുഴയുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമമാണ് ചെല്ലാനം. കടലിനോട് മല്ലിട്ട് ജീവിക്കുന്ന മനുഷ്യര്‍. തീരദേശ ഗ്രാമത്തിലെ ഏറിയ പങ്കും മത്സ്യത്തൊഴിലാളികളാണ്. കടലാണ് ഇവരുടെ ജീവനോപാധി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കടലാക്രമണം നടക്കുന്ന തീരം ചെല്ലാനമാണെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. തെക്കേ ചെല്ലാനം മുതല്‍ വടക്ക് മാനാശ്ശേരി വരെ പതിനേഴര കിലോമീറ്ററാണ് ചെല്ലാനത്തിന്റെ കടല്‍ത്തീരം.
ഓരോ കാലവര്‍ഷവും കടന്നു പോകുമ്പോള്‍ ഇവരുടെ ദുരിതഭാണ്ഡത്തില് നഷ്ടക്കണക്കുകള്‍ പെരുകും. വീടും വഞ്ചിയും വലയും കടലെടുക്കും. പഞ്ഞമാസക്കാലത്ത് ട്രോളിങ് നിരോധനം വരുമ്പോള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ചെറുവള്ളവുമായി പോലും കടലില്‍ ഇറങ്ങാന്‍ കഴിയാതാവും-കടലാക്രമണത്തിന്റെ രൗദ്രത അത്രയ്ക്ക് തീവ്രം. നിത്യവൃത്തിക്ക് വകയില്ലാതെ ജീവിതം തള്ളി നീക്കുന്ന ഗ്രാമം.
‘ഉറങ്ങാത്ത ഗ്രാമം’
മഴക്കാലം വന്നാല്‍, പുത്തന്‍തോടു മുതല്‍ ബീച്ച് റോഡ് വരെയുള്ള ചെല്ലാനം തീരത്തെ ഗ്രാമവാസികള്‍ ഉറങ്ങാറില്ല. കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന കടലാക്രമണം ഉറക്കം കെടുത്തുകയാണ്. വീടുകളും മുറ്റവുമെല്ലാം കടല്‍വെള്ളം നിറഞ്ഞുകഴിഞ്ഞു. പ്രാഥമിക കൃത്യം പോലും നിര്‍വഹിക്കാന്‍ കഴിയാത്ത വിധത്തില്‍ സെപ്റ്റിക് ടാങ്കുകള്‍ നിറഞ്ഞു . കണ്ണമാലി സെന്റ് ആന്റണീസ് സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നെങ്കിലും എല്ലാവരേയും ഇവിടേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റവന്യു അധികൃതര്‍ തന്ന സമ്മതിക്കുന്നു.
ടെട്രോപോഡ് തന്നേ തീരൂ
സുനാമിയും ഓഖിയും ഗജയും ടൗട്ടയും ഉള്‍പ്പെടെയുള്ള ചുഴലിക്കാറ്റുകള്‍ ചെല്ലാനത്തിന് വന്‍ നാശനഷ്ടം വരുത്തി.ചെല്ലാനം തീരത്തിന്റെ ഒന്നര കിലോമീറ്റര്‍ ഭാഗമെങ്കിലും നഷ്ടമായി. ചെല്ലാനം തീരത്തിന്റെ ഒന്നര കിലോമീറ്റര്‍ ഭാഗമെങ്കിലും കടല്‍ വിഴുങ്ങിയതു നാലര പതിറ്റാണ്ടിനുള്ളിലാണ്. ഓരോ കാലവര്‍ഷത്തിലും വലിയ പ്രതിഷേധം ഉയരുമ്പോള്‍ മണല്‍ച്ചാക്കുകള്‍ നിറച്ച് കടലിനെ നേരിടാനുള്ള അശാസ്ത്രീയ രീതിയാണ് അവലംബിച്ചു വരുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷം മുന്‍പ് തെക്കേ ചെല്ലാനത്തു നിന്നു നിര്‍മാണമാരംഭിച്ച ടെട്രോപോഡ് കടല്‍ഭിത്തി നിര്‍മാണം പുത്തന്‍തോട് വരെ എത്തി നില്‍ക്കുകയാണ്.ഏഴര കിലോമീറ്റര്പ്രദേശത്ത് ടെട്രോപോഡ് ഉയര്‍ന്നതോടെ ഈ പ്രദേശങ്ങള്‍ കടലാക്രമണത്തിന്റെ കെടുതിയില്‍ നിന്നും രക്ഷപെട്ടു. പക്ഷേ, ഇതോടെ ചെല്ലാനം പഞ്ചായത്തിന്റെ തന്നെ ചെറിയ കടവു മുതല്‍ ബീച്ച് റോഡ് വരെയുള്ള ഭാഗങ്ങളില്‍ കടലാക്രമണം ശക്തമായി. കഴിഞ്ഞ ആറ് ദിനം മാത്രം അറുന്നൂറോളം വീടുകളിലാണ് വെള്ളം കയറിയത്.
സമാശ്വാസമാകാത്ത ആശ്വാസം
അധികാരികളുടെ ദയയ്ക്കായി കാത്തു നില്‍ക്കുകയാണ് ഇവിടുള്ള മത്സ്യത്തൊഴിലാളി സമൂഹം. പരമ്പരാഗത മത്സ്യെത്തൊഴിലാളികള്ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സമാശ്വാസ പദ്ധതി വിഹിതവും ലഭിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളിയായ ജോസഫ് പറഞ്ഞു. ഓരോ കാലവര്‍ഷത്തിലും റേഷന്‍ കടകള്‍ വഴി സൗജന്യ റേഷന്‍ വിതരണം നടത്തുമെന്ന് പ്രഖ്യാപിക്കുമെങ്കിലും ഇതെല്ലാം സര്‍ക്കാര്‍ രേഖയില്‍ മാത്രം. തൊഴിലാളികള്‍ക്ക് വേണ്ടവിധം ഇതു ലഭ്യമാകാറില്ല.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: