ജൂണിലെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ഐക്യരാഷ്ട്രസഭയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വമെന്ന സുദീര്‍ഘമായ ഭാരതത്തിന്റെ ആവശ്യം ആവര്‍ത്തിക്കുകയുണ്ടായി. ശേഷമാണ് 2028-29 കാലയളവിലേക്കുള്ള രക്ഷാസമിതിയുടെ താത്കാലിക അംഗത്വത്തിന് വേണ്ടിയുള്ള ഭാരതത്തിന്റെ സ്ഥാനാര്‍ത്ഥിത്വം വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പ്രഖ്യാപിച്ചത്. തുടര്‍ച്ചയെന്നോണം, ഭാരതത്തിന് സ്ഥിരാംഗത്വം നല്‍കണമെന്ന് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നു. അതിലൊന്നായിരുന്നു ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയുടേത്. എന്നാല്‍ ജൂണ്‍ 29ന് ചേര്‍ന്ന യുഎന്‍ ജനറല്‍ കൗണ്‍സില്‍ യോഗം രക്ഷാസമിതി പരിഷ്കരണമെന്ന അജണ്ട ചര്‍ച്ച ചെയ്യാതെ 25-ാം തവണയും മാറ്റിവെയ്ക്കുകയാണുണ്ടായത്. തുടര്‍ന്ന്, ഭാരതം ശക്തമായ ഭാഷയില്‍ ഇതിനെ വിമര്‍ശിച്ചു. നിലവിലെ 15 അംഗ രക്ഷാസമിതിയില്‍ ചൈന, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്, അമേരിക്ക എന്നീ അഞ്ച് സ്ഥിരാംഗങ്ങളും രണ്ട് വര്‍ഷ കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പത്ത് താത്കാലിക അംഗങ്ങളുമുണ്ട്. ഒരു സ്ഥിരാംഗത്തിന് ഏത് പ്രമേയത്തിന്മേലും വീറ്റോ പവര്‍ (നിഷേധാധികാരം) ഉണ്ട്. സുരക്ഷാസമിതിക്ക് ഇപ്പോള്‍ പ്രസക്തിയുണ്ടോ ഇല്ലയോയെന്നത് തര്‍ക്ക വിഷയമാണെങ്കിലും ലോകത്തെ ഏറ്റവും ഉയര്‍ന്ന അധികാര ഘടകത്തില്‍ അംഗമാവുകയെന്നത് ഏതൊരു രാജ്യത്തിനും ലഭിക്കുന്ന അംഗീകാരവും അതിനേക്കാളുപരി അഭിമാനവുമാണ്.
ഭാരതത്തിന്റെ യോഗ്യത
സ്ഥിരാംഗത്വത്തിന് ഏറ്റവും യോഗ്യതയുള്ള രാഷ്ട്രം ഭാരതമാണ്. ജനാധിപത്യത്തിന്റെ മാതാവും ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ജനാധിപത്യ രാഷ്ട്രമാണ് നമ്മുടേത്. ‘വസുധൈവ കുടുംബക’ സങ്കല്പത്തില് വിശ്വസിക്കുന്ന സമാധാന രാഷ്ട്രമെന്ന മികച്ച ആഗോള പ്രതിച്ഛായ നമുക്കുണ്ട്. ഇന്നും മൂന്നാം ലോക ദരിദ്ര രാജ്യങ്ങള്‍ക്കു വേണ്ടി മുഴങ്ങുന്ന ശബ്ദമാണ് നമ്മുടേത്.
ലോക ജനസംഖ്യയുടെ 18%, ലോക ജനസംഖ്യയില്‍ ഒന്നാം സ്ഥാനം, യുഎന്നിന്റെ സമാധാന പരിപാലന ദൗത്യത്തില്‍ സൈനിക അംഗങ്ങളെ സംഭാവന നല്കുന്ന പ്രധാനരാജ്യം, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥ, വിശ്വാസ്യതയുള്ള ആണവശക്തി, പ്രധാന ആഗോള പ്രതിസന്ധികളിലെല്ലാം മാനുഷിക സാമ്പത്തിക സഹായങ്ങള്‍ പ്രദാനം ചെയ്യുന്ന രാഷ്ട്രം, ലോകത്തിന്റെ ഔഷധശാല, തുടക്കകാലം മുതല്‍ ഐക്യരാഷ്ട്ര സഭയുടെ ഭാഗം, തുടങ്ങി രക്ഷാ സമിതിയില്‍ അംഗത്വത്തിന് ഐക്യരാഷ്ട്ര സഭ നിഷ്കര്‍ഷിച്ചിട്ടുള്ള എല്ലാ യോഗ്യതകളേക്കാളുപരി സവിശേഷിതകള്‍ ഭാരതത്തിനുണ്ട്. മാത്രമല്ല, ലോകരാജ്യങ്ങള്‍ക്കിടയില്‍ കുറച്ചു രാജ്യങ്ങളൊഴിച്ചാല്‍ മറ്റ് രാജ്യങ്ങള്‍ ഭാരതത്തിന് അംഗത്വം കൊടുക്കണമെന്ന് താല്പര്യപ്പെടുന്നു. ഇത് 2021ല്‍ ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിലേക്ക് താത്കാലിക അംഗത്വത്തിനായി നടന്ന തെരഞ്ഞെടുപ്പില്‍ അകെയുള്ള 193ല്‍ ഭാരതത്തിന് ലഭിച്ച 184വോട്ടില്‍ പ്രതിഫലിച്ചിരുന്നു.
നഷ്ടപ്പെടുത്തിയ അവസരങ്ങള്‍
സ്ഥിരാംഗത്വത്തിനു വേണ്ടി വര്‍ഷങ്ങളായി പരിശ്രമിക്കുമ്പോഴും ലഭിച്ച അവസരങ്ങള്‍ പാഴാക്കിയ ചരിത്രവും നമുക്കുണ്ട്. നെഹ്രുവിന്റെ കാലഘട്ടത്തില്‍ അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും വാഗ്ദാനങ്ങള്‍ നിരസിക്കപ്പെട്ടു. സോവിയറ്റ് വാഗ്ദാനത്തില്‍ എത്രത്തോളം ആത്മാര്‍ത്ഥതയുണ്ടെന്ന് അന്നത്തെ ലോക സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ സംശയം തോന്നാം. എന്നാല്‍ ചൈനീസ് വളര്‍ച്ചയെകുറിച്ചുള്ള ആശങ്കകളുടെ പശ്ചാത്തലത്തില്‍ ഏഷ്യയിലെ ഒരു ജനാധിപത്യ രാഷ്ട്രമെന്ന നിലയിലാണ് സുരക്ഷാസമിതിയില്‍ അംഗമാകുവാന്‍ ഭാരതത്തെ അമേരിക്ക ക്ഷണിച്ചത്. ഇത് സംബന്ധിച്ച് നെഹ്രുവിന്റെ സഹോദരിയും അമേരിക്കയില്‍ ഇന്ത്യയുടെ അംബാസിഡറുമായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റ് നെഹ്രുവിന് 1950 ഓഗസ്റ്റില്‍ എഴുതിയ കത്തില്‍ പറയുന്നത് ഇപ്രകാരമാണ്-
‘ചൈനയെ നീക്കം ചെയ്ത് പകരം ഇന്ത്യയെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള’ സാധ്യതകളെ സംബന്ധിച്ച് യു. എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റില്‍ നടക്കുന്ന ചര്‍ച്ചകളെകുറിച്ചു ഞാന്‍ അറിയുകയുണ്ടായി. മാത്രമല്ല ഇന്ത്യ ഇത് സ്വീകരിക്കണമെന്നും ഇന്ത്യയില്‍ ഇതിനായി പൊതുജന അഭിപ്രായം രൂപീകരിക്കണമെന്ന് എന്നോടാവശ്യപ്പെട്ട അമേരിക്കന്‍ പത്രപ്രവര്‍ത്തകരോട് ‘ഇന്ത്യയില്‍ ഇത് സ്വീകരിക്കപ്പെടില്ല’യെന്ന് ഞാന്‍ പറയുകയും ചെയ്തു. ഒരാഴ്ചയ്ക്ക് ശേഷം നെഹ്രു അയച്ച മറുപടി കത്തില്‍ ‘അമേരിക്കയുടെ ആഗ്രഹം കണക്കിലെടുക്കുന്നില്ലയെന്നും, ഇന്ത്യയുടെ പ്രവേശനം നടപ്പിലായാല്‍ അത് ചൈനയെ അവഹേളിക്കുന്നതിന് തുല്യവും ഇന്ത്യ-ചൈന ബന്ധം വഷളാകുന്നതിന് കാരണമാവുകയും, കൂടാതെ ഇതില്‍ പ്രതിഷേധിച്ചു സോവിയറ്റ് യൂണിയന് യുഎന്‍ വിട്ടു പുറത്തുപോവുകയും ലോകം യുദ്ധത്തിലേക്ക് നീങ്ങുമെന്നും അതിനാല്‍ ചൈനയുടെ കൗണ്‍സില്‍ പ്രവേശനത്തിനായാണ് നമ്മള് സമ്മര്‍ദ്ദം ചെലുത്തേണ്ടത്’ എന്നും രേഖപെടുത്തുന്നു.
സമാനമായ ശ്രമം 1955 ല്‍ സോവിയറ്റ് യൂണിയന് നടത്തിയിരുന്നതായി ചരിത്രകാരനും മുന്‍ ഉപരാഷ്ട്രപതി എസ്. രാധാകൃഷ്ണന്റെ പുത്രനുമായ സര്‍വെപള്ളി ഗോപാല്‍ 1979ല്‍ എഴുതിയ ‘നെഹ്രുവിന്റെ ജീവചരിത്രത്തില്‍’ രേഖപ്പെടുത്തുന്നുണ്ട്. ഇന്ത്യയെ ആറാമത്തെ അംഗമായി ഉള്‍പ്പെടുത്തുന്നതായിരുന്നു സോവിയറ്റ് പ്ലാന്‍. ജവഹര്‍ലാല്‍ നെഹ്രു സെലക്ടഡ് വര്‍ക്സ്’ വാല്യം 29-ല്‍ അന്നത്തെ സോവിയറ്റ് പ്രീമിയര്‍ നികോളായി ബുല്ഗാനിന് നെഹ്രുവിന് അയച്ച കത്ത് ലഭ്യമാണ്.
‘ഇന്ത്യയെ ആറാമത്തെ അംഗമായി നാമനിര്‍ദ്ദേശം ചെയ്യുവാന്‍ ഞങ്ങള്‍ താല്പര്യപ്പെടുന്നു’ വെന്നാണ് അദ്ദേഹം എഴുതിയത്. എന്നാല്‍ നെഹ്രുവിന്റെ മറുപടി വിചിത്രമായിരുന്നു. ഇത് ‘ഇന്ത്യ-ചൈന ബന്ധം വഷളാക്കുന്നതിനൊപ്പം ഇന്ത്യയെ വിവാദങ്ങള്‍ക്ക് നടുവിലാക്കുന്നതിനും, ഇത് യുഎന്‍ ചാര്‍ട്ടര്‍ തിരുത്തുന്നതിനും ഇടവരുത്തും. ആദ്യം പരിഹരിക്കേണ്ടത് ചൈനയുടെ അംഗത്വവിഷമായതിനാല്‍ പരിപൂര്‍ണമായി ഇതിനെ എതിര്‍ക്കുന്നു’വെന്ന് നെഹ്രു കത്തില്‍ അഭിപ്രായപ്പെട്ടു.
ഇതില്‍ മറ്റൊരു വശമുള്ളത് 1955 ആയപ്പോഴേക്കും സോവിയറ്റ് യൂണിയന് സ്വന്തം മണ്ണിലെയും ഡസന്‍ കണക്കിന് രാജ്യങ്ങളും പിടിച്ചെടുത്തു അവിടുത്തെ ജനങ്ങളെയെല്ലാം അടിമകളാക്കിയിരുന്നു. അതിനാല്‍ തന്നെ ജനാധിപത്യ രാജ്യമായ ഭാരതത്തെ രക്ഷാസമിതിയില്‍ ഉള്‍പ്പെടുത്തുവാന്‍ തയ്യാറാകുമോയെന്നത് സംശയമാണ്. വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് അറിയുവാനുള്ള തന്ത്രമായും വാഗ്ദാനത്തെ വിലയിരുത്താം. എന്ത് തന്നെയായിരുന്നാലും പ്രധാനമന്ത്രിയെന്ന നിലയില്‍ ഭാരതത്തിന്റെ താല്പര്യത്തിനല്ല നെഹ്രു പ്രാധാന്യം നല്‍കിയതെന്ന് രണ്ട് സന്ദര്‍ഭത്തില്‍ നിന്നും വ്യക്തമാണ്. ഇവിടെയാണ് നെഹ്രുവിയന്‍ വിദേശ നയം ‘ചൈനയെന്ത് വിചാരിക്കും എന്നതില്‍ കേന്ദ്രീകരിച്ചു നില്‍ക്കുന്നുവെന്ന’ അംബേദ്കറുടെ വിമര്‍ശനം ഓര്‍മ്മവരുന്നത്.
സാധ്യതകളും തടസ്സങ്ങളും
15 അംഗ കൗണ്‍സിലിലെ അഞ്ച് സ്ഥിരാംഗങ്ങളില്‍, അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങള്‍ ഭാരതത്തിന്റെ സ്ഥിരാംഗത്വത്തിന് പിന്തുണ നല്കുന്നു. വീറ്റോ അധികാരമുള്ളതും പിന്തുണയ്ക്കാത്തതുമായ ഒരേയൊരു രാജ്യം ചൈനയാണ്. പലപ്പോഴും ഭാരതവും ചൈനയും തമ്മിലുള്ള വിഷയങ്ങള്‍ ഐക്യരാഷ്ട്ര സഭയിലും പ്രതിഫലിക്കാറുണ്ട്. കശ്മീര്‍ വിഷയത്തിലും ഭീകരവാദികളെ സംബന്ധിച്ച വിഷയങ്ങളിലും ചൈന പാക് അനുകൂല നിലപാടാണ് സഭയില്‍ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ചൈനയുടെ പിന്തുണ ലഭിക്കുമെന്ന് കരുതാനാവില്ല. വുഹാനിലും മഹാബലിപുരത്തും നടന്ന മോദി-ഷി അനൗപചാരിക ചര്‍ച്ചകള്‍ പ്രതീക്ഷ നല്‍കിയെങ്കിലും ഗാല്‍വനിലും തവാങ്ങിലും നടന്ന സംഘര്‍ഷങ്ങള്‍ പ്രതീക്ഷകള്‍ ഇല്ലാതാക്കി. നിലവിലെ സ്ഥിരാംഗങ്ങളുടെ ആഭ്യന്തര വിഷയങ്ങളും സ്വാര്‍ത്ഥതാത്പര്യങ്ങളും കൗണ്‍സില്‍ വിപുലീകരിക്കുന്നതിന് തടസ്സമാകുന്നുണ്ട്. ഉക്രൈന് -റഷ്യ യുദ്ധത്തില്‍ സ്ഥിരാംഗങ്ങളെല്ലാം ഭിന്നിച്ചു നില്‍ക്കുന്നത് ഒരു ഉദാഹരണമാണ്. ഭാരതത്തെ കൂടാതെ ബ്രസീല്‍, ജപ്പാന്, ജര്‍മനി എന്നീ രാജ്യങ്ങളും സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം ആവശ്യപ്പെടുന്നുണ്ട്. ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, കരീബിയന്‍ രാജ്യങ്ങള്‍ക്കും പ്രാതിനിധ്യം ആവശ്യമാണ്.
അറ്റ്ലാന്റിക് കൗണ്‍സിലെന്ന സംഘടന അടുത്തിടെ നടത്തിയ സര്‍വ്വെയില്‍ യുഎന്‍ സുരക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങളുടെ എണ്ണം 2033-ല്‍ വര്‍ദ്ധിപ്പിച്ചാല്‍ ഏറ്റവും സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതം 26% വോട്ടോടെ ഒന്നാമതെത്തിയിരുന്നു. ജപ്പാനും (11%) ബ്രസീലു (9%) മാണ് പിന്നാലെയുള്ള മറ്റ് രാജ്യങ്ങള്‍. എന്നിരുന്നാലും, പ്രതികരിച്ചവരില്‍ 64% പേരും 2033 ഓടെ യുഎന്നിന്റെ ഏറ്റവും ശക്തമായ ബോഡിയിലേക്ക് പുതിയ സ്ഥിരം സീറ്റുകളൊന്നും ചേര്‍ക്കപ്പെടില്ലെന്നാണ് വിശ്വസിക്കുന്നത്. സമിതിയുടെ നിലവിലെ ഘടന ഇന്നത്തെ ഭൗമ-രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല. മാത്രമല്ല ഭാരതത്തെപോലുള്ള ശക്തികള്‍ക്ക് സ്ഥിരമായ സ്ഥാനം നല്‍കിയില്ലെങ്കില്‍ സമിതിയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടും. അതുകൊണ്ട് തന്നെ രക്ഷാസമിതി ഉടനടി വിപുലീകരിക്കുകയും ഭാരതത്തെ ഉള്‍പ്പെടുത്തുകയുമാണ് വേണ്ടത്.
(ദല്‍ഹി ജവഹര്‍ ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: