അങ്ങനെ 52 ദിവസത്തെ ട്രോളിങ് നിരോധനം ആരംഭിച്ചിട്ട് മാസം ഒന്നാകാറായി. വള്ളങ്ങള്‍ കടലില്‍ ഇറക്കാന്‍ ഇനിയും ദിവസങ്ങള്‍ കഴിയണം. കടലോരങ്ങളില്‍ പട്ടിണിയുടെയും രോഗങ്ങളുടെയും കാലമാണ്. ജൂണ്‍ ഒന്‍പതിന് ആരംഭിച്ച 52 ദിവസത്തെ ട്രോളിങ് നിരോധനത്തിനു പിന്നാലെ കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് മത്സബന്ധനത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ സാധിക്കാത്തതിനാല്‍ തീരദേശം പട്ടിണിയിലാണ്. മത്സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാരുകള്‍ നിരവധി ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, നടപ്പാക്കുന്നതില്‍ സംസ്ഥാനത്ത് ഗുരുതര വീഴ്ചയാണ് തുടരുന്നത്.
തീരത്തെ പട്ടിണി ഒഴിവാക്കാനായി വിതരണം ചെയ്യേണ്ട ആശ്വാസധനം, സൗജന്യ റേഷന്‍, അടിയന്തര ധനസഹായം എന്നിവയൊന്നും കൃത്യമായി നല്‍കാറില്ല. ഇതോടൊപ്പം കടല്‍ക്ഷോഭത്തിന്റെ ആശങ്കയിലുമാണ് തീരദേശം. തീരത്തെ സംരക്ഷിക്കാനായി കോടികള്‍ മുടക്കിയുള്ള പുലിമുട്ട് നിര്‍മാണത്തിലും കടല്‍ഭിത്തി നിര്‍മാണത്തിലും ഗുരുതര ക്രമക്കേടുകളാണ് ഉയരുന്നത്.
ആശാസ്ത്രീയമായ പുലിമുട്ട്, കടല്‍ഭിത്തി നിര്‍മാണങ്ങള്‍ തീരത്തെ സംരക്ഷിക്കുകയല്ല, നശിപ്പിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടുമാസം മുന്‍പ് തീരദേശ സദസുകള്‍ വിളിച്ചുകൂട്ടി വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും ഒന്നും നടപ്പായിട്ടില്ല. പഞ്ഞമാസക്കാലം വട്ടിപ്പലിശക്കാര്‍ക്ക് ചാകരയാണ്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും വ്യക്തികളും വന്‍ പലിശയ്ക്കാണ് പണം കടംകൊടുക്കുന്നത്. കുടുംബം പട്ടിണിയിലാകാതിരിക്കാന്‍ ഭൂരിഭാഗം പേരും ഇത്തരക്കാരെ സമീപിക്കുന്നു.
ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ പരമ്പരാഗത വള്ളങ്ങളില്‍ കടലില്‍ പോകാറുണ്ട്. ഇതിനായി പതിനായിരക്കണക്കിന് രൂപ മുടക്കി വള്ളങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുകയും വലകള്‍ വാങ്ങി സൂക്ഷിക്കുകയും ചെയ്തെങ്കിലും കാലാവസ്ഥ തിരിച്ചടിയായി. കടംവാങ്ങിയും സ്വര്‍ണാഭരണങ്ങള്‍ പണയംവച്ചുമാണ് ഈ തുക സംഘടിപ്പിക്കുന്നത്. മത്സ്യബന്ധനത്തിന് സാധിക്കാതായതോടെ കടക്കെണിയിലാണ് വള്ളം ഉടമകളായ തൊഴിലാളികള്‍. കാലാവസ്ഥ പ്രശ്നങ്ങള്‍ കാരണം ആഴ്ചകളായി കടലിലിറങ്ങാന്‍ സാധിക്കുന്നില്ല. ഇതോടെ മത്സ്യബന്ധനത്തിലും അനുബന്ധമേഖലയിലും തൊഴിലെടുക്കുന്ന കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശങ്ങളും എത്തിയതോടെയാണ് കടലില്‍ വള്ളം ഇറക്കാന്‍ സാധിക്കാത്തത്. കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടമാകുന്ന ക്ഷേമനിധി ബോര്‍ഡില്‍ അംഗമായ ഒരു തൊഴിലാളിക്ക് 200രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവ കൃത്യമായി ലഭിക്കാറില്ല.
ആശ്വാസമാകാതെ ധനസഹായം
ക്ഷേമനിധി ബോര്‍ഡില്‍ അംഗമായ ഒരു മത്സ്യത്തൊഴിലാളിക്ക് ട്രോളിങ് കാലയളവില്‍ പഞ്ഞമാസ ധനസഹായമായി സര്‍ക്കാര്‍ 1500രൂപ വീതം മൂന്നുമാസം 4500രൂപ ലഭിക്കും. ഇതിനായി മാസം 500രൂപവീതം 1500രൂപ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ഓരോ മത്സ്യത്തൊഴിലാളിയും ഫിഷറീസ് ഡിപ്പാര്‍ട്മെന്റില്‍ അടയ്ക്കണം. മത്സ്യത്തൊഴിലാളി വിഹിതത്തിനു പുറമെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ധനഹായമായി 1500രൂപ വീതം 3000രൂപയുമാണ് ലഭിക്കുന്നത്. 4500രൂപ മൂന്നു ഘട്ടങ്ങളിലായാണ് ലഭിക്കുന്നത്. കഴിഞ്ഞ ട്രോളിങ് നിരോധന കാലയളവിലെ 1500രൂപ ഇതുവരെ വിതരണം ചെയ്തിട്ടില്ല. കുടിശിക തുകയ്ക്കൊപ്പം ഈ വര്‍ഷത്തെ 4500രൂപയും സമയബന്ധിതമായി നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
റേഷനും മുടങ്ങി
സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി ഒരു മാസം ആകുമ്പോഴും മത്സ്യത്തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ റേഷന്‍ വിതരണം ചെയ്തു തുടങ്ങിയില്ല. മുഴുവന്‍ തൊഴിലാളികള്‍ക്കും 52 ദിവസത്തേക്ക് ഒരു കാര്‍ഡിന് 43 കിലോ വീതം സൗജന്യ റേഷന്‍ധാന്യം വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. ഇത് കൃത്യമായി കിട്ടാറില്ല. ഇതോടൊപ്പം ഗുണനിലവാരക്കുറവും തൊഴിലാളികള്‍ക്ക് തിരിച്ചടിയാകുന്നു.
ഇന്ധനസെസ് തിരികെ നല്‍കണം
മത്സ്യഫെഡിന്റെ പമ്പില്‍ നിന്ന് ഡീസല്‍ അടിക്കുമ്പോള്‍ ഈടാക്കുന്ന രണ്ടു ശതമാനം അധിക ഇന്ധനസെസ് മത്സ്യത്തൊഴിലാളികള്‍ക്ക് തിരികെ നല്‍കണമെന്ന ആവശ്യവും തൊഴിലാളികള്‍ മുന്നോട്ടു വയ്ക്കുന്നു. ഇതോടൊപ്പം മത്സ്യബന്ധന ഉപകരണങ്ങളുടെ സെസ് 12 ശതമാനത്തില്‍ നിന്ന് 5ശതമാനമാക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.
അശാസ്ത്രീയ തീരസംരക്ഷണം
തീരദേശം നേരിടുന്ന പ്രധാന പ്രശ്നം കടല്‍ക്ഷോഭമാണ്. ഇതു പൂര്‍ണമായും പരിഹരിക്കുന്നതില്‍ സംസ്ഥാനം ഭരിച്ച സര്‍ക്കാരുകള്‍ പൂര്‍ണ പരാജയമാണ്. തീരസംരക്ഷണം ഇതുവരെ പൂര്‍ണമായിട്ടില്ല. അശാസ്ത്രീയ പുലിമുട്ട്, കടല്‍ ഭിത്തി നിര്‍മാണങ്ങള്‍ തീരദേശത്തിന് തിരിച്ചടിയാണ്. തീരദേശത്തെ പ്രശ്നങ്ങള്‍ സംബന്ധിച്ച് കൃത്യമായ ശാസ്ത്രീയ പഠനം നടത്താന്‍ ആരും തയ്യാറായിട്ടില്ല. ചില റിപ്പോര്‍ട്ടുകള്‍ ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. ഇതോടൊപ്പം കരിമണല്‍ ഖനനവും തീരത്തിന് തിരിച്ചയാകുമെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.
തീരസംരക്ഷണം വെള്ളാന
സുനാമിക്ക് മുന്‍പും ശേഷവും വര്‍ഷാവര്‍ഷം കോടികളാണ് തീര സംരക്ഷണത്തിനായി ചെലവഴിക്കുന്നത്. ഇതില്‍ ഏറിയ പങ്കും പോകുന്നത് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും പോക്കറ്റിലേക്ക്. പുലിമുട്ടും കടല്‍ഭിത്തിയും നിര്‍മിച്ചാണ് സംരക്ഷണം ഒരുക്കേണ്ടത്. കരാറില്‍ നിര്‍ദേശിച്ചിരിക്കുന്നതുമായി ഒരു ബന്ധവുമില്ലാതെയാണ് കടല്‍ഭിത്തി നിര്‍മിക്കുന്നത്. കടലില്‍ ഇടുന്ന കല്ലിന്റെ അളവ് എടുക്കാന്‍ സാധിക്കില്ലാത്തതിനാല്‍ വന്‍ അഴിമതിയാണ് ഇതില്‍ നടക്കുന്നത്. വലിയകല്ല് ഉപയോഗിച്ച് കടല്‍ ഭിത്തി നിര്‍മിക്കണമെന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ല. ചെറിയകല്ലാണ് പലപ്പോഴും ഉയോഗിക്കുന്നത്. ഇത് ശക്തമായ തിരയില്‍ കടലിലേക്ക് ഒഴുകി മാറുന്നു.
കടല്‍ഭിത്തിക്ക് വീതി കുറവുള്ള ഭാഗങ്ങളില്‍ ശക്തമായ തിരകള്‍ കടല്‍ഭിത്തിക്ക് മുകളിലൂടെ കരയിലേക്ക് അടിക്കുന്നു. തിര പതിക്കുന്ന സ്ഥലത്തെ മണ്ണ് ഇടിഞ്ഞ് കടല്‍ ഭിത്തിക്കും തീരത്തിനും ഇടയില്‍ വിടവ് രൂപപ്പെടും. വെള്ളം ഒഴുകി മാറുന്നതിന് അനുസരിച്ച് മണ്ണ് ഇടിഞ്ഞ് കടല്‍ഭിത്തി താഴുന്നു. ഇത്തരത്തില്‍ പല സ്ഥലത്തും കടല്‍ഭിത്തിയും തീരവും തമ്മില്‍ വലിയ വിടവ് രൂപപ്പെട്ടിരിക്കുന്നു. പുലിമുട്ട് നിര്‍മാണത്തിലും നിരവധി അപാകതകളാണുള്ളത്. ദീര്‍ഘവീക്ഷണമില്ലായ്മ പ്രകടമാണ്. പുലിമുട്ടുകള്‍ ഒരുപോലെ വേണമെന്നാണ് നിര്‍ദേശം. എന്നാല്‍ കൃത്യമായ പഠനം നടത്താതെ പല അളവിലാണ് പുലിമുട്ടുകള്‍ നിര്‍മിച്ചിരിക്കുന്നത്.
വേലുക്കുട്ടി അരയന്റെ പഠനം അവഗണനയില്‍
സുനാമി ഉള്‍പ്പെടെയുള്ള കടല്‍ക്ഷോഭത്തെ നേരിടാന്‍ സാധിക്കുന്നതായിരുന്നു ഡോ: വി.വി. വേലുക്കുട്ടി അരയന്റെ ‘ലാന്‍ഡ് റെക്ലമേഷന്‍ സ്കീം’ വന്‍ ചെലവില്‍ സുരക്ഷിതമല്ലാത്ത കരിങ്കല്‍ ഭിത്തികള്‍ കടലില്‍ കെട്ടുന്നതിന് പകരം പ്രകൃതിയുമായി യോജിച്ച ഒരു സംവിധാനം കടപ്പുറത്ത് സ്ഥിരമായി ഉണ്ടാക്കുകയാണ് പദ്ധതി. കടല്‍ കുഴിച്ച് മണ്ണെടുത്ത് തീരത്ത് ബണ്ട് നിര്‍മിക്കണം. തിരക്കുഴിയില് നിന്ന് മണ്ണെടുക്കുമ്പോള്‍ കടലിന് ആഴം കൂടുന്നതുകൊണ്ട് തിര ശാന്തമാകുമെന്നും സൂര്യതാപം കൊണ്ട് അവിടത്തെ ജലം ചൂട് പിടിക്കുമെന്നതിനാല്‍ മത്സ്യത്താവളം ഉണ്ടാകാനും കാരണമാകുമെന്നും പ്രോജക്ടില്‍ പറയുന്നു. കടല്‍ത്തിരകളുടെ കടുത്ത ആക്രമണം വന്നാല്‍പോലും അതിനെ ചെറുക്കാന്‍ ‘ലാന്‍ഡ് റെക്ലമേഷന്‍ സ്കീം’ വഴി കഴിയുമെന്ന് വേലുക്കുട്ടി അരയന് സ്ഥാപിച്ചിരുന്നു. 1952ല്‍ അന്നത്തെ തിരു-കൊച്ചി സര്‍ക്കാറിന് ഉള്‍പ്പെടെ ഈ പദ്ധതി സമര്‍പ്പിച്ചിരുന്നു. സുനാമി ഉള്‍പ്പെടെ പ്രതിരോധിക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കിയ പദ്ധതി സര്‍ക്കാരുകള്‍ അവഗണിച്ചു.
എന്നാല്‍, അദ്ദേഹത്തിന്റെ ജന്മനാട്ടിലടക്കം പിന്നീട് സുനാമിത്തിരകള്‍ നിരവധി മനുഷ്യ ജീവനുകളെ അപായപ്പെടുത്തി. ആ സമയത്ത് സംസ്ഥാനത്ത് പ്രധാനമായും ഉയര്‍ന്നത് ഡോ: വേലുക്കുട്ടിയുടെ ‘ലാന്‍ഡ് റെക്ലമേഷന്‍ സ്കീം’ നടപ്പാക്കാന്‍ ഇനിയും വൈകരുതെന്നായിരുന്നു. പക്ഷേ, ഒന്നുമുണ്ടായില്ല. എന്നാല്‍ ഹോളണ്ടിലും മുംബൈയിലും അടക്കം അരയന്റെ സ്കീമിനോട് സാദൃശ്യമുള്ള റെക്ലമേഷന്‍ പദ്ധതി പിന്നീട് വന്‍വിജയമായി നടപ്പിലാക്കിയിട്ടുണ്ട്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: