ന്യൂദല്‍ഹി: അരിക്കൊമ്പനെ മയക്കുവെടി വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി നല്കിയ സംഘടനയില്‍ നിന്നും പിഴ ഈടാക്കില്ല.25000 രൂപ പിഴ ഈടാക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കോടതിയില്‍ അറിയിച്ചിരുന്നെങ്കിലും ഉത്തരവിന്റെ പകര്‍പ്പില്‍ പിഴ സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടില്ല. വാക്കിംഗ് ഐ ഫൗണ്ടേഷന് ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടന ആണ് ഹര്‍ജി നല്‍കിയത്.
ഹര്‍ജിക്കാര്‍ കോടതി നടപടികളെ ദുരുപയോഗം ചെയ്തുവെന്നാണ് കോടതി പറഞ്ഞത്. നിരന്തരമുള്ള അരിക്കൊമ്പന് ഹര്‍ജികളില്‍ കോടതി അതൃപതി പ്രകടിപ്പിച്ചു. എല്ലാ രണ്ടാഴ്ചയും അരിക്കൊമ്പന് വേണ്ടി പൊതുതാല്പര്യ ഹര്‍ജി വരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ 32 അനുച്ഛേദ പ്രകാരം ഫയല്‍ ചെയ്യുന്ന ഹര്‍ജികളില്‍ സുപ്രിം കോടതി സ്വീകരിക്കുന്ന സമീപനം സംഘടനയുടെ അഭിഭാഷകന് വിമര്‍ശിച്ചതാണ് പിഴയിടാന്‍ കാരണം. 25000 രൂപ പിഴ ഇട്ടത് പിന്‍വലിക്കണമെന്ന് അഭിഭാഷകന് ആവശ്യപ്പെട്ടുവെങ്കിലും കോടതി അനുവദിച്ചില്ല. ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനും സുപ്രിം കോടതി നിര്‍ദേശിച്ചു.
ഒന്നിലേറെ തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി നല്ല നിലയിലല്ലെന്നും ആനയ്ക്ക് പരിക്കുണ്ടെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. ഇപ്പോഴത്തെ സ്ഥലവുമായി അരിക്കൊമ്പന് യോജിച്ച് പോകാനാകുന്നില്ലെന്നും ഇനി മയക്കുവെടി വയ്ക്കരുതെന്ന് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: