മുംബയ്: ഇന്ത്യയുടെ മുന്‍ ആള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കറിനെ പുരുഷ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായി നിയമിച്ചത് വന്‍ പ്രതിഫലം വാഗ്ദാനം ചെയ്തെന്ന് സൂചന.
തുല്യ പ്രാതിനിധ്യത്തിനായി വ്യത്യസ്ത മേഖലകളില്‍ നിന്നുളള സെലക്ടര്‍മാരെ നിയമിക്കുന്ന രീതി ഇത്തവണ ഉണ്ടായില്ല. പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് സലില്‍ അങ്കോള ഉണ്ടായിരുന്നിട്ടും ഇതേ മേഖലയില്‍ നിന്നുളള അജിത് അഗാര്‍ക്കറെ മുഖ്യ സെലക്ടറായി നിശ്ചയിക്കുകയായിരുന്നു.
മുന്‍ താരങ്ങള്‍ സീനിയര്‍ സെലക്ഷന് കമ്മിറ്റിയുടെ ഭാഗമാകാന്‍ താല്‍പ്പര്യം കാണിക്കാത്തതിന് പിന്നിലെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് ബിസിസിഐ വാഗ്ദാനം ചെയ്യുന്ന പ്രതിഫലം ഈ രംഗത്തെ കുറഞ്ഞതാണ് എന്നതാണ്. ഇന്ത്യയുടെ സീനിയര്‍ പുരുഷ ടീം മുഖ്യ സെലക്ടര്‍ക്ക് പ്രതിവര്‍ഷം ഒരു കോടി രൂപയും മറ്റ് നാല് അംഗങ്ങള്‍ക്ക് 90 ലക്ഷം രൂപ വീതവും ലഭിക്കും.അഗാര്‍ക്കറിന് ഇതിലും ഏറെ കൂടിയ തുകയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
നാല് ലോകകപ്പുകളിലും 2007-ല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് നേടിയ ടീമില്‍ അംഗവുമായിരുന്ന അഗാര്‍ക്കര്‍. ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അസിസ്റ്റന്റ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അശോക് മല്‍ഹോത്ര, ജതിന് പരഞ്ജപെ, സുലക്ഷണ നായിക് എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതി ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് അഭിമുഖം നടത്തിയത് അഗാര്‍ക്കറെ മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന ശമ്പള പാക്കേജ് വാഗ്ദാനം ചെയ്ത് ബിസിസിഐ അദ്ദേഹത്തെ ബന്ധപ്പെടുകയായിരുന്നു.
വെള്ളിയാഴ്ച നടക്കുന്ന ബിസിസിഐയുടെ ഉന്നത സമിതി യോഗത്തില്‍ അഗാര്‍ക്കറുടെ പ്രതിഫലം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: