തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിനിടെയുണ്ടായ നിയമസഭാ കയ്യാങ്കളിക്കേസില്‍ കര്‍ശ്ശന ഉപാധികളോടെ തുടര്‍ അന്വേഷണം നടത്താന്‍ അനുമതി നല്കി. കുറ്റപത്രം പ്രതികള്‍ക്ക് വായിച്ച് കേള്‍പ്പിച്ച് വിചാരണ നടപടിയിലേക്ക് കടക്കാനിരിക്കെയാണ് വീണ്ടും അന്വേഷണമെന്ന ആവശ്യവുമായി പോലീസ് കോടതിയെ സമീപിക്കുന്നത്.
രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി അറിയിക്കണമെന്നും തിരുവനന്തപുരം സിജെഎം കോടതി പോലീസിനെ അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയടക്കം നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികളാണ്.
നിലവില്‍ കേസിലെ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ വിചാരണ ആരംഭിക്കാനുള്ള തിയതി അടുത്ത് തന്നെ നിശ്ചയിക്കാനിരിക്കേയാണ് പോലീസ് കോടതിയെ സമീപിച്ചത്. കേസിലെ പ്രതികള്‍ക്ക് ഒരു പരിധിവരെ സഹായകമാണ് ഈ നടപടി. അടുത്തിടെ കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇ.എസ്. ബിജിമോളും ഗീതാഗോപിയും പിന്‍വലിച്ചിരുന്നു. അതിനു പിന്നാലെ സര്‍ക്കാര്‍ തന്നെ തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ കോടതി ഇതിനോട് രൂക്ഷമായാണ് പ്രതികരിച്ചത്. തുടരന്വേഷണത്തില്‍ പുതുതായി എന്തെങ്കിലും കണ്ടെത്തിയാല്‍ മാത്രമല്ലേ അനബന്ധ കുറ്റപത്രത്തിന് പ്രസക്തിയുള്ളൂ എന്നായിരുന്നു കോടതിയുടെ വിമര്‍ശനം. ഇതോടെ സര്‍ക്കാര്‍ അഭിഭാഷകന് ഹര്‍ജിയില്‍ മാറ്റം വരുത്തി നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. നിയമസഭാ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതിയും തള്ളിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: