ന്യൂദല്‍ഹി: രണ്ടുമാസമായി വംശീയ സംഘര്‍ഷം തുടരുന്ന മണിപ്പൂരിലെ രണ്ടു ഗോത്ര വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇരുഭാഗത്തുമുണ്ടായി കനത്ത നാശങ്ങള്. സംഭവങ്ങളുടെ ഒരു വശം മാത്രം തുറന്നു കാണിച്ചും, മറുവശം മറച്ചു പിടിച്ചും, അവിടെ ന്യൂന പക്ഷങ്ങള്‍ക്കെതിരെ പീഡനം നടക്കുന്നതായാണ് മിക്കവാറുമുള്ള മാധ്യമങ്ങള്‍ ചിത്രീകരിച്ചു പോന്നത്.
90 ശതമാനവും മെയ്തേയ് വിഭാഗക്കാര്‍ താമസിക്കുന്ന ഇവിടെയുള്ള കുക്കി വംശജരുടെ വീടുകളും ആരാധനാലയങ്ങളും തകര്‍ത്തിരുന്നു. ഇതു മാത്രമാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ഇംഫാലിനോട് ചേര്‍ന്നുള്ള കാങ്പോക്പി ജില്ലയിലെ കോബ്രുലേയ്ക മേഖലയില്‍ ശിവക്ഷേത്രം തകര്‍ത്തതിന്റെ അടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. മണിപ്പൂരില്‍ ഒറ്റ ക്ഷേത്രങ്ങള്‍ പോലും തകര്‍ത്തിട്ടില്ലെന്നും കുക്കികള്‍ക്ക് നേരേ ഏകപക്ഷീയമായ ആക്രമണമാണെന്നും വ്യാജപ്രചാരണം നടത്തുന്നവരുടെ കള്ളങ്ങള്‍ ഇതോടെ പൊളിഞ്ഞു.
മെയ്തേയികള്‍ക്ക് നേരെ കുക്കികള്‍ നടത്തിയ അക്രമങ്ങള്‍ മറച്ചുപിടിക്കാനുള്ള സംഘടിത ശ്രമങ്ങളാണ് മണിപ്പൂരിലും കേരളത്തിലും നടക്കുന്നത്. കുക്കികള്‍ റോഡ് തടയുകയും സൈനിക നീക്കം അടക്കം പ്രതിരോധിക്കുകയും ചെയ്യുന്ന കാങ്പോക്പി ജില്ലയിലെ കോബ്രുലേയ്ക മേഖലയിലേക്ക് ഇംഫാലില്‍ നിന്ന് ഏറെ പണിപ്പെട്ട് എത്തി ‘ജന്മഭൂമി’ക്കായി ചിത്രീകരിച്ചതാണ് ദൃശ്യങ്ങള്‍. ക്ഷേത്രം പൂര്‍ണമായും ഇടിച്ചു നിരത്തി.
ശിവലിംഗം അടക്കം നശിപ്പിച്ചു. ചുരാചന്ദ്പൂരിലെ സനാമയി ക്ഷേത്രവും മോറയിലെ പുണ്ടോമാങ്ബി ക്ഷേത്രവും പൂര്‍ണമായും തകര്‍ത്ത നിലയിലാണ്. സേനാപതി ജില്ലയിലെ കാബൂര്‍ലിക ക്ഷേത്രം കുക്കികള്‍ ജെസിബി ഉപയോഗിച്ച് പൂര്‍ണമായും പൊളിച്ചു നീക്കി. 17 ക്ഷേത്രങ്ങളാണ് തകര്‍ത്തത്.
കുക്കി സ്വാധീന മേഖലയായ ചുരാചന്ദ്പൂരിലെ ക്രൂര അക്രമങ്ങളുടെ ചിത്രങ്ങളും പുറത്തുവന്നു. ഇവിടത്തെ മെയ്തേയ് ഗ്രാമങ്ങളെല്ലാം പൂര്‍ണമായി നശിപ്പിച്ചു. ഇവിടെ ഖുമുജാംബ, ലേയ്കൈ പ്രദേശത്തെ മെയ്തേയ് വിഭാഗക്കാരുടെ വീടുകള്‍ മുഴുവന്‍ തീയിട്ടു നശിപ്പിച്ചു. ബിഷ്ണുപൂരില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ ഏറെ ദാരുണമാണ്. അമ്പതോളം പശുക്കളെ നിരത്തി നിര്‍ത്തി വെടിവച്ചു കൊല്ലുന്ന കുക്കികളുടെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഖൊയ്രേന്‍തക് എന്ന സ്ഥലത്താണ് സംഭവം.
റൈഫിളുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ചാണ് പശുക്കളെ കൊല്ലുന്നത്. രണ്ടു ദിവസം മുമ്പ് മെയ്തേയ് ഗ്രാമം കുക്കികള്‍ ആക്രമിച്ചതും ബിഷ്ണുപൂര്‍ ജില്ലയിലാണ്. ഖൊയ്ജുമന്‍തബിയില്‍ മൈതേയ് ഗ്രാമത്തിന് കാവല്‍ നിന്ന മൂന്നുപേരെ സായുധ അക്രമിസംഘം വെടിവച്ചു കൊന്നു. നിന്‍ഗോമ്പം ഇബോംച, നോരെം രാജ്കുമാര്, ഹോബാം ഇബോച എന്നിവരാണ് കൊല്ലപ്പെട്ടത്.
മെയ് മൂന്നിന് ചുരാചന്ദ്പൂരില്‍ മെയ്തേയ് വംശജരുടെ എട്ടു കോളനികള്‍ക്ക് നേരെ കുക്കികള്‍ നടത്തിയ ആക്രമണങ്ങളോടെ ആരംഭിച്ചതാണ് മണിപ്പൂര്‍ കലാപം. എന്നാല്‍ കുക്കികള്‍ക്കെതിരായ ഏകപക്ഷീയ കലാപമാണെന്ന് ചിത്രീകരിക്കാനാണ് കേരളത്തിലെ ചില മതസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നത്. മെയ് നാല് മുതല്‍ ഇംഫാലില്‍ മെയ്തേയ് വിഭാഗക്കാര്‍ നടത്തിയ തിരിച്ചടി മാത്രമാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്.
ഇംഫാലിന് ചുറ്റുമുള്ള മലമുകളിലെ ജില്ലകളിലെ മൈതേയ് ഗ്രാമങ്ങള്‍ മുഴുവനും കുക്കി വംശജര്‍ നശിപ്പിച്ചു. മരണസംഖ്യ ഇതുവരെ തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. മെയ്തേയ് സ്വാധീന പ്രദേശമായ ഇംഫാലില്‍ മാത്രം നാല്‍പ്പതോളം മെയ്തേയികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കുക്കി സ്വാധീന ജില്ലകളിലെ മെയ്തേയികളുടെ അവസ്ഥയെപ്പറ്റി ഇപ്പോഴും വലിയ വ്യക്തതയില്ല. മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവച്ച് കുക്കികളും മതസംഘടനകളും രാഷ്ട്രീയം കളിക്കുന്നത് സംസ്ഥാനത്തെ സ്ഥിതിഗതി കൂടുതല്‍ വഷളാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: