ന്യൂദല്‍ഹി: സാഫ് കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദന പ്രവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, അനുരാഗ് സിങ് താക്കൂര്‍, സച്ചിന് ടെന്‍ഡുല്‍ക്കര്‍, ശിഖര്‍ ധവാന്, ബിസിസിഐ സെക്രട്ടറി ജയ് ഷാ, ഹര്ഭജന് സിങ് തുടങ്ങി നിരവധി പേരാണ് ഇന്ത്യന്‍ ടീമിന് അഭിനന്ദവുമായി എത്തിയത്.
കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ കുവൈറ്റിനെ സഡന്‍ ഡെത്തില്‍ 5-4ന് കീഴടക്കിയാണ് ഇന്ത്യ സാഫ് കപ്പില്‍ മുത്തമിട്ടത്. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ഒന്‍പതാം കിരീടമാണിത്. ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ മിന്നുന്ന പ്രകടനമാണ് ടീം ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്.
സഡന്‍ ഡെത്തില്‍ ഇന്ത്യക്കു വേണ്ടി ആദ്യ കിക്കെടുത്തത് മഹേഷ് സിങ് നവോറമാണ്. കുവൈറ്റ് ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ പന്ത് വലയില്‍ കയറി. കുവൈത്തിനായി ക്യാപ്റ്റന്‍ ഖാലിദ് ഇബ്രാഹിമെടുത്ത ഷോട്ട് ഗുര്‍പ്രീത് തടുത്തിട്ടതോടെ കിരീടം ഇന്ത്യക്ക് സ്വന്തമാവുകയായിരുന്നു.
ഈ വര്‍ഷം ഇന്ത്യ സ്വന്തമാക്കുന്ന മൂന്നാമത്തെ പ്രധാന ഫുട്ബോള്‍ ട്രോഫിയാണിത്. മാര്‍ച്ചില്‍ ത്രിരാഷ്ട്ര ടൂര്‍ണമെന്റ് കിരീടവും ജൂണില്‍ ഇന്റര്‍ കോണ്ടിനന്റല് കപ്പും ഇന്ത്യ സ്വന്തമാക്കിയിരുന്നു. 6 ഗോളുകളുമായി ടോപ് സ്കോറര്‍ പട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി മികച്ച ടൂര്‍ണമെന്റിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു. ഈ കിരീടനേട്ടം വരാനിരിക്കുന്ന ഏഷ്യന്‍ കപ്പ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യക്ക് ആത്മവിശ്വാസം പകരുമെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: