ന്യൂദല്‍ഹി: അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് പിഎച്ച്ഡി നിര്‍ബന്ധമായും വേണമെന്ന തീരുമാനം മാറ്റി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്.
നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്), സ്റ്റേറ്റ് ലെവല്‍ എലിജിബിലിറ്റി ടെസ്റ്റ് (എസ്എല്‍ഇടി) എന്നിവയാണ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന് ഏറ്റവും കുറഞ്ഞ മാനദണ്ഡം. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണെന്ന് യുജിസി ചെയര്മാന് എം ജഗദേഷ് കുമാര്‍ പറഞ്ഞു.
2018-ല്‍ എന്‍ട്രി ലെവല്‍ തസ്തികകളിലെ റിക്രൂട്ട്മെന്റിന്റെ മാനദണ്ഡം നിശ്ചയിക്കുന്നതിന് മുന്നോടിയായി യുജിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിഎച്ച്ഡി പൂര്‍ത്തിയാക്കാന്‍ മൂന്ന് വര്‍ഷത്തെ സമയം നല്കി. അതിനാല്‍ 2021-22 അക്കാദമിക് വര്‍ഷം മുതല്‍ ഈ മാനദണ്ഡം പ്രാബല്യത്തില്‍ വരുത്താന്‍ എല്ലാ സര്‍വ്വകലാശാലകളോടും കോളേജുകളോടും ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ സര്‍വകലാശാലകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനായി പിഎച്ച്ഡി യോഗ്യത വേണമെന്നുളള മാനദണ്ഡം നടപ്പാക്കുന്നത് യു ജി സി 2021ല്‍ നിന്നും 2023 ജൂലൈയിലേക്ക് നീട്ടി.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദീര്‍ഘകാലം അടച്ചിട്ടതിനാല്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥികളുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.സര്‍വ്വകലാശാലകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്ക് ഗവേഷണ ബിരുദം നിര്‍ബന്ധമാക്കുന്നത് നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ആവശ്യമില്ല എന്ന് 2021-ല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് പറഞ്ഞിരുന്നു.
‘അസിസ്റ്റന്റ് പ്രൊഫസറാകാന്‍ പിഎച്ച്ഡി ആവശ്യമില്ലെന്ന് ഞങ്ങള്‍ കരുതുന്നു. നല്ല കഴിവുകള്‍ ഉളളവരെ അധ്യാപനത്തിലേക്ക് ആകര്‍ഷിക്കണമെങ്കില്‍ ഈ നിബന്ധന വേണ്ടതില്ല. എന്നാല്‍ അസോസിയേറ്റ് പ്രൊഫസര്‍മാരുടെയും പ്രൊഫസര്‍മാരുടെയും തലത്തില്‍ പി എച്ച് ഡി ആവശ്യമാണ്- ധര്‍മ്മേന്ദ്ര പ്രധാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: