തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതോടെ നദികളിലേയും ജലനിരപ്പ് ഉയരുകയാണ്. കാറ്റ് ശക്തമായതോടെ മലയോര മേഖലകളില്‍ മിന്നല്‍ ചുഴലിക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ശക്തമായ മഴയില്‍ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം നിലവില്‍ വെള്ളത്തിലാണ്. ഇടുക്കിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെറു അണക്കെട്ടുകളിലെ ഷട്ടര്‍ ഉയര്‍ത്തി അതില്‍ നിന്നും വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയതോടെ മിക്ക നദികളിലും ജലനിരപ്പ് ഉയര്‍ന്ന് കരകവിഞ്ഞൊഴുകുകയാണ്.
തിരുവനന്തപുരത്ത് റോഡിലെ വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രികന് കള്ളിക്കാട് സ്വദേശി രാമചന്ദ്രന് നായര്‍ക്കാണ് കാലിന് പരിക്കേട്ടു. തൃശൂരില്‍ മിന്നല്‍ ചുഴലിയെ തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് മിന്നല്ചുഴലിയുണ്ടായത്. കുതിരാനില്‍ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞ് താഴ്ന്നു. അട്ടപ്പാടി ചുരത്തിലെ വനമേഖലയില്‍ വൈദ്യുതി ലൈനിലേക്ക് മരം വീണ് വൈദ്യുതി വിതരണം തടസപ്പെട്ടെങ്കിലും പിന്നീടത് പുനസ്ഥാപിച്ചു. അട്ടപ്പാടി ഷോളയൂരില്‍ കോട്ടമല ഊരിലെ അങ്കണവാടിയുടെ ചുറ്റുമതില്‍ തകര്‍ന്നു.
അപ്പര്‍ കുട്ടനാട് അടക്കമുള്ളിടങ്ങളില്‍ നൂറു കണക്കിന് വീടുകളില്‍ വെള്ളം കയറി. അലപ്പുഴയില്‍ ശക്തമായ കാറ്റിലും മഴയിലും മൂന്ന് വീടുകള്‍ തകര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് തിരുവല്ല നിരണം പനച്ചിമൂട് സിഎസ്ഐ പള്ളി തകര്‍ന്നുവീണു. ആളപായമില്ല. ബുധനാഴ്ച രാവിലെ ആറരയോടെയാണ് പള്ളി തകര്‍ന്ന വീണത്. അര നൂറ്റാണ്ടിലധികം പഴക്കമുള്ള പള്ളിയായിരുന്നു അത്.
മലപ്പുറം കൊണ്ടോട്ടി എടവണ്ണപാറ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു. അടുത്തിടെ നവീകരിച്ച റോഡാണ് തകര്‍ന്നത്. മലപ്പുറം പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. രണ്ട് ഇരു ചക്ര വാഹനത്തിനും, പിക്കപ്പ് ലോറിക്കും മുകളിലേക്കാണ് മണ്ണ് പതിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ മതില് ഇടിഞ്ഞുവീണു. മുപ്പത് മീറ്ററോളം ദൂരത്തില്‍ ആണ് മതില് ഇടിഞ്ഞത്. കോതമംഗലം – കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളന്തണ്ണി- കൊച്ചു കണാച്ചേരി റോഡിന് കുറുകെ കൂറ്റന്‍ മരം കടപുഴകി വീണു. ഇടുക്കി ശാന്തന്‍പാറയില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. വന്മരങ്ങള് കടപുഴകി വീണ് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. അതേസമയം ആലപ്പുഴ തോട്ടപ്പള്ളി പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട്ട് ഇരുവഴിഞ്ഞിപ്പുഴയില്‍ ഇന്നലെ കാണാതായ ആള്‍ക്കായി തെരച്ചില്‍ തുടരുന്നു. മിക്ക ജില്ലകളിലും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു. ബുധനും വ്യാഴവും ശക്തമായ മഴ തുടരും. വ്യാഴാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: